കരിപ്പൂര്‍ വിമാനത്താവളം ഇനി മാലിന്യമുക്തം

കരിപ്പൂര്‍ വിമാനത്താവളത്തെ മാലിന്യമുക്ത വിമാനത്താവളമായി പ്രഖ്യാപിച്ചു സര്‍ക്കാര്‍ ഉത്തരവിറക്കി. വിമാനത്താവള അതോറിറ്റി ഇനി മുതല്‍ നേരിട്ട് മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌ക്കരിക്കും. മാലിന്യ സംസ്‌കരണത്തിനായി പുതിയ പ്ലാന്റും അനുബന്ധ സൗകര്യങ്ങളും വിമാനത്താവളത്തില്‍ സ്ഥാപിച്ചു.

മൂന്ന് ലക്ഷം രൂപയ്ക്ക് വാങ്ങിയ ഇന്‍സിനറേറ്ററിലാണ് കടലാസ് മാലിന്യങ്ങള്‍ കത്തിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് സ്വകാര്യ കമ്പനികള്‍ക്ക് കൈമാറും. ആഹാര പദാര്‍ഥങ്ങള്‍ ഉള്‍പ്പെടെയുള്ള ജൈവമാലിന്യങ്ങള്‍ കമ്പോസ്റ്റ് ഉണ്ടാക്കാനും ഉപയോഗിക്കും. മാലിന്യ സംസ്‌ക്കരണത്തിന് രണ്ട് ജീവനക്കാരെ നിയമിച്ചിട്ടുണ്ട്.
karipoor
കഴിഞ്ഞ ഡിസംബര്‍ വരെ സ്വകാര്യ വ്യക്തിക്ക് കരാര്‍ നല്‍കിയായിരുന്നു മാലിന്യങ്ങള്‍ നീക്കിയിരുന്നത്. വിമാനത്താവളത്തിലെ മാലിന്യങ്ങള്‍ പലയിടങ്ങളിലായി ഉപേക്ഷിച്ചത് പരാതിക്കിടയാക്കിയിരുന്നു. കരാര്‍ എടുത്തയാള്‍ പൂര്‍ണമായും മാലിന്യം നീക്കിയിരുന്നില്ലെന്നാണ് വിമാനത്താവള അധികൃര്‍ ഇതിന് നല്‍കുന്ന മറുപടി. ഇതെത്തുടര്‍ന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റി സംസ്‌ക്കരണം നേരിട്ട് ഏറ്റെടുത്തത്.

You must be logged in to post a comment Login