കര്‍ണാടകത്തിൽ ഇന്ന് നിയമസഭാ സമ്മേളനം; കുമാരസ്വാമി സർക്കാരിന് നിർണായകം

ബെംഗലൂരു: രാഷ്ട്രീയ നാടകങ്ങള്‍ക്കിടെ കര്‍ണാടക നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. സഭയിൽ എത്തണമെന്ന് ആവശ്യപ്പെട്ട് എല്ലാ എംഎൽഎമാര്‍ക്കും കോൺഗ്രസും ജെഡിഎസും വിപ്പ് നൽകിയിട്ടുണ്ട്. 12.30 ന് ചേരുന്ന നിയമസഭാ സമ്മേളത്തിൽ അന്തരിച്ച അംഗങ്ങള്‍ക്ക് ആദാരാഞ്ജലിഅര്‍പ്പിക്കുന്നതായിരിക്കും അജണ്ട. മറ്റ് അജണ്ടകളൊന്നും ആദ്യ ദിനത്തിൽ ഉള്‍പ്പെടുത്തിയിട്ടില്ല.

സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ട സാഹചര്യത്തിൽ സഭ ചേരുന്നത് ചട്ടവിരുദ്ധമാണെന്ന് ബിജെപി ആരോപിച്ചിരുന്നു. ഇന്ന് സഭയിൽ എല്ലാ ബിജെപി എംഎൽഎമാരും എത്തുമെന്ന് നേതാക്കൾ അറിയിച്ചിട്ടുണ്ട്. എന്നാൽ രാജിവച്ച വിമത എംഎൽഎമാര്‍ സഭയിൽ എത്തില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇവരുടെ അസാന്നിധ്യം സഭയിൽ സര്‍ക്കാരിന് തിരിച്ചടിയാകും.

വിമത എംഎൽഎമാരുടെ രാജിയിൽ സ്‍പീക്കര്‍ നടപടി സ്വീകരിക്കാത്തതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിൽ ഇന്ന് വിധി വരും. സ്‍പീക്കര്‍ കെ ആര്‍ രമേശ് കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയും സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വിമത എംഎൽഎമാരുടെ രാജിയിൽ തീരുമാനം എടുക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടാണ് സ്‍പീക്കര്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. സുപ്രീംകോടതി വിധിക്ക് ശേഷം അടുത്ത നടപടികളിലേക്ക് കടക്കാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. നിയമസഭയിൽ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവരുന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

സുപ്രീംകോടതി നിർദ്ദേശത്തിൻ്റെ പശ്ചാത്തലത്തിൽ വിമത എംഎൽഎമാര്‍ മുംബൈയിൽ നിന്ന് നേരിട്ടെത്തി സ്‍പീക്കര്‍ക്ക് രാജിക്കത്ത് നൽകി. ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ കോൺഗ്രസ്, ജെഡിഎസ് ക്യാമ്പുകളിൽ സജീവമായി തുടരുകയാണ്. മുതിര്‍ന്ന നേതാവ് രാമലിംഗ റെഡിയെ തിരിച്ചെത്തിക്കാൻ സാധിച്ചാൽ അനുയായികളായ എംഎൽഎമാരുടെ രാജി ഒഴിവാക്കാൻ സാധിക്കുമെന്ന നിലപാടിലാണ് കോൺഗ്രസ്. സര്‍ക്കാര്‍ വീഴുമെന്ന ഉറപ്പായാൽ എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് കോൺഗ്രസും ജെഡിഎസും സ്‍പീക്കര്‍ക്ക് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.

ഇതുവരെ 16 കോൺഗ്രസ്-ജെഡിഎസ് എംഎൽഎമാരാണ് രാജിവച്ചത്. കോൺഗ്രസ് എംഎൽഎമാരായ രാമലിംഗ റെഡി, രമേശ് ജർക്കിഹോളി, ബിസി പാട്ടിൽ, മഹേഷ് കുമതള്ളി, പ്രതാപഗൗഡ പാട്ടിൽ, ശിവറാം ഹെബ്ബാർ, സൗമ്യ റെഡ്‌ഡി, മുനിരത്ന, എസ് ടി സോമശേഖർ, ബസവരാജ്, ആര്‍ ശങ്കര്‍, കെ സുധാകര്‍, എംടിബി നാഗരാജു എന്നിവരും ജെഡിഎസ് എംഎൽഎമാരായ നാരായണ ഗൗഡ, കെ ഗോപാലയ്യ, എച്ച് വിശ്വനാഥ്, എന്നിവരാണ് രാജിക്കത്ത് നൽകിയത്. കഴിഞ്ഞ ദിവസം സ്വതന്ത്ര എംഎൽഎ എച്ച് നാഗേഷ് കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. ബിജെപിയെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി നാഗേഷ് രംഗത്തുവരികയും ചെയ്തിരുന്നു.

നിലവിൽ ഭരണകക്ഷിയായ കോൺഗ്രസ് – ജെഡിഎസ് സഖ്യത്തിൻ്റെ സീറ്റ് നില 101 ആയി കുറഞ്ഞു. ബിജെപിക്ക് 107 പേരുടെ പിന്തുണയാണുള്ളത്. 16 പേര്‍ രാജിവച്ചതോടെ സഭയിലെ അംഗബലം 208 ആയി.

You must be logged in to post a comment Login