കരുണയുടെ കാവ്യ പെയ്ത്ത്

‘പ്രപഞ്ചത്തിലെ സാഹോദര്യത്തിന്റെ കണ്ണാടിയാണ് കവിത.’ ഒക്ടോവിയ പാസ്.

  • ബി. ജോസുകുട്ടി

 

ജീവകാരണ്യത്തിന്റെ കാവ്യസ്പര്‍ശവുമായി ഒരു കൂട്ടം കവികള്‍ വരുന്നു. നൂറു കവികള്‍ അവരെഴുതിയ കവിതകള്‍ കൊണ്ട് സാന്ത്വനമേകാനും വേദനിക്കുന്നവര്‍ക്ക് ശമനൗഷധം നല്‍കാനും. ഒരു പക്ഷേ മലയാള കവിതാസാഹിത്യത്തിലും പ്രസാധക രംഗത്തും ആദ്യത്തെ സംരംഭം.കേരളത്തിലെ പതിന്നാലു ജില്ലകളിലെയും കവികളാണ് തങ്ങളുടെ രണ്ടു കവിതകള്‍ വീതം ഈ പുസ്തക പ്രസാധന സംരംഭത്തിലേക്ക് സംഭാവന ചെയ്യുന്നത്. ‘100 കവികള്‍, 200 കവിതകള്‍’ എന്നു വിശേഷിപ്പിക്കുന്ന ഈ കവിതാഗ്രന്ഥത്തിന്റെ പ്രകാശനം ജൂലൈ 8 ന് ഞായറാഴ്ച പാലക്കാട്ടു വെച്ച് നടക്കും. വ്യത്യസ്ത ജീവിതങ്ങളില്‍ നിന്ന്, അനുഭവങ്ങളില്‍ നിന്ന് കാഴ്ചകളില്‍ നിന്ന് കാഴ്ചപ്പാടുകളില്‍ നിന്ന്, ചിന്തകളില്‍ നിന്ന്, രാഷ്ട്രീയ ബോധത്തില്‍ നിന്ന്, പ്രത്യയശാസ്ത്രങ്ങളില്‍ നിന്നു പിറവികൊണ്ട കവിതകളിലൂടെ സമരസപ്പടലാണ് 200 കവിതകളടങ്ങിയ ഈ പുസ്തകത്തില്‍ നടക്കുന്ന രാസപ്രവര്‍ത്തനമെന്നു കൃതിയുടെ എഡിറ്ററായ പി.കെ. ഷാജി അഭിപ്രായപ്പെടുന്നു.

സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രചരണത്തിലൂടെയാണ് കവിതകള്‍ വിവിധ ദേശങ്ങളില്‍ നിന്ന് ഒഴുകിയെത്തിയത്. 150 ല്‍ പരം കവിതകളില്‍ നിന്ന് നൂറോളം കവിതകള്‍ തെരഞ്ഞെടുത്തു. എല്ലാ കവിതകളും പുതിയ കാലത്തേയും ലോകത്തേയും അടയാളപ്പെടുത്തുന്നതായിരുന്നു.
വി.കെ ഷാജി യോടൊപ്പം കവികളായ ഡോ. നിബുലാല്‍ വെട്ടൂര്‍, അക്ബര്‍, ഒ.ബി, ശ്രീദേവി, ചിത്രാ മാധവന്‍ എന്നിവര്‍ കൂടി ഇതിന്റെ നേതൃത്വത്തിലേക്ക് എത്തിയതോടെയാണ് കവിതകള്‍ കാരണ്യത്തിന്റെ കൈവഴികളിലേക്ക് ഗതിമാറി ഒഴുകാന്‍ തുടങ്ങുന്നതാണ്. പുസ്തകം വിറ്റു കിട്ടുന്ന തൊണ്ണൂറു ശതമാനം തുകയും വിവിധ കാരണങ്ങളാല്‍ ദുരിതം പേറുന്ന എഴുത്തുകാര്‍ക്കും കലാകാര•ാര്‍ക്കും നല്‍കാനാണ് തീരുമാനം. ‘കാരുണ്യമില്ലാത്തവര്‍ കവികളാകരുത് ‘എന്ന ഒരു സോദ്ദേശമുദ്രാവാക്യം ഇവിടെ പ്രസക്തമാകുന്നുണ്ട്. നൂറു കവികളുടെ ഇരുന്നൂറ് കവിതകള്‍ തെരഞ്ഞെടുത്തതിനു ശേഷം ഓരോ ജില്ലയിലുമെത്തി അതത് ജില്ലകളിലെ കവികളെ നേരില്‍ കാണുകയും പുസ്തക പ്രസാധനത്തെകുറിച്ചും തുടര്‍ന്നുള്ള സഹായധന വിതരണത്തെക്കുറിച്ചും വിശദമായ ചര്‍ച്ചകള്‍ ഷാജിയും കൂട്ടരും നടത്തിയിരുന്നു. തുടര്‍ന്നു കാര്യങ്ങള്‍ അറിയാനും അറിയിക്കാനും നൂറുകവികളെയും മറ്റ് എഴുത്തുകാരെയും ഉള്‍പ്പെടുത്തി ‘അക്ഷരപ്പെയ്ത്ത് ‘എന്ന പേരില്‍ ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പും സംഘടിപ്പിച്ചു.
എം. ആര്‍ . രേണുകുമാര്‍, എം. സങ്, രാജന്‍ കൈലാസ്. ഇടക്കുളങ്ങര ഗോപന്‍, സതി അങ്കമാലി , കുഞ്ഞുമോള്‍ ബെന്നി എന്നിങ്ങനെ പ്രശസ്തരും അപ്രശസ്തരുമായവരുടെ കവിതകള്‍ ഈ ഗ്രന്ഥത്തെ അപൂര്‍വ്വവും അമൂല്യവുമാക്കുന്നുണ്ട്. പതിന്നാലു ജില്ലകളെയും പ്രതിനീധികരിച്ചുകൊണ്ട് കവികള്‍ ഇതില്‍ സംഗമിക്കുന്നു. ഏറ്റവും കൂടുതല്‍ കവിതകള്‍ തിരുവനന്തപുരത്തു നിന്നും കുറവ് വയനാട് ജില്ലയില്‍ നിന്നുമാണ.് കേരളത്തിനു പുറത്തും ഇന്ത്യയ്ക്ക് പുറത്തുമുള്ള പ്രവാസി കവികളും ഈ സമാഹാരത്തില്‍ ഇടം പിടിക്കുന്നു.

വിപുലവും വൈവിധ്യമാര്‍ന്നതുമായ പരിപാടികളാണ് പ്രകാശത്തിന് അരങ്ങേറുന്നത്. കവിയരങ്ങ്, സെമിനാര്‍, ചര്‍ച്ചകള്‍, പ്രഭാഷണം, ഗാനാലാപനം, നാടകാവതരണം, നാടന്‍പാട്ട്, ഗസല്‍, വിപ്ലവ കവിതകളുടെ ആലാപനം, പുരസ്‌കാര വിതരണം എന്നിവ രാവിലെ 8.30 മുതല്‍ വൈകുന്നേരം 6.30 വരെയുള്ള നേരത്തിനുള്ളില്‍ ഉള്‍പ്പെടുത്തും. പ്രമുഖ എഴുത്തുകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഷബ്‌നാ ഹാഷ്മി, പ്രമുഖ ചിന്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ രാംപൂനിയാനി, കാഞ്ചനമാല, തമിഴ്‌നാട്ടിലെ ദുരഭിമാനക്കൊലയില്‍ വിധവയായ കൗസല്യാ ശങ്കര്‍, കരിവള്ളൂര്‍ മുരളി, സച്ചിദാനന്ദന്‍ പുഴങ്കര, പി. രാമന്‍, ഡോ. മുഞ്ഞിനാട് പത്മകുമാര്‍,പി. എന്‍. ഗോപീകൃഷ്ണന്‍, കെ. ഇ. എന്‍, എസ്. ജോസഫ് തുടങ്ങിയവര്‍ക്കൊപ്പം ജനപ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരും ഇതില്‍ പങ്കെടുക്കും.

100 കവികള്‍ 200 കവിതകള്‍ പുസ്തക പ്രകാശനോത്സവത്തിന്റെ ഭാഗമായി ‘അക്ഷരപ്പെയ്ത്ത്’ പുരസ്‌കാരങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കവിതാമേഖലയില്‍ സമഗ്രസംഭാവനയ്ക്കപുള്ള പുരസ്‌കാരം സച്ചിദാനന്ദന്‍ പുഴങ്കരയ്ക്കും കാവ്യ പ്രതിഭ പുരസ്‌കാരം രാജന്‍ കൈലാസ്, ഇടക്കുളങ്ങര ഗോപന്‍ എന്നിവര്‍ക്കും കവിതാ പുരസ്‌കാരം എം. സങ്, നിഷ നാരായണന്‍ എന്നിവര്‍ക്കും കഥാ പുരസ്‌കാരം അജികുമാര്‍ ഇടപ്പോണിനും നാടകാഭിനയ പ്രതിഭാ പുരസ്‌കാരം ജയചന്ദ്രന്‍ തകഴിക്കാരനും നാടക സംവിധായ പുരസ്‌കാരം ജോബ് മഠത്തിലും നല്‍കും.
”കാലം ആവശ്യപ്പെടുകയാണെങ്കില്‍ ഇതൊരു തുടര്‍ പ്രക്രിയയായി മാറണം. കവിതകള്‍ കൊണ്ട് കണ്ണീരൊപ്പുന്ന ഈ കര്‍മ്മംഏറ്റെടുക്കാന്‍ പുതിയ ആക്ടിവിസ്റ്റുകള്‍ ഉണ്ടാകണം. അതിനായി മുന്നോട്ടിറങ്ങണം കല്‍മഴയും പുഷ്പവൃഷ്ടിയുമാണ് പ്രതിഫലം.” വി.കെ ഷാജി പറയുന്നു.

 

 

You must be logged in to post a comment Login