കലാകാരന്മാർ മിക്കവരും മാസശമ്പളക്കാരല്ല, ദിവസക്കൂലിക്കാരാണ്; ഈ സമയത്താണോ നിങ്ങടെ പാട്ടും കൂത്തും എന്ന് ചോദിക്കുന്നവരോട് ഗായിക സിതാര കൃഷ്ണകുമാര്‍


കോവിഡ്
വ്യാപനത്തെ തടയുന്നതിന്റെ ഭാഗമായി കേന്ദ്രം പ്രഖ്യാപിച്ച ലോക് ഡൌണ്‍
മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ജനങ്ങളാരും
പുറത്തിറങ്ങരുതെന്നാണ് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം. ലോക് ഡൌണ്‍
ഭൂരിഭാഗം പേരുടെയും ഉപജീവനം മുട്ടിച്ചിരിക്കുകയാണ്. ദിവസവേതനത്തില്‍ ജോലി
ചെയ്യുന്ന പലരും ജോലി ചെയ്യാനാവാതെ വീട്ടിലിരിക്കേണ്ട അവസ്ഥ.
കലാകാരന്‍മാരും അങ്ങിനെയാണെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഗായിക സിതാര
കൃഷ്ണകുമാര്‍. പാട്ട് പാടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന
ഗായകര്‍ക്കെതിരെയുള്ള പ്രതികരണം കണ്ടാണ് സിതാര രംഗത്ത് വന്നത്.
കലാകാരന്‍മാര്‍ മാസശമ്പളക്കാരല്ലെന്നും ദിവസക്കൂലിക്കാരാണെന്നും സിതാര
ഓര്‍മ്മിപ്പിക്കുകയാണ്.

സിതാരയുടെ കുറിപ്പ് വായിക്കാം

ഒന്നു
രണ്ടു ദിവസങ്ങളായി പാട്ടു പാടി പോസ്റ്റ് ചെയ്യുന്ന സുഹൃത്തുക്കൾക്ക്
പലർക്കും ലഭിച്ച കമന്റുകളിൽ ചിലത് ഇങ്ങനെയാണ് , “ഈ സമയത്താണോ നിങ്ങടെ
പാട്ടും കൂത്തും “, “പാട്ടു പാടാതെ പോയിരുന്നു പ്രാർത്ഥിക്കൂ “, “ലോകം
മുഴുവൻ പ്രശ്‍നം നടക്കുമ്പോളാണ് അവന്റെ ഒരു പാട്ട് ” !!!

ഒന്നു
പറയട്ടെ സുഹൃത്തേ , നിങ്ങൾക്ക് ഫേസ്ബുക്കിൽ കയറാമെങ്കിൽ , കമന്റ്
ഇടാമെങ്കിൽ , ട്രോളുകൾ കണ്ടു ചിരിക്കാമെങ്കിൽ , സിനിമ കാണാമെങ്കിൽ ,പുസ്തകം
വായിക്കാമെങ്കിൽ ഞങ്ങൾ പാടുക തന്നെ ചെയ്യും !!!! ഈ പറയുന്ന വിഷയം
എത്രകണ്ട് മനസ്സിലാകും എന്നറിയില്ല ,കലാകാരന്മാർ മിക്കവരും
മാസശമ്പളക്കാരല്ല ,ദിവസക്കൂലിക്കാരാണ് !!! പലരുടെയും വരുമാനവും
നീക്കിയിരിപ്പും ഏറിക്കുറഞ്ഞിരിക്കും എന്നത് വാസ്തവം തന്നെ , പക്ഷെ
സ്വരുക്കൂട്ടിയ ഇത്തിരിയും കഴിഞ്ഞാൽ പിന്നെ ഒരു തരി വെളിച്ചം ഇല്ല ,ഒരു
തിരിച്ചു കയറ്റത്തിന് ഏറ്റവും കൂടുതൽ കാത്തിരിക്കേണ്ട കൂട്ടർ കലാകാരന്മാർ
തന്നെയാവും !!! എല്ലാവരും സൗഖ്യമായി , എല്ലാവരും ജോലികൾ തുടങ്ങി
എന്നുറപ്പായ ,ഉറപ്പാക്കിയ ശേഷമേ കലാകാരന് തന്റെ കഴിവ് തൊഴിലാക്കാനുള്ള
സാഹചര്യം ഇനിയുള്ളൂ !!!ഈ സത്യവും ,ഈ അനിശ്ചിതാവസ്ഥയും എല്ലാം
തിരിച്ചറിയുമ്പോളും, പണത്തേക്കാൾ , വരുമാനത്തേക്കാൾ പ്രധാനപ്പെട്ടതായി
കലാകാരന്മാർ കരുതുന്ന ചിലതുണ്ട് — നില്ക്കാൻ ഒരു വേദി , മുന്നിൽ
ഇരിക്കുന്ന ആസ്വാദകർ , ഒരു നല്ല വാക്ക് , ഒരു കയ്യടി , നന്നായി -ഇനിയും
നന്നാക്കാം എന്ന വേദിക്കു പുറകുവശത്തെ പ്രോത്സാഹനം !!! ഈ ദുരിത സമയത്ത്
ലോകാരോഗ്യസംഘടനയും , ഡോക്ടർമാരും , ഇതാ ഇന്ന് സർക്കാരുകളും എല്ലാം
ഓർമിപ്പിക്കുന്നു വരാനിരിക്കുന്ന മാനസീക പിരിമുറുക്കങ്ങളെ കുറിച്ച് , അവ
അതിജീവിക്കേണ്ട മാർഗങ്ങളിൽ പ്രധാനം നിങ്ങളീ പറയുന്ന പാട്ടും കൂത്തും
തന്നെയാണ് !!! അതിനാൽ ഞങ്ങൾ പാട്ടും കൂത്തും നടത്തും , ഞങ്ങളുടെയും
നിങ്ങളുടെയും മനസ്സുകൾക്ക് വേണ്ടി , പാട്ടും കൂത്തുമല്ലാതെ മറ്റൊന്നും
വശമില്ലതാനും !!

പ്രാർത്ഥിക്കാൻ പറയുന്നവരോട് , ഇതുതന്നെയാണ്
ഞങ്ങളുടെ പ്രാണനും പ്രാർത്ഥനയും !! അതിനാൽ ഉടലിൽ ഉയിരുള്ളത്രയും നാൾ പാടും
,ആടും ,പറയും !!!!

You must be logged in to post a comment Login