കര്‍ക്കിടകം പടിയിറങ്ങുമ്പോള്‍

  • വി.കെ. ശ്രീധരന്‍

കര്‍ക്കിടകം പാടുക എന്നു പറയാറുണ്ട്. രാമായണം വായിക്കുക എന്നര്‍ത്ഥം. പഞ്ഞമാസങ്ങളെന്നു പറയുന്ന ( പറയപ്പെട്ടിരുന്ന ) മിഥുനം- കര്‍ക്കിടകത്തിലാണ് ദുരിതങ്ങള്‍ പെയ്തിറങ്ങിയിരുന്നത്. പട്ടിണിയും പ്രകൃതി ദുരന്തങ്ങളുമൊക്കെ. പ്രായാധിക്യമുള്ളവര്‍ രോഗാതുരരാകുന്നതും മരണപ്പെടുന്നതും പലപ്പോഴും ഈ മാസങ്ങളില്‍. അതിനാല്‍ ദൗര്‍ഭാഗ്യങ്ങള്‍ ലഘൂകരിക്കാന്‍ അധ്യാത്മിക കാര്യങ്ങള്‍ ചൊല്ലണമെന്നാണ് വിശ്വാസം. പാണനും പാട്ടിയും വെളുപ്പാന്‍ കാലത്ത് വീടുകൡ ചെന്ന് തുയിലുണര്‍ത്തു പാടുന്ന പതിവും ഉണ്ടായിരുന്നു.വര്‍ഷകാലത്തോടെ വായുവും വെള്ളവും ഭൂമിയും മലിനമാകുന്നു. പിന്നെ ഭൂമി തണുക്കുമ്പോള്‍ ജീവജാലങ്ങള്‍ക്ക് ഉന്‍മേഷം പകരുന്ന സമയം കര്‍ക്കിടകം. അതുകൊണ്ട് ചികിത്സ കൂടുതല്‍ ഗുണപ്രദമാകും. കളരി മര്‍മ്മ ചികിത്സ, പഞ്ചകര്‍മ്മ ( ഉഴിച്ചില്‍, പിഴിച്ചില്‍ മുതലായവ) ഔഷധകഞ്ഞി, മരുന്നുണ്ട തുടങ്ങിയവയാണ് പ്രധാനം. നല്ലരിക്ക( നല്ലിരിക്ക, നല്ലൊരിക്ക) ചികിത്സ കഴിഞ്ഞുള്ള വിശ്രമ കാലയളവ്. ചികിത്സ ചെയ്തിരുന്ന അത്രയും ദിവസത്തെ വിശ്രാന്തി. ആവശ്യമെങ്കില്‍ അതിന്റെ പാതിദിനങ്ങള്‍ കൂടി എടുക്കാം.

കര്‍ക്കിടകം ഒന്നിന് സ്ത്രീകള്‍ മുക്കുറ്റി അരച്ച് പൊട്ടുതൊടുകയോ തലയില്‍ ചൂടുകയോ ചെയ്യും. ആദ്യ (മുപ്പട്ടു) വെള്ളിയാഴ്ച. പത്തിലകറിവെച്ചു കഴിക്കും. മത്തന്‍, കുമ്പളം ,പയറ് എന്നിവയുടെ ഇലകള്‍, തകര, തഴുതാമ, നെയ്യുണ്ണി, ആനതുമ്പ, കൊഴുപ്പ, ചീര, മുള്ളന്‍ചീര (അല്ലെങ്കില്‍ പ്രാദേശികമായി ലഭിക്കുന്ന ചീരകള്‍). കര്‍ക്കിടകത്തില്‍ മുരിങ്ങയില ഒഴിവാക്കാറാണ് പതിവ്. സാധാരണയായി ഉഴുന്നുകഞ്ഞി തുടര്‍ച്ചയായി ഏഴുദിവസം കഴിക്കും. അല്ലെങ്കില്‍ ഒരു ദിവസം. ഇതാണ് ഔഷധസേവാദിനം.

ദശപുഷ്പങ്ങള്‍, ചെടിമരുന്നുകള്‍, പച്ചമരുന്നുകള്‍ എന്നിവയില്‍ ഓരോ വിഭാഗമോ സമ്മിശ്രമോ ചേര്‍ത്തും ഔഷധകഞ്ഞി തയ്യാറാക്കും. തേച്ചുകുളിയും പ്രധാനം. കന്നുകാലികള്‍ക്കും സുഖചികിത്സ നടത്തിയിരുന്നു. ഇപ്പോള്‍ ആനകള്‍ക്കും വ്യാപകമായിരിക്കുന്നു. രാശികളില്‍ ഏറ്റവും മങ്ങിയ കര്‍ക്കിടകത്തിന് ഇംഗ്ലീഷില്‍ ഇമിരലൃ ഇീിേെലഹഹമശേീി എന്നാണ് പറയുക. ഇത് ഞണ്ടിന്റെ ആകൃതിയില്‍. ഗ്രീക്ക് പുരാണത്തിലെ കഥ ഇപ്രകാരം. ഹെര്‍ക്കുലീസ് ദേവന്‍ ഒന്‍പതു തലയുള്ള ഹൈസ്ര എന്ന സര്‍പ്പത്തിന്റെ ഓരോ തലയും അറുത്ത് താഴെയിട്ടു.ദൈവങ്ങള്‍ അവ വാനില്‍ പ്രതിഷ്ഠിച്ചു. അപ്പോള്‍ ഹൈസ്രയെ സഹായിക്കാന്‍ ഭീമാകാരനായ ഞണ്ട് ആകാശത്ത് പ്രത്യക്ഷപ്പെട്ടു. ഹെര്‍കുലീസ് കാലുകൊണ്ട് അതിനെ ചവിട്ടിയമര്‍ത്തി. ദൈവങ്ങള്‍ അതിനെയും ആകാശത്ത് പ്രതിഷ്ഠിച്ചു. എ.ഡി. 1054 ല്‍ ചൈനക്കാര്‍ കണ്ട നക്ഷത്ര സ്‌ഫോടനത്തെ കര്‍ക്കിട നെബുല (ഇൃമയ ചലയൗഹമ)എന്ന് വിളിക്കുന്നു. 1840 ല്‍ വില്യം പാര്‍സണ്‍സ് എന്ന ശാസ്ത്രജ്ഞനാണ് ഈ പേര് നിര്‍ദ്ദേശിച്ചത്. ഇടവം രാശിയ്ക്കടുത്ത് വേട്ടക്കാരന്‍ ഗണത്തിന് അല്പം വടക്കാണ് ഇതിന്റെ സ്ഥാനം.

ക്ഷേത്രങ്ങളില്‍ ഇല്ലംനിറ ആഘോഷിക്കപ്പെടുന്നത് ഈ സമയത്താണ് നാലമ്പല ദര്‍ശനവും ഏഴുപള്ളി തീര്‍ത്ഥ യാത്രകളും സംഘടിപ്പിച്ചു വരുന്നു.(നാലമ്പലം- തൃപയാര്‍ ശ്രീരാമക്ഷേത്രം, ഇരിങ്ങാലക്കുട കുടല്‍മാണിക്യ ഭരത ക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മല്‍ ശത്രുഘ്‌ന ക്ഷേത്രം./ ഏഴുപള്ളി- കൊല്ലം, നിലയ്ക്കല്‍, നിരണം, കോക്കമംഗലം, കോട്ടക്കാവ്, അഴീക്കോട്, പാലയൂര്‍ പള്ളികള്‍). പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ബാഹ്യമായും ആന്തരികമായും നാം സ്വയം പുതുക്കി പണിയുവാന്‍ കര്‍ക്കിടകമാസം ഉപയോഗിക്കുന്നുണ്ടോ എന്ന് വിലയിരുത്തണം.

പലരും ആടിമാസ കിഴിവുകള്‍ക്കു പിറകെയാണ്. കര്‍ക്കിടകവാവിന് കാട്ടുപോത്തിന്റെ തുട വിറക്കുന്ന തണുപ്പും സെന്റ്‌തോമസ് ദിന (തോറാന) ത്തില്‍ ആറാന ഒഴുകിപോകുന്ന മഴയും എങ്ങോ മറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തിന്റെ ആസുരതകള്‍ കൂടി നമ്മള്‍ പരിഗണിക്കേണ്ടതില്ലേ ? ഇങ്ങനെയൊക്കെയാണെങ്കിലും ‘കര്‍ക്കിടകം കഴിഞ്ഞാല്‍ ദുര്‍ഘടം കഴിഞ്ഞു’ എന്ന ചിന്തയോടെ മാലോകര്‍ ശ്രാവണ പുലരികള്‍ കാത്തിരിക്കുകയാണ്.

 

You must be logged in to post a comment Login