കര്‍ഷക വഞ്ചനയ്‌ക്കെതിരെ തെരഞ്ഞെടുപ്പില്‍ പ്രതികരിക്കും; കര്‍ഷക ഫെഡറേഷന്‍

ആലപ്പുഴ: കര്‍ഷകരുടെ വായ്പകള്‍ക്ക് 2019 ഡിസംബര്‍ 31 വരെ മോററ്റോറിയം പ്രഖ്യാപിച്ചെങ്കിലും സര്‍ക്കാര്‍ ഉത്തരവായി ഇറക്കുവാന്‍ സാധിക്കാതെ വന്നത് ഉദ്യോഗസ്ഥ തലത്തിലുള്ള അലംഭാവവും കൃഷിവകുപ്പ് നേതാക്കളുടെ ഉത്തരവാദിത്വ കുറവുമാണെന്നും കാര്‍ഷിക വായ്പകള്‍ക്ക് മോററ്റോറിയമല്ല വേണ്ടതെന്നും തിരിച്ചടവിന് നിവര്‍ത്തിയില്ലാതെ വിഷമിക്കുന്ന കര്‍ഷകര്‍ക്ക് വായ്പയെഴുതി തള്ളലാണ് നടപ്പിലാക്കേണ്ടിയിരുന്നതെന്നുംകേരള സംസ്ഥാന നെല്‍നാളികേര കര്‍ഷക ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടന്‍ പറഞ്ഞു.

കൃഷിക്കാരോടുള്ള സംസ്ഥാന സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് കൃഷിക്കാര്‍ അവരുടെ സമ്മതിദാനാവകാശം ഐക്യജനാധിപത്യ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കവാന്‍ വിനിയോഗിക്കുമെന്നും ബേബി പാറക്കാടന്‍ പറഞ്ഞു. കുട്ടനാടന്‍ കര്‍ഷകര്‍ നേരിടുന്ന ആനുകാലിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കൂടിയ കേന്ദ്രസമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബേബി പാറക്കാടന്‍. ആലപ്പുഴ നരസിംഹപുരം ഓഡിറ്റോറിയത്തില്‍ കൂടിയ യോഗത്തില്‍ വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. പ്രദീപ് കൂട്ടാല അദ്ധ്യക്ഷത വഹിച്ചു.

സിബി കല്ലുപാത്ര, ജോര്‍ജ് തോമസ് ഞാറക്കാട്ട്, ജോഷി പരുത്തിക്കല്‍, രാജന്‍ ഈപ്പന്‍ മേപ്രാല്‍, തോമസ് ചാക്കോ വീയ്യപുരം, ഇ ഷാബ്ദീന്‍, വി ടി രാമചന്ദ്രപണിക്കര്‍, ജോസഫ് മാത്യു കുമരകം, ജേക്കബ് എട്ടുപറയില്‍ എന്നിവര്‍ പങ്കെടുത്തു. ഐക്യജനാധിപത്യ മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് വിപുലമായ കര്‍ഷകസമ്മേളനം ഏപ്രില്‍ ആറിന് ആലപ്പുഴയില്‍ നടത്തുവാനും യോഗം തീരുമാനിച്ചു.

You must be logged in to post a comment Login