കലാപ കലുഷിതമായി ഡൽഹി; മരണം പതിനെട്ട്; 190 ഓളം പേർക്ക് പരുക്ക്

ഡൽഹിയിൽ കലാപം തുടരുന്നു. കലാപത്തിൽ മരിച്ചവരുടെ എണ്ണം പതിനെട്ടായി. 190 ഓളം പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ 56 ഓളം പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. മുസ്തഫാബാദ്, ചാന്ദ്ബാഗ്, യമുനാ വിഹാർ എന്നിവിടങ്ങളിൽ കലാപകാരികൾ വ്യാപകമായി വീടുകളും വാഹനങ്ങളും തീയിട്ടു. വെടിയേറ്റ് 70 പേർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.

സംഘർഷം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ വടക്കു കിഴക്കൻ ഡൽഹിയിലെ നാല് പൊലീസ് സ്റ്റേഷൻ പരിധിയിൽ കണ്ടാലുടൻ വെടിവെയ്ക്കാനുള്ള ഉത്തരവ് ഡൽഹി പൊലീസ് പുറപ്പെടുവിച്ചിട്ടുണ്ട്. നാലിടങ്ങളിൽ ഏർപ്പെടുത്തിയ കർഫ്യൂ തുടരുകയാണ്. അതേസമയം, സീലംപൂരിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായി. കലാപത്തെ തുടർന്ന് അടച്ച മെട്രൊ സ്റ്റേഷനുകൾ തുറന്നു.

സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചു. 24 മണിക്കൂറിനുള്ളിൽ മൂന്നാമത്തെ യോഗമാണ് അമിത് ഷാ വിളിച്ച് ചേർത്തത്. മൂന്ന് മണിക്കൂറോളം നീണ്ട യോഗത്തിൽ പുതിയതായി നിയമിച്ച സ്പെഷ്യൽ ഡൽഹി കമ്മീഷണർ എസ് എൻ ശ്രീവാസ്തവയും പങ്കെടുത്തു. മൗജ്പൂർ, ജാഫ്രാബാദ് തുടങ്ങിയ അക്രമബാധിത പ്രദേശങ്ങളിൽ ഡൽഹി പൊലീസ് ഉദ്യോഗസ്ഥരും എംഎൽഎമാരും തമ്മിൽ മികച്ച ഏകോപനം നടത്താൻ യോഗം തീരുമാനിച്ചു.

You must be logged in to post a comment Login