ബംഗളുരു: രാജ്യത്താദ്യമായി ബംഗളൂരുവില്‍ സൗജന്യ വൈ ഫൈ സേവനം ലഭ്യമാക്കിയ കര്‍ണാടക സര്‍ക്കാര്‍ സൗകര്യം മുഴുവന്‍ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു. ഇതോടെ മുഴുവന്‍ ജില്ലകളിലും വൈ ഫൈ സേവനം ലഭ്യമാക്കിയ സംസ്ഥാനമായി കര്‍ണാടകം മാറുമെന്ന് വിവര സങ്കേതിക വകുപ്പ് മന്ത്രി എസ്.ആര്. പാട്ടീല്‍ പറഞ്ഞു.
വിവര സാങ്കേതിക രംഗത്തുണ്ടായ നേട്ടം മുഴുവന്‍ ജനങ്ങളിലേക്കുമെത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ജില്ലാ ആസ്ഥാനങ്ങളിലേയും മൂന്ന് പ്രധാന സ്ഥലങ്ങളില്‍ സേവനം ലഭ്യമാക്കും. മൊബൈല്‍ ഫോണുകളിലും ലാപ്പ് ടോപ്പുകളിലും സൗജന്യമായി സേവനം പ്രയോജനപ്പെടുത്താന്‍ കഴിയും.
ബംഗളൂരുവില്‍ നിലവിലുള്ള സൗകര്യം വര്‍ധിപ്പിക്കാനും ലക്ഷ്യമുണ്ടെന്ന് മന്ത്രി എസ്. ആര്.പാട്ടീല്‍ പറഞ്ഞു.
നഗരത്തില്‍ 110 ഹോട്ട് സ്പോട്ടുകള്‍ ആരംഭിക്കാനാണ് തീരുമാനം. ജനങ്ങളില്‍നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. പദ്ധതിക്കായി സര്‍ക്കാര്‍ നാലര കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. സഹകരിക്കാന്‍ വിവിധ കമ്പനികള്‍ മുന്നോട്ട് വന്നിട്ടുണ്ടെന്നും മന്ത്രി പാട്ടീല്‍ പറഞ്ഞു.
പൊതു നിരത്തില്‍ വൈഫൈ ലഭ്യമാക്കിയ നഗരത്തില്‍ സേവനം പ്രയോജനപ്പെടുത്തുന്നത് ഏറെയും ചെറുപ്പക്കാരാണ്. അതിനാല്‍ വൈഫൈ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.
ഇപ്പോള്‍ ഷോപ്പിങ് കേന്ദ്രങ്ങളായ ബ്രിഗേഡ് റോഡും എം.ജി.റോഡും, അടക്കം ആറ് സ്ഥലങ്ങളില്‍ വൈഫൈ ലഭ്യമാണ്. ഇതോടൊപ്പം മൈസൂരിലെ സിറ്റി ബസ് സ്റ്റേഷനിലും റൂറല്‍ ബസ് സ്റ്റേഷനിലും സൗകര്യമുണ്ട്.
ബംഗളൂരുവില്‍ ശരാശരി ഒരു ദിവസം ആയിരത്തിലധികം ഉപഭോക്താക്കളുണ്ടെന്നാണ് കണക്ക്. നമ്മ വൈ ഫൈയുടെ പരിധിയില്‍ എത്തിയാല്‍ സേവനം ലഭിക്കണമെങ്കില്‍ ചെയ്യേണ്ടത് ഇത്രമാത്രം. അക്സസ് പാസ് വേഡിന് നമ്മ വൈഫൈ വെബ് സൈറ്റില്‍ മൊബൈല്‍ നമ്പര്‍ നല്‍കുക. പാസ് വേര്‍ഡ് എസ്.എം.എസ്. ആയി ഇന്‍ ബോക്സിലെത്തും. അപ്പോള്‍ മുതല്‍ മൂന്നു മണിക്കൂര്‍ സമയത്തേക്ക് 50 എം.ബി. ഡാറ്റ ഉപയോഗിക്കാനാകും.
You must be logged in to post a comment Login