കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ സുരക്ഷാ പരിശോധന തിങ്കളാഴ്ച; വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള സുരക്ഷ ഉണ്ടോയെന്ന് പരിശോധിക്കും

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ സുരക്ഷാ പരിശോധന തിങ്കളാഴ്ച നടക്കും. വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള സുരക്ഷ ഉണ്ടോയെന്ന് പരിശോധിക്കും.

വലിയ വിമാനങ്ങളിറങ്ങാന്‍ കരിപ്പൂരില്‍ എല്ലാ സംവിധാനവും സജ്ജമായതായി എയര്‍പോര്‍ട്ട് ഡയറക്ടര്‍ അറിയിച്ചു. വിമാനത്താവളത്തില്‍ വലിയ വിമാന സര്‍വീസുകള്‍ക്കുള്ള അനുമതി വൈകുന്നതില്‍ ആശങ്ക വേണ്ടെന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റി പറയുന്നത്. റണ്‍വേ, റിസ നവീകരണ ജോലികളെല്ലാം പൂര്‍ത്തിയായി. ഡി.ജി.സി.എ സംഘമടക്കം പല ഘട്ടങ്ങളായുളള പരിശോധനകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. എയര്‍പോര്‍ട്ട് അതോറിറ്റിയും ശുപാര്‍ശ നല്‍കിയിട്ടുണ്ട്. മലബാറില്‍ നിന്നുളള എം.പി. മാരുടെ സംഘവും കേന്ദ്ര വ്യോമയാന മന്ത്രിയെ കണ്ട് പലകുറി ആവശ്യമുന്നയിച്ചിട്ടുണ്ട്. കരിപ്പൂര്‍ വഴി സര്‍വീസ് നടത്താന്‍ തയാറാണന്ന് അറിയിച്ച് പല വിദേശ കമ്പനികളും സമീപിച്ചിട്ടുണ്ട്. ഫയലുകളിപ്പോള്‍ ഡി.ജി.സി.എയുടെ ഓഫീസിലാണ്. എന്തായാലും ഈ ആഴ്ച തന്നെ അനുകൂലതീരുമാനം വരുമെന്നാണ് പ്രതീക്ഷ.

പുതിയ സര്‍വീസുകള്‍ ആരംഭിക്കാന്‍ സൗദി എയര്‍ലൈന്‍സിന് ഡി.ജി.സി.എ ഈയാഴ്ച തന്നെ അനുമതി നല്‍കിയേക്കും. അനുമതിയായാല്‍ രണ്ടു മാസത്തിനകം സര്‍വീസുകള്‍ ആരംഭിക്കാനാകും. പുതിയ ടെര്‍മിനല്‍ കൂടി തുറക്കുന്നതോടെ കോഴിക്കോടിന് മുന്നേറ്റമുണ്ടാക്കാനാകുമെന്നും എയര്‍പോര്‍ട്ട് അതോറിറ്റി കരുതുന്നു.

You must be logged in to post a comment Login