കര്‍ണ്ണാടകത്തില്‍ നാല് എം എല്‍ എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്; എം എല്‍ എമാര്‍ അയോഗ്യരായാല്‍ കോണ്‍ഗ്രസിന്റെ അംഗബലം 76 ആകും

ബംഗളുരു: കര്‍ണാടകത്തിലെ നാല് കോണ്‍ഗ്രസ് എം എല്‍ എമാരെ അയോഗ്യരാക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. നാല് എം എല്‍ എമാര്‍ അയോഗ്യരായാല്‍ കോണ്‍ഗ്രസിന്റെ അംഗബലം 76 ആകും. കോണ്‍ഗ്രസ് വിപ്പ് ലംഘിച്ച നാല് എം എല്‍ എമാരെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കണമെന്ന് ആശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത് നല്‍കുമെന്ന് നിയമസഭ കക്ഷി നേതാവ് സിദ്ധരാമയ്യ പറഞ്ഞു. കോണ്‍ഗ്രസ്സും ജെ ഡി എസും ചേര്‍ന്നാല്‍ 113 അംഗങ്ങളുടെ പിന്തുണയാകും പിന്നീടുണ്ടാകുക.

സഭയിലെ ആകെ അംഗങ്ങള്‍ 220 ആകുകയും ചെയ്യും. കേവല ഭൂരിപക്ഷത്തില്‍നിന്ന് രണ്ട് സീറ്റ് കൂടുതല്‍ ഉണ്ടാകും. ഇവരെ അയോഗ്യരാക്കുന്നതോടെ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് ഭീഷണി ഉണ്ടാകില്ല. എന്നാല്‍ കൂടുതല്‍ എം എല്‍ എ മാര്‍ ബിജെപി പാളയത്തിലേക്ക് പോയാല്‍ മാത്രമായിരിക്കും സഖ്യത്തിന് ഭീഷണി ഉണ്ടാകുക.

രമേഷ് ജര്‍ക്കിഹോളി, ബി നാഗേന്ദ്ര, കെ മഹേഷ്, ഉമേഷ് ജാദവ് എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. നിയമസഭാ കക്ഷി യോഗത്തിലും ബജറ്റ് സമ്മേളനത്തിലും എം എല്‍ എമാര്‍ പങ്കെടുത്തിരുന്നില്ല. ഇതിന് എംഎല്‍എമാര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

You must be logged in to post a comment Login