കറിവേപ്പ് നിര്‍ബന്ധം

ncrp0134252

കേള്‍ക്കുന്നതെല്ലാം പച്ചക്കറിയിലെ വിഷാംശത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍. അതിലേറെ വിഷമുള്ളത് നമ്മുടെ സ്വന്തം കറിവേപ്പിലയിലും. കറിവേപ്പില ഇല്ലാത്ത ഒരു കറിയെക്കുറിച്ചും ആലോചിക്കാന്‍ കഴിയാത്ത നമ്മള്‍ മലയാളികള്‍ എന്തു ചെയ്യും?നമ്മള്‍ നമ്മുടെ പച്ചക്കറിത്തോട്ടത്തില്‍ നിര്‍ബന്ധമായി ഉള്‍പ്പെടുത്തേണ്ട ഒരു വിളയാണ് കറിവേപ്പ്. നമുക്കു വേണ്ട കറിവേപ്പില നമ്മുടെ നാട്ടില്‍ തന്നെ ഉല്പാദിപ്പിക്കാന്‍ കഴിയണം.

കറിവേപ്പില അല്‍പ്പം ശ്രദ്ധയും പരിചരണവുമുണ്ടെങ്കില്‍ നന്നായി വളര്‍ത്താന്‍ കഴിയുന്ന വിളയാണ്. വേരില്‍ നിന്നു മുളച്ചു വരുന്ന തൈകള്‍ വേര്‍പെടുത്തി വേരുപിടിക്കണം ആദ്യം. പിന്നെ സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് നടണം. ഒന്നര അടി സമചതുരത്തിലും താഴ്ചയിലും ഉണങ്ങിയ കാലിവളമിട്ട് മൂടിയ തടത്തില്‍ നടാം. ചെടി നന്നായി വളര്‍ന്നു തുടങ്ങുന്നതുവരെ ഇലകള്‍ പറിക്കാതെ സൂക്ഷിക്കണം.വിളവെടുക്കുന്നതിലും നല്ല ശ്രദ്ധവേണം. സാധാരണയായി ഇലകള്‍ ആവശ്യമുള്ളത്രയും പറിച്ചെടുക്കുന്നതാണ് കാണുന്നത്. എന്നാല്‍ ഓരോന്നായി ശ്രദ്ധ വേണം. ഇലകള്‍ ആവശ്യാനുസരണം ഓരോന്നായി പറിച്ചെടുക്കുന്നതിന് പകരം തലപ്പുകളായി ഒടിച്ചെടുക്കുന്നതാണ് നല്ലത്.

കറിവേപ്പിലെ പ്രധാന പ്രശ്‌നം ഇലമുരടിപ്പാണ്. മണ്ഡരി, മുഞ്ഞ തുടങ്ങിയവയുടെ ആക്രമണമാണ് പ്രധാനകാരണം. പുതിയതും പഴയതുമായ ഇലകളുടെ പുറത്ത് ഇളം പച്ചനിറത്തില്‍ അനേകം ചെറിയ പൊട്ടുകളോ പുതുതായി നാമ്പെടുക്കുന്ന പുതിയ ഇലകളില്‍ ചുരുളുകളും കാണുന്നുണ്ടെങ്കില്‍ മണ്ഡരിയാണെന്ന് ഓര്‍മ്മിക്കാം. ഇതിനൊരു പ്രതിവിധിയുണ്ട്. ഇലയുടെ അടിവശത്ത് നന്നായി വെള്ളം സ്‌പ്രേ ചെയ്ത് മണ്ഡരികളെ കഴുകി കളയണം.

ചെറിയ ചെടികളാണെങ്കില്‍ മറ്റൊരു മാര്‍ഗമാണ്. ഇലകുരുടിപ്പും പൊട്ടുകളും ഉള്ള തലപ്പുകള്‍ തണുത്ത കഞ്ഞിവെള്ളത്തില്‍ മുക്കിയെടുത്ത് ഉണങ്ങാന്‍ അനുവദിക്കണം. കഞ്ഞിവെള്ളത്തിന്റെ പാടയില്‍ മണ്ഡരികള്‍ക്കനങ്ങാന്‍ സാധിക്കാതെ നശിച്ചുപോകും. ആവശ്യമാണെങ്കില്‍ ഒരിക്കല്‍കൂടി ആവര്‍ത്തിക്കുക. പിന്നീടുണ്ടാകുന്ന ഇലകള്‍ ആരോഗ്യത്തോടെ പുറത്തുവരും. അതേ പോലെ അഞ്ചുശതമാനം വീര്യമുള്ള വേപ്പിന്‍കുരുസത്തു ലായനിയോ പത്തുശതമാനം വീര്യമുള്ള സോപ്പുലായനിയോ രണ്ടാഴ്ച ഇടവിട്ട് ഇലകള്‍ നനയുന്ന വിധത്തില്‍ തളിക്കണം.

You must be logged in to post a comment Login