കയ്യേറ്റത്തോട് കാര്‍ക്കശ്യം ജനങ്ങളോട് കരുതല്‍ നിലപാടുകളില്‍ കരുത്ത്, ശ്രീറാം വെങ്കിട്ടരാമന്‍ IAS

  • ജാക്‌സണ്‍ തോട്ടുങ്കല്‍

30

സമീപകാലത്ത് കേരളം ഏറെ ചര്‍ച്ച ചെയ്ത സാമൂഹ്യവിഷയത്തിന്റെ കേന്ദ്രസ്ഥാനമാണ് ദേവികുളം സബ്കളക്ടര്‍ ഡോ. ശ്രീറാം വെങ്കിട്ടരാമന്‍. സാധാരണക്കാര്‍ക്കൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഏതാനും ചില ഐ.എ.എസുകാരില്‍ ഒരാള്‍. സ്വന്തം ഉത്തരവാദിത്വങ്ങളെ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ചെറുപ്പക്കാരന്‍. കയ്യേറ്റക്കാര്‍ക്കെതിരേ ഇദ്ദേഹം സ്വീകരിച്ച ധീരമായ നടപടിയെ പിന്തുണച്ച് സോഷ്യല്‍ മീഡിയയിലടക്കം പൊതുസമൂഹത്തിന്റെ വമ്പിച്ച പിന്തുണയാണുണ്ടായത്. നിയമത്തിന്റെയും നീതിയുടെയും പക്ഷത്ത് കാലിടറാതെ നില്‍ക്കുന്നതിന്റെ സാമൂഹ്യഅംഗീകാരമായിരുന്നു അത്. ഏതൊരു രാഷട്രീയ കൊടുങ്കാറ്റിലും ഇളകാത്ത മനോബലം. ഐ എ എസ് അക്കാഡമിയില്‍ നിന്ന് രാജ്യസുരക്ഷയും പൗരബോധവും ഒരു കളക്ടറില്‍ നിഷിപ്തമായ ചുമതലകളും പഠിച്ചത് ദേവികുളം വിഷയത്തില്‍ നടപ്പാക്കി അത്ര മാത്രം. വിവാദങ്ങളും സര്‍ക്കാര്‍തലത്തില്‍നിന്നും ചില വിമര്‍ശനങ്ങളും ഉണ്ടാകുമ്പോഴും സ്വന്തം ശരിയില്‍ ഉറച്ചുനിന്ന് ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്ന ഇദ്ദേഹത്തെ മറ്റൊന്നും ഉലയ്ക്കുന്നില്ല.

രാഷ്ട്രീയക്കാരുടെ ഇടപെടല്‍ മനംമടുപ്പിച്ചോ…

രാഷ്ട്രീയക്കാര്‍ പറയുന്ന പോലെ യുവത്വത്തിന്റെ ചോര തിളപ്പല്ല ദേവികുളം ആര്‍ ഡി ഒ യുടെ പ്രവര്‍ത്തനം. അത് തറപ്പിച്ചു പറയുന്നു അദ്ദേഹം. ഞാന്‍ എന്റെ ജോലി ചെയ്യുന്നു. അത് സത്യസന്ധമാകണം എന്നതില്‍ എനിക്ക് നിര്‍ബന്ധം ഉണ്ട്. പ്രതികരിക്കാനും പ്രതിഷേധിക്കാനും അവരവര്‍ക്ക് അവകാശമുണ്ട്. അത് അവര്‍ ചെയ്യുന്നു.

ഞാന്‍ എന്റെ ശരി നടപ്പാക്കാന്‍ ശ്രമിക്കുന്നു അത്ര മാത്രം. ആ വിഷയത്തില്‍ മുഖം നോക്കാതെ നടപടിഎടുക്കാന്‍ തനിക്കധികാരമുണ്ടെന്നാണ് ശ്രീറാം വെങ്കിട്ടരാമന്റെ പക്ഷം. പൊതുമുതല്‍ ആര് നശിപ്പിക്കാനോ കവര്‍ന്നെടുക്കാനോ ശ്രമിച്ചാല്‍ അതിനെ ചോദ്യം ചെയ്യാനുള്ള ഇച്ഛാശക്തി ഈ യുവ ഐ.എ. എസുകാരനുണ്ടെന്നതാണ് ഇദ്ദേഹത്തെ വേറിട്ട് നിര്‍ത്തുന്നത്. കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കേണ്ട പെട്ടെന്നുള്ള സാഹചര്യത്തില്‍ രാഷട്രീയ നേതൃത്വമായി കൂടിയാലോചിക്കുക എന്നത് പലപ്പോഴും സാധ്യമായി എന്നു വരില്ല.എന്നാല്‍ സര്‍ക്കാരിനെതിരെ താന്‍ ഒന്നും ചെയ്യാറില്ല. പിന്നെ തല്‍പ്പരകക്ഷികളായ ചില പ്രാദേശിക നേതൃത്വങ്ങള്‍ തനിക്കെതിരെ പടയ്‌ക്കൊരുങ്ങുന്നതില്‍ പ്രതികരിക്കുന്നില്ലെന്നാണ് ശ്രീറാമിന്റ പക്ഷം.

ദേവികുളത്ത് സംഭവിച്ചതെന്ത്…

സര്‍ക്കാര്‍ നയങ്ങള്‍ നിയമാനുസൃതമായി നടപ്പാക്കുകയും പൊതുമുതല്‍ സംരക്ഷിക്കുകയും ചെയ്യുക എന്നത് തന്റെ ഉത്തരവാദിത്വമായാണ് ഈ യുവ ഐഎഎസ് കാരന്‍ കരുതുന്നത്. പക്ഷെ ദേവികുളം മേഖലയിലെ കയ്യേറ്റങ്ങള്‍ പലതും അന്തിയുറങ്ങാന്‍ ഇടമില്ലാത്തവരുടെ കുടില്‍ കെട്ടാന്‍ വേണ്ടി രണ്ട് സെന്റ് കൈയേറിയവരല്ല, മറിച്ച് വന്‍ ഭൂമാഫിയയുടെ പിണിയാള•ാരായെത്തി സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്താന്‍ അച്ചാരം വാങ്ങിയ ചിലരാണെന്ന് റവന്യൂ വകുപ്പിന് വിവരം ലഭിച്ചിരുന്നു. വന്‍കിട കയ്യേറ്റങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന മാഫിയാക്കാരെയാണ് എതിര്‍ത്തത്. അത്തരക്കാര്‍ക്കെതിരെയാണ് നടപടി ശുപാര്‍ശ ചെയ്തതും. അതില്‍ ആരെങ്കിലും എതിര്‍പ്പുമായെത്തിയാല്‍ ഞാന്‍ എന്റെ കടമയില്‍ ഉറച്ചു നില്‍ക്കുക തന്നെ ചെയ്യുമെന്ന് ശ്രീറാം പറയുന്നു.

നാലു പോലീസും നാല്‍പ്പതു പേരും

അടുത്തിടെ ദേവികുളത്തുണ്ടായ സംഭവ വികാസങ്ങളില്‍ റവന്യൂ വകുപ്പിലെ പ്രത്യേകിച്ച് താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാരുടെ ആസൂത്രണമില്ലായ്മയാണെന്നാണ് സര്‍ക്കാരില്‍ പോലീസ് നല്‍കിയ റിപ്പോര്‍ട്ട്. സാധാരണ ഇത്തരം ഒഴിപ്പിക്കല്‍ നടപടിക്ക് മുതിരുമ്പോള്‍ സമീപത്തെ പോലീസ് അധികാരികളുമായി ചര്‍ച്ച ചെയ്യുന്നത് പതിവാണ്. ഇവിടെ അതുണ്ടായില്ല. ദേവികുളം സ്റ്റേഷനില്‍ മുപ്പതോളം പോലീസുകാരാണുള്ളത്. സംഭവദിവസം വിവിധ ജോലിക്ക് പോയവരൊഴിച്ചാല്‍ വെറും നാലു പേര്‍ മാത്രമാണുണ്ടായിരുന്നത്. ജനക്കൂട്ടത്തെ നേരിടാന്‍ ഈറ്റക്കമ്പുകള്‍ ഏന്തിയ നാലു പേര്‍ മാത്രമായ പോലീസ്‌സേന. അതുകൊണ്ടുതന്നെ സമരക്കാരെ നേരിടാന്‍ നന്നേ പാടുപെടേണ്ടി വന്നു.
എന്നാലും സര്‍ക്കാര്‍ തന്നെ ഏല്പിച്ച ജോലി പൊതുജനസമക്ഷം നടപ്പാക്കാന്‍ കഴിഞ്ഞതായി ശ്രീറാം വിലയിരുത്തുന്നു’.

കുടുംബവും പഠനവും

കൊച്ചിയില്‍ പ്രശസ്ത കരിയര്‍ ഗൈഡന്‍സ് ഗുരു ഡോ. പി.ആര്‍.വെങ്കിട്ടരാമന്റെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥ രാജം രാമമൂര്‍ത്തിയുടെയും മകനാണ്. എറണാകുളം ഭവന്‍സ് വിദ്യാമന്ദിറിലായിരുന്നു സെക്കന്‍ഡറി വിദ്യാഭ്യാസം. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും എം.ബി.ബി.എസ് ബിരുദം. 2013 ബാച്ചില്‍ റാങ്കോടെ ഐഎഎസ് കരസ്ഥമാക്കി. ഡോ. ലക്ഷ്മി വെങ്കിട്ടരാമന്‍ സഹോദരിയാണ്.

You must be logged in to post a comment Login