കരുത്തുകാട്ടാന്‍ വീണ്ടും ഹാര്‍ലി; വൈദ്യുതിയില്‍ ഓടുന്ന ബൈക്ക് നിരത്തിലേക്ക്

രണ്ടു വര്‍ഷം മുന്‍പ് നല്‍കിയ ഒരു വാഗ്ദാനം നടപ്പിലാക്കാന്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ് കമ്പനി. വൈദ്യുതിയില്‍ ഓടുന്ന മോട്ടോര്‍ സൈക്കിള്‍ നിരത്തിലിറക്കുമെന്നായിരുന്നു ആ വാഗ്ദാനം.

6

ക്രൂയിസര്‍ ബൈക്കുകളുടെ അവസാന വാക്കാണ് അമേരിക്കന്‍ ഇരുചക്ര വാഹനനിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍. കരുത്തരായ ഇരുചക്ര വാഹനങ്ങള്‍ നിരത്തിലിറക്കി യുവാക്കളുടെ മനം കവര്‍ന്ന ഹാര്‍ലിയില്‍ നിന്നും ഇപ്പോഴിതാ മറ്റൊരു വാര്‍ത്ത.

രണ്ടു വര്‍ഷം മുന്‍പ് നല്‍കിയ ഒരു വാഗ്ദാനം നടപ്പിലാക്കാന്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ് കമ്പനി. വൈദ്യുതിയില്‍ ഓടുന്ന മോട്ടോര്‍ സൈക്കിള്‍ നിരത്തിലിറക്കുമെന്നായിരുന്നു ആ വാഗ്ദാനം. ഇപ്പോഴിതാ അഞ്ചു വര്‍ഷത്തിനകം ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ബൈക്ക് നിരത്തിലെത്തുമെന്ന് കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റ്(ഗ്ലോബല്‍ ഡിമാന്‍ഡ്) സീന്‍ കണ്ണിങ് സൂചന നല്‍കി.

7

വൈദ്യുത ബൈക്ക് നിര്‍മാണം ലക്ഷ്യമിട്ടു രണ്ടു വര്‍ഷം മുമ്പ് കമ്പനി ലൈവ് വയര്‍ പദ്ധതി പ്രഖ്യാപിച്ചിരുന്നു. മിഷന്‍ മോട്ടോഴ്‌സുമായി സഹകരിച്ചാണ് അന്നു ഹാര്‍ലി ഡേവിഡ്‌സന്‍ വൈദ്യുത ബൈക്കിന്റെ മാതൃക പ്രദര്‍ശിപ്പിച്ചത്. ഹാര്‍ലി ഡേവിഡ്‌സനില്‍ നിന്നുള്ള വൈദ്യുത ബൈക്കിനെക്കുറിച്ച് വാഹന പ്രേമികളുടെ അഭിപ്രായം അറിയാനായി കമ്പനി ലൈവ് വയറിനെ യു.എസില്‍ പര്യടനത്തിനും അയച്ചിരുന്നു. പലര്‍ക്കും ഈ ആശയം ഇഷ്ടമായെങ്കിലും കടുത്ത ഹാര്‍ലി ആരാധകര്‍ വൈദ്യുത ബൈക്കിനെതിരെ എതിര്‍പ്പുമായി രംഗത്തെത്തി. തുടര്‍ന്ന് ലൈവ് വയര്‍ പദ്ധതിയെപ്പറ്റി ഹാര്‍ലി ഡേവിഡ്‌സന്‍ ഇതുവരെ മൗനത്തിലായിരുന്നു.

ഇപ്പോഴിതാ വീണ്ടും വൈദ്യുത മോട്ടോര്‍ ബൈക്കിനെ പറ്റിയുള്ള ചര്‍ച്ചകള്‍ സജീവമാകുകയാണ്. ‘വി ട്വിന്‍’ ആര്‍ക്കിടെക്ചറിന്റെ ആധുനിക പതിപ്പായ ‘വിറോഡി’ല്‍ ഓവര്‍ഹെഡ് കാം ഷാഫ്റ്റിനൊപ്പം എട്ടു വാല്‍വ് എന്‍ജിനാണ് ഇടംപിടിക്കുന്നത്. 74 ബി.എച്ച്.പി കരുത്തും പരമാവധി 71 എന്‍.എം ടോര്‍ക്കുമുള്ള വൈദ്യുത മോട്ടോറാണ് ബൈക്കിന് കരുത്തേകുക. ആശയമെന്ന നിലയിലും ആവിഷ്‌കാരമെന്ന നിലയും ‘വി റോഡി’നു സ്വീകാര്യത ഉണ്ടെങ്കിലും വിപണിയില്‍ ബൈക്കിന്റെ ഭാവി എന്താവുമെന്ന ആശങ്ക ശക്തമാണ്. കാരണം പരമ്പരാഗത ഹാര്‍ലി ഡേവിഡ്‌സന്‍ ബൈക്കുകളുടെ സ്വഭാവമോ ശബ്ദപ്പൊലിമയോ ഇല്ലാതെയാണു ‘വി റോഡി’ന്റെ വരവ്.

8

വെറും നാല് സെക്കന്‍ഡ് കൊണ്ട് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗതയില്‍ വാഹനത്തിന് കുതിക്കാനാവും. കാസ്റ്റ് അലൂമിനിയം ഫ്രെയിം, സ്വിന്‍ഗ്രാം, എല്‍.ഇ.ഡി ഹെഡ്‌ലൈറ്റ്, ടി.എഫ്.ടി ഡാഷ് ബോര്‍ഡ് എന്നിവയും ഈ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ പ്രത്യേകതകളാണ്. ടെസ്‌ല മോട്ടോഴ്‌സ്, ജനറല്‍ മോട്ടോഴ്‌സ് എന്നിവ ഇലക്ട്രിക് മോട്ടോര്‍ സൈക്കിളുകള്‍ വിപണിയില്‍ ഇപ്പോഴുണ്ടെങ്കിലും ആ ശ്രേണിയിലേക്ക് ഹാര്‍ലി ഡേവിഡ്‌സണ്‍ കൂടി എത്തുന്നതോടെ മല്‍സരം കടുക്കുമെന്നുറപ്പാണ്.

ക്രൂയിസര്‍ വിഭാഗത്തില്‍ കമ്പനിയുടെ എതിരാളികളും പൊളാരിസിന്റെ ഉടമസ്ഥതയിലുള്ള ബ്രാന്‍ഡുമായ വിക്ടറി മോട്ടോര്‍ സൈക്കിള്‍സ് വൈദ്യുത ബൈക്ക് യാഥാര്‍ഥ്യമാക്കിയതും ഹാര്‍ലി ഡേവിഡ്‌സന്റെ നിലപാട് മാറ്റത്തെ സ്വാധീനിച്ചിരിക്കണം. വൈദ്യുത സ്ട്രീറ്റ് ബൈക്കായ ‘ഇംപള്‍സ് ടി ടി’ സാക്ഷാത്കരിച്ച വിക്ടറി, ഇത്തരം മോഡലുകള്‍ മത്സരിക്കുന്ന ഐല്‍ ഓഫ് മാന്‍ ടി ടി, പൈക്‌സ് പീക് ഇന്റര്‍നാഷനല്‍ ഹില്‍ ക്ലൈംബ് തുടങ്ങിയ റേസുകളിലും സജീവമായി രംഗത്തുണ്ട്.

You must be logged in to post a comment Login