കര്‍ഷക ആത്മഹത്യകള്‍ക്കു പിന്നില്‍…

kar_2016may27ma3

കര്‍ഷക ആത്മഹത്യകള്‍ കൂടിവരികയാണ്. കാര്‍ ഷിക വായ്പയുടെയും കടക്കെണിയുടെയും ഉപജീവനമാര്‍ഗമില്ലാത്തതിന്റെയും പേരില്‍. ഇതില്‍ ചുരുക്കം ചിലത് ദിനപത്രങ്ങളുടെ താളുകളിലൂടെ കടന്ന് മറവിയില്‍ മങ്ങുന്നു. ആലംബഹീനരായ എത്രയോ കുടുംബങ്ങള്‍. ഫെബ്രുവരി പകുതിയോടെ കാര്‍ഷിക ഗ്രാമങ്ങളടങ്ങുന്ന പാലക്കാടിനെ ചൂട് വിഴുങ്ങുന്നു. ഏകദേശം നാലുമാസത്തോളം പാലക്കാട്ടുകാര്‍ക്ക് ടാപ്പിംഗ് സാധിക്കുകയില്ല. അഞ്ച് ഏക്കര്‍ റബര്‍ തോട്ടമുള്ളവര്‍ക്ക് കൂട്ടിക്കിഴിച്ച് കഴിയുമ്പോള്‍ മാസവരുമാനം പതിനയ്യായിരം രൂപയാണ്. സാധാരണക്കാര്‍ക്ക് ഒന്നോ, രണേ്ടാ ഏക്കര്‍ റബര്‍ തോട്ടമേഉള്ളൂ. ഉപജീവനവും മരുന്നും കുട്ടികളുടെ പഠനവുമൊക്കെ എങ്ങനെ ഇതുകൊണ്ട് സാധ്യമാകും.

വേനലിന്റെ നാലു മാസവും കടുത്തമഴയിലെ രണ്ടു മാസവും കഴിച്ച് വര്‍ഷത്തില്‍ ആറുമാസം റബര്‍ വെട്ടാം. ഇറക്കുമതിയും വിലയിടിവും കര്‍ഷക ജീവിതത്തെ ദുരിതത്തിലാഴ്ത്തുന്നു. റബര്‍ വിലയിടിവ് കാരണം സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്തവരുടെ സ്ഥിതി വളരെ ദയനീയം. ഇക്കഴിഞ്ഞ ഓണക്കാലത്ത് കൃഷിയിടങ്ങളില്‍ നിന്നും കപ്പ വിറ്റത് കിലോയ്ക്ക് കേവലം അഞ്ചുരൂപയ്ക്ക്. ഏത്തവാഴക്കുലയ്ക്ക് പതിനാല് രൂപ മുതല്‍ ഏഴ് രൂപവരെ. പച്ചക്കറിയുടെ സ്ഥിതിയും ഒട്ടും വിഭിന്നമല്ല. പാവയ്ക്ക, കൃഷി സ്ഥലത്തു നിന്ന് വണ്ടിക്കൂലി മുടക്കി പാലക്കാട് ടൗണില്‍ കൊണ്ടുപോയി കൊടുത്താല്‍ കിട്ടിയിരുന്നത് ഒരു കിലോയ്ക്ക് അഞ്ചു രൂപ വരെ താണു. കര്‍ഷകന്‍ തേങ്ങ വില്‍ക്കുന്നത് കിലോയ്ക്ക് പതിമൂന്ന്/പതിനാല് രൂപയ്ക്ക്. ഇഞ്ചികൃഷിയും നെല്‍കൃഷിയും പാടെ നഷ്ടം.

ഉപജീവന മാര്‍ഗമില്ലാതെ കര്‍ഷകന്‍ ആത്മഹത്യ ചെയ്യുന്നു. കുന്നംകുളത്തുകാരന്‍ ശശി പാടത്ത് തീയിടുമ്പോള്‍ ഇതിലകപ്പെട്ട് മരിച്ചു. ശാന്തന്‍ പാറയില്‍ 64 കാരന്‍ കര്‍ഷകന്‍ സ്വയം ചിതയൊരുക്കി ജീവനൊടുക്കി, മലയന്‍ കീഴില്‍ കാര്‍ഷിക വായ്പയുടെ പേരില്‍ ജപ്തി നോട്ടീസ് ലഭിച്ച കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. ഇനിയും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത എത്രയോ കര്‍ഷക ആത്മഹത്യകള്‍ ദിനം പ്രതി നടക്കുന്നു. കര്‍ഷകരെ ആത്മഹത്യയിലേയ്ക്ക് വലിച്ചിഴക്കുന്ന സാഹചര്യത്തില്‍ നിന്ന് സംരക്ഷിക്കേണ്ട കര്‍ത്തവ്യം ആര്‍ ക്കാണ്? ഭരണ പക്ഷത്തിനോ? പ്രതിപക്ഷത്തിനോ? (കര്‍ഷകര്‍ ഏതു ജാതിയില്‍പ്പെടും) കേരളം ജീവന്റെ വിലമറന്ന് ബഹുദൂരം ഓടുകയാണോ? ഇലക്ഷന്‍ ചൂടുപിടിക്കുമ്പോല്‍ പാലക്കാടിന്റെ കര്‍ഷകര്‍ ഉപജീവനമാര്‍ഗത്തിനും കുടിവെള്ളത്തിനും വേണ്ടി കേഴുന്നു.

ഈ വര്‍ഷം മാര്‍ച്ച് തുടക്കം മുതല്‍ പാലക്കാട് ചൂട് 40 ഡിഗ്രിയിലാണ്. ഇങ്ങനെ തുടര്‍ന്നാല്‍ കേരളത്തിന്റെ സഹാറ എന്ന് പാലക്കാട് അറിയപ്പെടും. രാവിലെ പതിനൊന്നു മുതല്‍ ഉച്ചയ്ക്ക് മൂന്ന് മണിവരെ പുറത്ത് പൊള്ളുന്ന ചൂട്. അകത്ത് പുഴുങ്ങുന്ന ചൂട്. പാടങ്ങളും വറ്റിവരണ്ടു. ശുദ്ധജലത്തിനായി കിലോമീറ്ററുകളോളം നടക്കേണ്ടിവരുന്നു. ഓരോ പഞ്ചായത്തിലും അതാതു സ്ഥലത്തെ കുടിവെള്ളത്തിന് വ്യവസ്ഥകള്‍ ചെയ്തിരുന്നെങ്കില്‍ ഇന്ന് ഈ സ്ഥിതി വരില്ലായിരുന്നു.

തൊണ്ണുറുശതമാനം പേരും കൃഷിയെ ആശ്രയിച്ചിരുന്ന കാലത്ത് കര്‍ഷക ആത്മഹത്യ കേട്ടുകേള്‍വിപോലുമില്ലായിരുന്നു. അന്ന് മഹാബലി തമ്പുരാന്റെ കാലം പോലെ മാനുഷരെല്ലാം ഒന്നായിരുന്നു. അന്ന് ഒരോ കുടുംബത്തിലും ചുരുങ്ങിയത് അഞ്ചും ആറും മക്കളുണ്ടായിരുന്നു. അപ്പനും മക്കളും ഒരുമിച്ച് വേല ചെയ്യുന്നു. അധ്വാനിക്കാനുള്ള മനഃസാന്നിധ്യവും, സമയ ദൈര്‍ഘ്യവുംപോലും അധ്വാനിക്കുന്ന കര്‍ഷകന് ഉത്തേജനമായിരുന്നു. അന്ന് കാര്‍ഷിക ലോണിനെക്കുറിച്ച് കര്‍ഷകന് അറിവില്ലായിരുന്നു. ബാങ്കുകാര്‍ ലോണ്‍ കൊടുക്കാന്‍ തയാറാല്ലായിരുന്നു. അതുകൊണ്ട് കടക്കെണി ഇല്ലായിരുന്നു. കൂടാതെ സാംസ്‌കാരിക മാറ്റവും അഗോളവത്കരണവും കമ്പോളവത്കരണവും കാര്‍ഷിക മേഖലയെ തകര്‍ത്തുകൊണ്ടിരിക്കുന്നു. ഇന്നും പാലക്കാടിനെ എണ്‍പതു ശതമാനം ഗ്രാമവാസികളും കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നു. ഇവര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ സാധിക്കുന്നില്ല. മനഃശാസ്ത്രപരമായി വിലയിരുത്തിയാല്‍ മധ്യവയസ് എത്തുമ്പോള്‍ ജീവിതത്തെ പിന്തിരിഞ്ഞ് നോക്കുന്നു. സമ്പാദ്യങ്ങളൊന്നുമില്ല. മുമ്പില്‍ ഒരു തരം ശൂന്യത. ഇതുചിലരെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാന്‍ പ്രേരിപ്പിക്കുന്നു. ചിലരെ മാനസിക വിഭ്രാന്തിയിലേയ്ക്കു നയിക്കുന്നു. മദ്യത്തിന് അടിമയാക്കുന്നു. ഇത് ആത്മഹത്യയിലേയ്ക്ക് നയിക്കുന്നു.

ഒരു കര്‍ഷകനും ഒരു സുപ്രഭാതത്തില്‍ ആത്മഹത്യ ചെയ്യുന്നതല്ല. വളരെ അധികം ചിന്തിച്ച് തീരുമാനമെടുക്കുന്നതാണവര്‍. അവരുടെ മരണം സമാന സമൂഹത്തില്‍ ഒരു മാറ്റം ഉണ്ടാക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു. ഇനി ആര്‍ക്കും ഇങ്ങനെ ഒരവസ്ഥ ഉണ്ടാകരുതെന്നും, താന്‍ മരിച്ചാല്‍ തന്റെ കുടുംബം രക്ഷപ്പെടുമെന്നും, കടബാധ്യതകള്‍ ഒഴിവാക്കപ്പെടുമെന്നും, സാമൂഹ്യനീതിബോധമുള്ളവരുടെ കണ്ണ് തുറക്കപ്പെടുമെന്നും, കാര്‍ഷിക മേഖല പുനരുദ്ധരിക്കപ്പെടുമെന്നുമവര്‍ വിശ്വസിക്കുന്നു. ഒരു മനുഷ്യനും മരിക്കാനാഗ്രഹിക്കുന്നില്ല. ജീവിച്ച് കൊതി തീര്‍ന്ന് ആരും മരിച്ചിട്ടുമില്ല. പക്ഷേ മരണമെന്ന സനാതന സത്യത്തെ മനുഷ്യന്‍ ഉള്‍ക്കൊള്ളുന്നെന്നുമാത്രം. ആത്മഹത്യയ്ക്ക് തയാറാകുന്നവര്‍ വല്ലാത്തൊരു നിരാശയിലും ഡിപ്രഷനിലുമായിരിക്കും(വിഷാദം). തനിക്കു മുമ്പില്‍ എല്ലാ വാതിലുകളും അടഞ്ഞതായി അനുഭവപ്പെടുമ്പോള്‍ മരണത്തെക്കുറിച്ച് ചിന്തിക്കുന്നു. മനുഷ്യന്റെ ഉള്ളില്‍ നിന്ന് വരുന്ന വാക്കുകള്‍ക്ക് ജീവനുണ്ട്. ആ വാക്കുകള്‍ ഒരു വ്യക്തിയെ പ്രതിഫലിപ്പിക്കുന്നു. അവന്റെ ഉള്ളില്‍ നിന്ന് വരുന്നത് ജീവന്റെ വാക്കുകള്‍ (ആശ) ആണോ? അതോ മരണത്തിന്റെ (നിരാശ) വാക്കുകളാണോ എന്ന് നാം തിരിച്ചറിയണം. നിരാശയില്‍ അകപ്പെട്ടവരില്‍ ഇങ്ങനെ ചില ലക്ഷണങ്ങള്‍ കാണാന്‍ സാധിക്കും. ഉറക്കത്തിലും ഭക്ഷണ ശീലത്തിലുമുള്ള വ്യതിയാനങ്ങള്‍, കൂട്ടുകാരില്‍ നിന്നും, ബന്ധുക്കളില്‍ നിന്നും ഒളിച്ചോടുക, ആഘോഷങ്ങളില്‍ പങ്കെടുക്കാതിരിക്കുക, ദിനചര്യയില്‍ മാറ്റം വരുക, പെട്ടെന്ന് ദേഷ്യം വരുക, അകാരണമായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക, നിരന്തരമായി ശാരീരികാസുഖങ്ങള്‍ വരുക (തലവേദന, വയറുവേദന) മദ്യം, മയക്കുമരുന്ന് തുടങ്ങിയവ ഉപയോഗിക്കുക, മറ്റുള്ളവരെ കുറ്റപ്പെടുത്തുക, എല്ലാകാര്യങ്ങളിലും പരാതി പറയുക ഇടയ്ക്ക് ഞാന്‍ ആര്‍ക്കും ഒരു പ്രശ്‌നമാകില്ല, എന്റെ ജീവിതം കൊണ്ട് ഒരുപകാരവുമില്ല എന്ന് പറഞ്ഞുകൊണ്ടിരിക്കും. ചിലര്‍ ചിന്തകള്‍ മാറി സ്വപ്നലോകത്ത് ജീവിക്കും (ഹാലുസിനേഷന്‍).

കേരളത്തിന്റെ പ്രത്യേക പരിസ്ഥിതി അനുസരിച്ച് കര്‍ഷകരെ ആത്മഹത്യയില്‍ നിന്ന് സംരക്ഷിക്കാന്‍ കൂട്ടായ പ്രവര്‍ത്തനം അനി വാര്യമാണ്. ഗ്രാമങ്ങള്‍ തോറും കര്‍ഷക കൂട്ടായ്മ ഉണ്ടാക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍അവസരം നല്‍കുകയും ചെയ്യണം. കര്‍ഷകന്റെ മാനസികാരോഗ്യത്തിനുതകുന്ന കൗണ്‍സിലിംഗ് ക്ലാസുകള്‍ നല്‍കുക. കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് കര്‍ഷകന് ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുക. ജീവിതത്തിന്റേയും ജീവന്റേയും അര്‍ഥവും മൂല്യവും മനസിലാക്കി കൊടുക്കുക, സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ജലസ്രോതസുകളെ പരമാവധി ഉപയോഗപ്പെടുത്തുക, ഒരു വീടിന് ഒരു മഴവെള്ള സംഭരണി പദ്ധതി നടപ്പാക്കുക. കുളങ്ങളെ സംരക്ഷിക്കുക. കാര്‍ഷിക സംസ്‌കാരത്തെ നിലനിര്‍ത്തുക.

കൃഷിയാകുന്ന അടിത്തറമേല്‍ പണിതുയര്‍ത്തപ്പെട്ട കേരളം കര്‍ഷകരാകുന്ന നെടും തൂണുകള്‍ കടപുഴകി വീഴുമ്പോല്‍ ഹൈടെക് മേല്‍ക്കുരയുടെ പതനം അതിദാരുണമായിരിക്കും. വെട്ടിപ്പിടിക്കലിന്റേയും സാമ്രാജ്യത്വത്തിന്റേയും കാലഘട്ടത്തില്‍ അന്യം നിന്ന് പോകരുത് നമ്മുടെ കാര്‍ഷിക സംസ്‌കാരം.

കടപ്പാട്: ദീപിക

You must be logged in to post a comment Login