കര്‍ത്ത്യായിനിയമ്മ സൂപ്പറാ; 96-ാം വയസ്സില്‍ 98 മാര്‍ക്ക്

തിരുവനന്തപുരം: പല്ലുകള്‍ കൊഴിഞ്ഞു. ശരീരത്തില്‍ പ്രായത്തിന്റെ ക്ഷീണത കണ്ടുതുടങ്ങി. പക്ഷെ ചുറുചുറുക്കിലും ഓര്‍മശക്തിയിലും കര്‍ത്യായനിയമ്മ ചെറുപ്പമാണ്. സാക്ഷരതാ മിഷന്റെ നാലാം ക്ലാസ് തുല്യത പരീക്ഷയില്‍ 98 മാര്‍ക്കോടെയാണ് കര്‍ത്യായനിയമ്മ പാസായത്. സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനക്കാരിയാണ് 96 വയസ്സുള്ള ഈ ചെറുപ്പക്കാരി.

98 മാര്‍ക്കെന്നത് നാലാം ക്ലാസ് തുല്യതാ പരീക്ഷയുടെ ചരിത്രത്തിലെ റെക്കോര്‍ഡാണെന്ന് സാക്ഷരതാ മിഷന്‍ പറയുന്നു. പാസായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് മുഖ്യമന്ത്രി നാളെ നല്‍കും.

സാക്ഷരതാ മിഷന്റെ അക്ഷരഫലം പദ്ധതിയുടെ ഭാഗമായിരുന്നു ഈ പരീക്ഷ. 99.08 ശതമാനമാണ് വിജയശതമാനം. 43,330 പേര്‍ പരീക്ഷയെഴുതിയതില്‍ 42,933 പേരും വിജയിച്ചു.

നൂറാം വയസ്സില്‍ പത്താം ക്ലാസ് തുല്ല്യതാ പരീക്ഷ പാസ്സാവണമെന്ന മോഹമാണ് കര്‍ത്ത്യായനിയമ്മയ്ക്ക് ഇനിയുള്ളത്. മനോരമ പത്രത്തില്‍ വന്ന ചിത്രത്തില്‍ കര്‍ത്യായനിയമ്മയുടെ അടുത്തിരുന്ന് പരീക്ഷയെഴുതിയ രാമചന്ദ്രന്‍പിള്ളയ്ക്ക് 88 മാര്‍ക്കാണ് ലഭിച്ചത്.

നേരത്തെ പരീക്ഷയെഴുതാന്‍ എത്തിയ കര്‍ത്യായനിയമ്മയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. റിസള്‍റ്റ് വന്നതോടെ വീണ്ടും തരംഗമായിരിക്കുകയാണ് കര്‍ത്യായനിയമ്മ.

You must be logged in to post a comment Login