കര്‍ണാടകയിലെ ബജറ്റ് അവതരണം ഇന്ന്; കോണ്‍ഗ്രസ് വിമതര്‍ ഒളിവില്‍ തന്നെ; സഖ്യസര്‍ക്കാരിനെ വീഴ്ത്താന്‍ അവസരം കാത്ത് ബിജെപി

ബംഗളൂരു; കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യ സര്‍ക്കാറിന്റെ രണ്ടാമത്തെ ബജറ്റ് എച്ച് ഡി കുമാരസ്വാമി വെള്ളിയാഴ്ച്ച 12.30 ന് അവതരിപ്പിക്കും. കോണ്‍ഗ്രസ് വിമത എംഎല്‍എമാര്‍ ഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തില്‍ ബജറ്റ് സമ്മേളനത്തില്‍ അംഗബലം ഉയര്‍ത്താന്‍ വിയര്‍പ്പൊഴുക്കുകയാണ് സര്‍ക്കാര്‍.

ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനം ഭരണപക്ഷത്തെ പത്ത് എംഎല്‍എമാര്‍ വിട്ടുനിന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ബജറ്റ് അവതരണത്തിന് മുന്നോടിയായി രാവിലെ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ചേരുന്നുണ്ട്. ധനബില്‍ പാസ്സാക്കുന്നതിനുള്ള അംഗബലം ഉറപ്പിക്കുയാണ് ഈ യോഗത്തിന്റെ പ്രധാനം ലക്ഷ്യം.

ഭീഷണിയിലൂടെയും അനുനയത്തിലൂടെയും അംഗങ്ങളെ കൂടെ നിര്‍ത്താനുള്ള ശ്രമമാണ് കോണ്‍ഗ്രസും ജെഡിഎസും തുടരുന്നത്. ഭരണപക്ഷത്തെ മുഴുവന്‍ പേര്‍ക്കും കോണ്‍ഗ്രസും ജെഡിഎസും വിപ്പ് നല്‍കിയിട്ടുണ്ട്. സഭയില്‍ എത്താത്തവര്‍ക്കെതിരെ കുറുമാറ്റ നിരോധന നിയമം അനുസരിച്ച് നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഭരണപക്ഷത്തെ അംഗങ്ങള്‍ മുഴുവന്‍ എത്തിയില്ലെങ്കില്‍ വെള്ളിയാഴ്ച്ചത്തെ ബജറ്റ് അവതരണം തടയാനാണ് ബിജെപി തീരുമാനം. ഭൂരിപക്ഷമില്ലാത്ത സര്‍ക്കാറിന്റെ ബജറ്റ് അംഗീകരിക്കാനാവില്ലെന്നതാണ് ബിജെപി ഉയര്‍ത്തുന്ന വാദം. ബിജെപിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് നയപ്രഖ്യാപന പ്രസംഗം പാതിവഴില്‍ നിര്‍ത്തി ഗവര്‍ണ്ണര്‍ വാജുഭായ് സഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.

You must be logged in to post a comment Login