കര്‍ണാടകത്തിലെ വിമത എംഎൽഎമാരുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയിൽ

ന്യൂഡൽഹി: കര്‍ണാടകത്തിലെ 15 കോൺഗ്രസ് ജെഡിഎസ് വിമത എംഎൽഎമാര്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. തങ്ങളുടെ രാജി അംഗീകരിക്കാൻ സ്‍പീക്കര്‍ കെ ആര്‍ രമേശ് കുമാറിന് നിര്‍ദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. നേരത്തെ ചൊവ്വാഴ്ച വരെ തൽസ്ഥിതി തുടരണമെന്ന് കോടതി സ്‍പീക്കര്‍ക്ക് നിര്‍ദ്ദേശം നൽകിയിരുന്നു.

കഴിഞ്ഞ 12 ന് 10 എംഎൽഎമാര്‍ നൽകിയ ഹര്‍ജി സുപ്രീംകോടതി പരിശോധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കർണാടകയിൽ തൽസ്ഥിതി തുടരണമെന്നും ചൊവ്വാഴ്ച വരെ രാജിയിലും അയോഗ്യതയിലും തീരുമാനമെടുക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചത്. ഇന്ന് ഭരണഘടനാപരമായ വിഷയങ്ങൾ കോടതി വിശദമായി പരിശോധിച്ച ശേഷമായിരിക്കും വിധി പറയുന്നത്. അതേസമയം അഞ്ച് എംഎൽഎമാരും കൂടി സുപ്രീംകോടതിയെ സമീപിച്ചത് കുമാരസ്വാമി സര്‍ക്കാരിന് തിരിച്ചിടിയായിട്ടുണ്ട്.

കേസിൽ സ്‍പീക്കര്‍ കെ ആര്‍ രമേശ് കുമാറിൻ്റെ വാദവും സുപ്രീംകോടതി കേട്ടിരുന്നു. എംഎൽഎമാരുടെ രാജിക്കത്തിൽ ഒരു ദിവസത്തിനകം തീരുമാനമെടുക്കണമെന്ന കോടതി നിര്‍ദ്ദേശം സ്‍പീക്കര്‍ തള്ളി. ഭരണഘടനയുടെ 190-ാം അനുച്ഛേദ പ്രകാരം രാജിക്കത്തുകളിൽ വിശദമായ പരിശോധന നടത്തി തീരുമാനമെടുക്കാൻ അധികാരമുണ്ടെന്നാണ് സ്‍പീക്കറുടെ വിശദീകരണം. നിശ്ചിത സമയത്തിനകം തീരുമാനമെടുക്കണമെന്ന ഉത്തരവിടാൻ കോടതിക്ക് അധികാരമില്ലെന്നും സ്‍പീക്കറുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു. ഇതോടെയാണ് കേസിലെ ഭരണഘടനാപരമായ അധികാരങ്ങള്‍ പരിശോധിക്കാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചത്.

കോൺഗ്രസ് ജെഡിഎസ് എംഎൽഎമാരായ പ്രതാപ് ഗൗഡ പാട്ടീൽ, രമേശ് ജര്‍ക്കിഹോളി, ബ്യാരതി ബസവരാജ്, ബിസി പാട്ടീൽ, എസ്‍ടി സോമശേഖര്‍, ആര്‍ബെയിൽ ശിവറാം ഹെബ്ബാര്‍, മഹേഷ് കുമതഹള്ളി, കെ ഗോപാലയ്യ, എഎച്ച വിശ്വനാഥ്, നാരായണ ഗൗഡ, ആനന്ദ് സിങ്, കെ സുധാകര്‍, എൻ നാഗരാജ്, മുനിരത്ന, റോഷൻ ബെയിഗ് എന്നിവരാണ് കോടതിയെ സമീപിച്ചത്.

അതേസമയം വ്യാഴാഴ്ച കർണാടകയിലെ കോൺഗ്രസ് – ജെഡിഎസ് സർക്കാർ വിശ്വാസവോട്ട് തേടും. വ്യഴാഴ്ച പതിനൊന്ന് മണിക്ക് വിശ്വാസവോട്ടെടുപ്പ് നടക്കുമെന്ന് സ്പീക്കർ കെ. ആർ രമേശ് കുമാർ ഇന്നലെ സഭയിൽ അറിയിച്ചു. എന്നാൽ, വ്യാഴാഴ്ച വിശ്വാസവോട്ട് നടത്താനുള്ള തീരുമാനത്തെ ബിജെപി സംസ്ഥാനാധ്യക്ഷൻ ബി.എസ് യെദ്യൂരപ്പ എതിർത്തു. ഇന്നലെ തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നായിരുന്നു ബിജെപി നേതൃത്വത്തിന്റെ ആവശ്യം. അതിനിടെ മുംബൈയിൽ തങ്ങുന്ന വിമത എംഎൽഎമാർ കോൺഗ്രസിൽ നിന്ന് തങ്ങൾക്ക് ഭീഷണിയുള്ളതായി പോലീസിന് പരാതി നൽകിയിട്ടുണ്ട്.

You must be logged in to post a comment Login