കര്‍ണ്ണികാരം

 

ജയലക്ഷ്മി യു.എസ്.

പൂപ്പാട്ടുകള്‍ മുതല്‍ പൂ വിഭവങ്ങള്‍വരെ നിറഞ്ഞ സവിശേഷമായ പുഷ്‌പോത്സവത്തിനാണ്
അഷ്ടമിച്ചിറ ഗാന്ധി സ്മാരക ഹൈസ്‌കൂള്‍ വേദിയായത്. കര്‍ണ്ണികാരം എന്ന് പൊതുപേരിട്ട
പരിപാടിയിലെ വേദികളുടെ പേരുകള്‍ കദംബം, ഉഷമലര്, മഞ്ജരി, കല്യാണസൗഗന്ധികം,
പാരിജാതം, നിശാഗന്ധി… എന്നിങ്ങനെ

പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി
പൂക്കുന്നു തേന്മാവ് പൂക്കുന്ന ശോകം
വായ്ക്കുന്നു വേലിക്കു വര്‍ണ്ണങ്ങള്‍ പൂവാല്‍
ചോക്കുന്നു കാടന്തിമേഘങ്ങള്‍പോലെ

കേരളത്തിലെ പൂക്കളുടെ മുഴുവന്‍ സൗന്ദര്യവും പേറുന്നതാണീ വരികള്‍.ഓരോ നാടിന്റെയും സംസ്‌കാരത്തിന്റെ നിറപ്പകിട്ടാര്‍ന്ന അടയാളങ്ങളാണ് പൂക്കള്‍.വംശനാശം നേരിടുന്ന നമ്മുടെ നാട്ടുപൂക്കളെ വരും തലമുറ യ്ക്കു പരിചയപ്പെടുത്തുക,മുതിര്‍ന്ന വരില്‍ ഗൃഹാതുരത്വത്തിന്റെ മധുരസ്മരണകള്‍ ഉണര്‍ത്തുക, അതിനുമപ്പുറം നാടിന് ഭീഷണി യായി നില്‍ക്കുന്ന ദാരിദ്ര്യം പോഷകാഹാരക്കുറവ് എന്നിവ യ്ക്ക് പരിഹാരമായി പൂക്കളെ വിനിയോഗിക്കുക എന്നീ ലക്ഷ്യങ്ങളായിരുന്നു ഈ പുഷ്‌പോത്സവത്തിനു പിന്നില്‍. വിദേശിപൂക്കള്‍ പ്രദര്‍ശിപ്പിക്കുന്ന ആധുനിക പുഷ്പമേളക്കു പകരം കാട്ടുപൂക്കളെന്നു വിളിച്ച് നാം നാടുകടത്തിയ നാട്ടുപൂക്കളെ തിരിച്ചെത്തിച്ച് ഒരു വര്‍ണ്ണോത്സവം അതായിരുന്നു മനസ്സില്‍. കഴിഞ്ഞ ഒക്ടോബര്‍ 5 വ്യാഴാഴ്ച യായിരുന്നു ആ വര്‍ണ്ണവിസ്മയം തീര്‍ക്കാന്‍ ഞങ്ങള്‍ കുറിച്ച ദിനം.
ആദ്യമായാണ് ഇത്തരം ഒരു മേള സ്‌കൂളില്‍ നടത്തുന്നത്. തലേന്ന് നടത്താവുന്ന ഒരുക്കങ്ങള്‍ക്ക് പരിമിതിയുണ്ട്. രാവിലെ തിരക്കുകള്‍ക്കിടയില്‍ അദ്ധ്യാപകരും,കുട്ടികളും രക്ഷിതാക്കളുംം പൂക്കള്‍ ശേഖരിച്ച് എത്തിച്ചാലേ സംഗതി നടക്കൂ.10 മണിക്ക് എം എല്‍ എ ഉദ്ഘാടനത്തിന് എത്തുമ്പോഴേക്ക് എല്ലാം ഒരുങ്ങണം .ഞങ്ങള്‍ അദ്ധ്യാപകര്‍ക്കും പി ടി എ അംഗങ്ങള്‍ക്കും അതിന്റെ ഒരു അങ്കലാപ്പ് ഉണ്ടായിരുന്നു. എന്നാല്‍ ഞങ്ങളുടെ ആവലാതി കളെയല്ലാം അസ്ഥാനത്താക്കി 10 മണിക്ക് മുന്‍പേ സ്‌കൂള്‍ ഹാള്‍ ഒരു പൂങ്കാവനമാക്കിമാറ്റി ഞങ്ങളുടെ കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും കൂടി. ആഗതരെ വരവേല്‍ക്കാന്‍ മുറ്റത്ത് ഒരു കമാനം മുല്ലയും കോളാമ്പി യും പുല്ലാനിയും കുലമറിയനും അടങ്ങുന്ന വള്ളിച്ചെടികള്‍കൊണ്ട്.
പൂക്കളെ വര്‍ഗ്ഗീകരിച്ച് പേരെഴുതി പ്രദര്‍ശിപ്പിച്ചതോടൊപ്പം അവയുടെ ശാസ്ത്ര നാമം ഔഷധഗുണങ്ങള്‍ എന്നിവ യും ചേര്‍ത്ത് ഭംഗിയായി തയ്യാറാക്കിയ ചാര്‍ട്ടുകള്‍ കൂടുതല്‍ വിജ്ഞാനപ്രദമായി. ഒരു ഭാഗത്ത് നാട്ടുപൂക്കളെ ക്കൊണ്ടും,ഇലകള്‍ കൊണ്ടും,പച്ചക്കറി കള്‍ കൊണ്ടും ധാന്യങ്ങള്‍ കൊണ്ടും തയ്യാറാക്കിയ പൂക്കളങ്ങളുടെ ദൃശ്യചാരുത. ‘കദംബം’ഹാളില്‍ നിന്നുംപുറത്തിറങ്ങിയാല്‍ പ്രധാന വേദിയായ ഉഷമലരിയിലേയ്ക്ക്. അവിടെ ഉദ്ഘാടനവും വ്യത്യസ്തത പുലര്‍ത്തി. സ്‌കൂള്‍ അങ്കണത്തില്‍ നിന്ന് പൂക്കൂടകളില്‍ കുട്ടികള്‍ ശേഖരിച്ച പൂക്കളും ‘പൂവേ പൊലി പൂവേ’ പാട്ടുമായാണ് എം എല്‍ എ അഡ്വ. വി ആര്‍ സുനില്‍ കുമാറിനെ കുട്ടികള്‍ വരവേറ്റത്. അദ്ദേഹവും,പഞ്ചായത്ത് പ്രസിഡന്റ് പി കെ സുകുമാരനും ചേര്‍ന്ന് നിറച്ചത് മൂന്ന് പറ. പൂപ്പറ ,മലര്‍പറ, നെല്‍പറ.

തുടര്‍ന്ന് ഈ പുഷ്‌പോത്സവത്തിനായി ജഗജീവന്‍മാസ്റ്റര്‍ പ്രത്യേകം എഴുതി തയ്യാറാക്കിയ പൂപ്പാട്ടിന്റെ അവതരണം. നാടന്‍പാട്ടിന്റെ താളമേള കൊഴുപ്പില്‍ മതിമറന്ന സദസ്യരുടെ കയ്യടിയിലും ആ താളം പ്രതിഫലിച്ചു. ശ്രീധരന്‍ മാഷ് അവതരിപ്പിച്ച വിഷയാധിഷ്ഠിത ചോദ്യങ്ങള്‍ക്ക് സദസ്സില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പൂവുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകളും, കടങ്കഥകളും പുരാവൃത്തങ്ങളും ചോദ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ശ്രോതാക്കളുടെ ജിജ്ഞാസ വര്‍ദ്ധിച്ചു.ഔഷധി. ആയുര്‍വേദ ഹോസ്പിറ്റലിലെ ഡോ. രജിതന്‍ പൂക്കളുടെ രോഗശമന സാധ്യത കളെക്കുറിച്ച് നയിച്ച ക്ലാസ് ഏറെ ഫലപ്രദമായി. ‘മഞ്ജരി’യില്‍ വിവിധതരം പൂമാല, ബൊക്കെ നിര്‍മ്മാണവും ഡെമൊണ്‍സ്‌ട്രേഷനും പ്രദര്‍ശനവും. കുട്ടികളായ അഹല്യയുടെയും അച്യുതിന്റെയും പാടവം കാണികളെ അതിശയിപ്പിച്ചു. ‘കല്യാണ സൗഗന്ധികം’ പൂക്കളികളുടെ താളലയ സൗന്ദര്യം കൊണ്ട് ഏവരുടെയും മനം നിറച്ചു. തുമ്പി തുള്ളലും, നാരങ്ങ പാലും, പൂപറിക്കാന്‍ പോരുമോ തുടങ്ങി മലയാളി മറന്നു തുടങ്ങിയ നാടന്‍ കളികളെ പുതിയ തലമുറയ്ക്കു പരിചയപ്പെടുത്തുവാന്‍ കഴിഞ്ഞു.
‘പാരിജാത’ത്തില്‍ പൂപാചകം. പൂവിഭവങ്ങളുടെ കൊതിപ്പിക്കുന്ന ഗന്ധം മുതിര്‍ന്നവരുടെ യും കുട്ടികളുടെയും വായില്‍ വെള്ളമൊഴുക്കിയിരിക്കണം.28 തരം വിഭവങ്ങളാണ് ഞങ്ങളുടെ അദ്ധ്യാപകരും പി ടി എ യും ചേര്‍ന്ന് ഒരുക്കിയത്.മത്തപ്പൂ ബജിയും,മുല്ലപ്പൂ സൂപ്പും, ചെമ്പരത്തി സ്‌ക്വാഷും,ചില്ലിഗോപിയും മുക്കുറ്റി ഓംലറ്റും …അങ്ങനെ നീളുന്നു. നിശാഗന്ധി യിലെ പൂക്കള്‍ തിരിച്ചറിയല്‍ മത്സരത്തില്‍ കുട്ടികളും,മുതിര്‍ന്നവരും വീറോടെ മത്സരിച്ചു.അറിവും ആനന്ദവും ഒപ്പത്തിനൊപ്പം. ഏവരേയും അതിശയിപ്പിച്ചുകൊണ്ട് ചക്കാം പറമ്പ് ഡി പി എം യു പി എസിലെ അന്ന ബാബു എന്ന മിടുക്കി 66 പൂക്കളില്‍ 48 ഉം തിരിച്ചറിഞ്ഞ് ഒന്നാം സ്ഥാനത്ത്. മുതിര്‍ന്നവരുടെ മത്സരം ഓര്‍മ്മ പരിശോധന കൂടി യായിരുന്നു.ആനപ്പാറ എന്‍ എസ് എല്‍ പി എസിലെ സുജ ടീച്ചറും പി ടി എ അംഗം സുജ മാധവും ഒന്നാം സ്ഥാനം പങ്കിട്ടു. യോഗത്തിനിടെ വിതരണം ചെയ്ത ചെമ്പരത്തി സ്‌ക്വാഷിന്റെയും ചുക്കുകാപ്പിയുടെയും രുചി ആരും മറക്കാനിടയില്ല. എല്ലാറ്റിനും അമരക്കാരനായി ഞങ്ങള്‍ക്കൊപ്പം നിന്നു വി കെ ശ്രീധരന്‍ മാഷ്.നിര്‍ദ്ദേശങ്ങളുടെ കുറിപ്പടികള്‍ കൊടുത്തു വിട്ടും ,ഫോണ്‍ വിളിച്ചും, ഇടയ്ക്കിടെ ഓടിയെത്തിയും ഒരു സംഘാടകന്റെ ഉത്തരവാദിത്വം തുടക്കം മുതല്‍ ഒടുക്കം വരെ നന്നായി നിറവേറ്റി അദ്ദേഹം.മധുരതരമായ ആ ദിനത്തിന്റെ ഓര്‍മ്മ യ്‌ക്കൊപ്പം സഹകരിച്ച എല്ലാവരോടുമുള്ള നന്ദി യും സ്‌നേഹവും നിറഞ്ഞു നില്‍ക്കുന്നു ഹൃദയത്തില്‍.

 

You must be logged in to post a comment Login