കയറ്റുമതിയില്‍ ഇന്ത്യന്‍ തേയില കരുത്തുകാട്ടുന്നു

കെനിയ: കെനിയയിലെ വരള്‍ച്ചയെ തുടര്‍ന്ന് ഇന്ത്യന്‍ തെയിലകള്‍ക്ക് കയറ്റുമതി സാധ്യത വര്‍ദ്ധിച്ചു. ആഗോള തേയില ഉല്‍പാദനത്തില്‍ ചൈനയാണ് ഒന്നാമതെങ്കിലും അവരുടെ പക്കല്‍ കയറ്റുമതി ചെയ്യാന്‍ ആവശ്യമായ ചരക്കില്ലാത്തതും ഇന്ത്യന്‍ തെയിലകള്‍ക്ക് സഹായകമായി. ഇന്ത്യയുടെ ഉല്‍പാദനത്തില്‍ 80% വിദേശ വിപണിയിലേക്കാണ്. കെനിയയുടെ കയറ്റുമതി 90 ശതമാനവും ശ്രീലങ്കയുടേത് 95 ശതമാനവും.
ഈ സാഹചര്യം നിലനില്‍ക്കുന്നതോടെ ഇന്ത്യന്‍ തെയില കര്‍ഷകര്‍ക്ക് മികച്ച നേട്ടം കൈവരുമെന്നാണ് അറിയുന്നത്. കെനിയ സ്വന്തം തേയിലയുമായി ബ്ലെന്‍ഡ് ചെയ്ത് കയറ്റുമതി ചെയ്യാന്‍ ആശ്രയിക്കുന്നതും ദക്ഷിണേന്ത്യന്‍ തേയിലയെത്തന്നെ. ഇതുമൂലം കിലോഗ്രാമിന് 6080 രൂപ നിലവാരത്തില്‍ പൊടിത്തേയിലയുടെ വിപണി സ്ഥിരത നേടിയിട്ടുണ്ട്. കൊച്ചി ലേല കേന്ദ്രത്തിലേക്കു തേയിലയുടെ വരവു കൂടി. നേരത്തെ പ്രതിവാരം 10 ലക്ഷം കിലോഗ്രാം പൊടിത്തേയില എത്തിയത് 13 ലക്ഷം കിലോഗ്രാമിലേക്ക് ഉയര്‍ന്നു. വര്‍ധിച്ച കയറ്റുമതി ആവശ്യം വിപണിക്ക് ആവേശം പകരുന്നു.ഇന്ത്യയുടെ മൊത്തം കയറ്റുമതി കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞിരിക്കുകയാണ്. യൂറോപ്പിലെ സാമ്പത്തിക പ്രതിസന്ധി ഓര്‍ത്തഡോക്‌സ് തേയിലയുടെ വിപണിയെ പ്രതികൂലമായി ബാധിച്ചു. ആഭ്യന്തര ആവശ്യം വര്‍ധിച്ചതിനാല്‍ വിലയും കൂടി. ഉല്‍പാദനച്ചെലവും കുതിച്ചുയര്‍ന്നു. ഇതിനിടയ്ക്കു കയറ്റുമതി ആനുകൂല്യം അഞ്ചു ശതമാനത്തില്‍ നിന്നു മൂന്നു ശതമാനമായി കുറച്ചതും ദോഷം ചെയ്തു.
ഇന്ത്യന്‍ തേയിലയുടെ കയറ്റുമതി 2014 ഏപ്രില്‍ – 2015 ഫെബ്രുവരി കാലയളവില്‍ 18.05 കോടി കിലോഗ്രാമാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2.57 കോടി കിലോഗ്രാമിന്റെ കുറവ്. റഷ്യയും ഗള്‍ഫ് രാജ്യങ്ങളുമാണ് ഇന്ത്യയില്‍ നിന്നു പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്. റൂബിളിന്റെ വിനിമയമൂല്യം കുറഞ്ഞതുകൊണ്ട് റഷ്യ കുറഞ്ഞ വില ആവശ്യപ്പെടുന്നു. കഴിഞ്ഞ വര്‍ഷത്തെ അവരുടെ ഇറക്കുമതിയില്‍ 3.47 കോടി കിലോഗ്രാമിന്റെ കുറവുണ്ട്. വില കിലോഗ്രാമിന് 173 രൂപയില്‍ നിന്ന് 150 രൂപയിലേക്കു താഴ്ന്നു.
ഇക്കുറി മഴ കുറവായിരിക്കുമെന്ന പ്രവചനം ഇന്ത്യയ്ക്കു ഭീഷണിയാണ്. പ്രത്യേകിച്ചും ഉത്തരേന്ത്യന്‍ തോട്ടങ്ങളെ ഇതു പ്രതികൂലമായി ബാധിക്കും. മേല്‍ത്തരം ഓര്‍ത്തഡോക്‌സ് സിടിസി തേയിലയുടെ ഉല്‍പാദനവും കയറ്റുമതിയും ഉത്തരേന്ത്യയില്‍ നിന്നാണുതാനും. ‘ഗ്രീന്‍ ടീയുടെ ഉല്‍പാദകരും ഉപഭോക്താക്കളുമായ ചൈനയിലേക്കു ‘ബ്ലാക്ക് ടീയുമായി കടന്നുകയറിയും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ വിപണി കണ്ടെത്തിയും കയറ്റുമതി വര്‍ധിപ്പിക്കാനാണു ടീ ബോര്‍ഡിന്റെ  പദ്ധതി.

You must be logged in to post a comment Login