കര്‍ണാടക വിഷയം; നേരിട്ട് ഹാജരാകാന്‍ ഒരു മാസത്തെ സമയം ആവശ്യപ്പെട്ട് വിമതര്‍


ബെംഗലൂരു: കര്‍ണാടക നിയമസഭയിലെ അയോഗ്യത വിഷയത്തില്‍ നേരിട്ട് ഹാജരാകാന്‍ ഒരു മാസത്തെ സമയം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്-ജെഡിഎസ് വിമത എംഎല്‍എമാര്‍. എല്ലാ വിമത എംഎല്‍എമാരും ഇന്ന് 11 മണിക്കകം ഹാജരാകണമെന്ന് സ്പീക്കര്‍ കെ ആര്‍ രമേശ് കുമാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് പുതിയ നീക്കവുമായി വിമത എംഎല്‍എമാര്‍ രംഗത്തുവന്നിരിക്കുന്നത്.

വിമത എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള നടപടികളിലേക്ക് സ്പീക്കര്‍ ഉടന്‍ കടക്കുമെന്ന സൂചനകള്‍ ഉണ്ടായിരുന്നു. കോണ്‍ഗ്രസും ജെഡിഎസും അയോഗ്യതയുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം സ്പീക്കര്‍ക്ക് നല്‍കിയിട്ടുണ്ട്. അതേസമയം വിമത എംഎല്‍എമാരുടെ ആവശ്യം സ്പീക്കര്‍ പരിഗണിക്കാന്‍ സാധ്യതയില്ല.

കര്‍ണാടത്തില്‍ ഇന്ന് ആറ് മണിക്കുള്ളില്‍ വിശ്വാസവോട്ടെടുപ്പ് നടത്തുമെന്ന് സ്പീക്കര്‍ സഭയില്‍ വ്യക്തമാക്കി. വിശ്വാസ പ്രമേയത്തിന്മേലുള്ള ചര്‍ച്ചകള്‍ നാല് മണിക്കുള്ളില്‍ പൂര്‍ത്തിയാക്കി വോട്ടെടുപ്പിലേക്ക് കടക്കാനാണ് സ്പീക്കര്‍ തീരുമാനിച്ചിരിക്കുന്നത്. വിശ്വാസവോട്ടെടുപ്പ് നടത്താന്‍ നിര്‍ദ്ദേശിക്കണം എന്നാവശ്യപ്പെട്ട് സ്വതന്ത്ര എംഎല്‍എമാരായ എച്ച് നാഗേഷ്, ആര്‍ ശങ്കര്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജൂലൈ 17 ലെ വിധിയില്‍ പുനപരിശോധന ആവശ്യപ്പെട്ട് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി സമര്‍പ്പിച്ച ഹര്‍ജിയും കോടതി പരിഗണിക്കുന്നുണ്ട്.

ഇന്നലെ വിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെട്ട് പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതിഷേധം ഉയര്‍ത്തിനെത്തുടര്‍ന്ന് പലതവണ സഭ നിര്‍ത്തി വയ്‌ക്കേണ്ട വന്നു. ഇതിനിടെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് എച്ച്ഡി കുമാരസ്വാമി രാജിവച്ചുവെന്ന കത്തുകളും പ്രചരിച്ചിരുന്നു. എന്നാല്‍ താന്‍ രാജിവച്ചില്ലെന്നും വ്യാജപ്രചാരണമാണ് നടക്കുന്നതെന്നും കുമാരസ്വാമി വ്യക്തമാക്കി. അതേസമയം തന്നെ ഇങ്ങനെ ബലിയാടാക്കരുതെന്ന് ആവശ്യപ്പെട്ട് സ്പീക്കറും രംഗത്തെത്തി. ഇങ്ങനെയൊരു ഗതികേട് ഇന്ത്യയില്‍ മറ്റൊരു സ്പീക്കര്‍ക്കുമുണ്ടായിട്ടില്ലെന്ന് കെ ആര്‍ രമേശ് കുമാര്‍ പറഞ്ഞു.

ഇതുവരെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ അനുനയശ്രമങ്ങള്‍ക്ക് ഫലം കണ്ടിട്ടില്ല. കഴിഞ്ഞ മൂന്ന് ദിവസമായി ഭരണകക്ഷി സഭയില്‍ ന്യൂനപക്ഷമാണ്. സ്പീക്കര്‍ ഉള്‍പ്പെടെ 101 പേരുടെ പിന്തുണയാണ് കുമാരസ്വാമി സര്‍ക്കാരിനുള്ളത്. എന്നാല്‍ പ്രതിപക്ഷത്തുള്ള ബിജെപിക്ക് 105 പേരുടെ പിന്തുണയുണ്ട്. സ്വതന്ത്ര എംഎല്‍എ എച്ച് നാഗേഷിനെ സഭയിലെത്തിച്ചാല്‍ സഖ്യസര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപിക്ക് സാധിക്കും. മുംബൈയിലെ റിസോര്‍ട്ടില്‍ 15 എംഎല്‍എമാരാണ് തുടരുന്നത്. കോണ്‍ഗ്രസ് എംഎല്‍എമാരായ ശ്രീമന്ത് പാട്ടീല്‍, ബി നാഗേന്ദ്ര എന്നിവര്‍ സഭയില്‍ എത്താന്‍ സാധ്യത കുറയുന്നതും കോണ്‍ഗ്രസിന് തിരിച്ചടിയാകും.

 

You must be logged in to post a comment Login