കരുത്തുറ്റ വാഹന ബ്രാന്‍ഡ് എന്ന പേര് ഫെറാരിക്ക് സ്വന്തം

ലോകത്തിലെ ഏറ്റവും ശക്തമായ വാഹന ബ്രാന്‍ഡെന്ന പേര് ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ഫെറാരിക്ക്. വാല്യുവേഷന്‍ ആന്‍ഡ് സ്ട്രാറ്റജി കണ്‍സല്‍റ്റന്‍സി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബ്രാന്‍ഡ് ഫിനാന്‍സ് പുറത്തു വിട്ട ഗ്ലോബല്‍ ബ്രാന്‍ഡ് സ്റ്റഡി ഫലമനുസരിച്ച് ആഗോള വ്യവസായ മേഖലയില്‍ തന്നെ ഏറ്റവും കരുത്തുറ്റ 10 ബ്രാന്‍ഡുകള്‍ക്കൊപ്പവും ഫെറാരി ഇടംനേടി. മുന്‍വര്‍ഷത്തെ അപേക്ഷിച്ചു മൂന്നു പോയിന്റ് വര്‍ധനയോടെയാണ് ആഗോള വാഹന ബ്രാന്‍ഡുകള്‍ക്കിടയില്‍ ഫെറാരി ഇക്കൊല്ലവും കരുത്തുകാട്ടിയത്. ഫോക്‌സ്വാഗന്‍ ഗ്രൂപ്പില്‍പെട്ട ജര്‍മന്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ പോര്‍ഷെയ്ക്ക് കരുത്തുറ്റ വാഹന ബ്രാന്‍ഡ് പട്ടികയില്‍ രണ്ടാം സ്ഥാനമാണുള്ളത്.

ലോകത്ത് ഏറ്റവുമധികം വില്‍പ്പനയുള്ള വാഹന നിര്‍മാതാക്കളായ ഫോക്‌സ്വാഗനാണു ബ്രാന്‍ഡ് കരുത്തില്‍ മൂന്നാം സ്ഥാനം. 2015 സെപ്റ്റംബറില്‍ പുറത്തായ ഡീസല്‍ഗേറ്റ് വിവാദത്തിന്റെ പ്രത്യാഘാതങ്ങളെ അതിജീവിച്ച് ബ്രാന്‍ഡ് കരുത്തില്‍ ആറു പോയിന്റ് വര്‍ധനയുമായാണ് 2017ലേക്കുള്ള പട്ടികയില്‍ കമ്പനി നേട്ടം കൈവരിച്ചത്.

വാര്‍ഷിക ഉല്‍പ്പാദനം 7,000 യൂണിറ്റിലൊതുക്കിയ മുന്‍ ചെയര്‍മാന്‍ ലൂക ഡി മൊന്റെസ്‌മൊലോയുടെ പിന്‍ഗാമിയായി ചുമതലയേറ്റ സെര്‍ജിയൊ മാര്‍ക്കിയോണി ഉല്‍പ്പാദനം 9,000 യൂണിറ്റാക്കി ഉയര്‍ത്തിയതു കമ്പനിക്കു ഗുണകരമായി. പോരെങ്കില്‍ ഫെറാരി അനുഭവം പങ്കുവയ്ക്കാന്‍ ലക്ഷ്യമിടുന്ന പുതിയ ഫെറാരി ലാന്‍ഡ് ഏപ്രില്‍ ഏഴിന് സ്‌പെയിനിലെ പോര്‍ട് അവെഞ്ചുറയില്‍ പ്രവര്‍ത്തനം തുടങ്ങുകയാണ്. വാണിജ്യതലത്തിലെ സാധ്യതകള്‍ കൂടുതലായി ചൂഷണം ചെയ്യാനുള്ള ഇത്തരം നടപടികളുടെ ഫലമായി ഫെറാരിയുടെ ബ്രാന്‍ഡ് മൂല്യം ഇക്കൊല്ലം 615 കോടി ഡോളര്‍(ഏകദേശം 40,982.55 കോടി രൂപ) ആയി വര്‍ധിച്ചു.

അതേസമയം വാഹന ബ്രാന്‍ഡെന്ന നിലയിലെ മൂല്യം മാത്രം അടിസ്ഥാനമാക്കിയാല്‍ ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട മോട്ടോര്‍ കോര്‍പറേഷാണു മുന്നില്‍. 463 കോടി ഡോളര്‍( 30,853.53 കോടിയോളം രൂപ). ബ്രാന്‍ഡുകളുടെ കരുത്ത് ആധാരമാക്കി തയാറാക്കിയ ആഗോളതലത്തിലെ ആദ്യ 100 സ്ഥാനക്കാരുടെ പട്ടികയില്‍ ഏഴ് ഇന്ത്യന്‍ വാഹന നിര്‍മാതാക്കളും ഇടംപിടിച്ചു. രാജ്യത്തെ വാഹന വിപണിയില്‍ 47.65% വിഹിതമുള്ള മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് പട്ടികയില്‍ 34-ാം സ്ഥാനത്താണ്.

റാങ്കിങ്ങില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഏഴു പടി മുന്നേറാന്‍ കമ്പനിക്കു കഴിഞ്ഞു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര(ഇത്തവണ54-ാം സ്ഥാനം, കഴിഞ്ഞ തവണ 63-ാം സ്ഥാനം), ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോ കോര്‍പ്(ഇക്കുറി 60-ാമത്; കഴിഞ്ഞ തവണ 66-ാം സ്ഥാനം), ടാറ്റ മോട്ടോഴ്‌സ്(കഴിഞ്ഞ തവണത്തെപ്പോലെ ഇക്കുറിയും 65-ാം സ്ഥാനം), ബജാജ് ഓട്ടോ ലിമിറ്റഡ്(ഇക്കുറി 68-ാമത്; കഴിഞ്ഞ തവണ 73-ാം സ്ഥാനം), അശോക് ലേയ്‌ലന്‍ഡ്(ഇക്കുറി 90-ാം സ്ഥാനം; കഴിഞ്ഞ തവണ 88-ാമത്), ടി വി എസ് മോട്ടോര്‍ കമ്പനി(മാറ്റമില്ലാതെ 97-ാം സ്ഥാനം) എന്നീ കമ്പനികളാണ് ആദ്യ നൂറില്‍ ഇടം പിടിച്ച മറ്റ് ഇന്ത്യന്‍ വാഹന നിര്‍മാതാക്കള്‍.

You must be logged in to post a comment Login