കലാമണ്ഡലത്തിന്റെ സ്വന്തം ഓപ്പോള്‍

  • ചന്ദ്രികാ ബാലകൃഷ്ണന്‍

Weekend-June-41

ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനിറങ്ങി, ഓട്ടോറിക്ഷയില്‍ വള്ളത്തോള്‍ മ്യൂസിയത്തിനോട് ചേര്‍ന്നുള്ള ‘നാഗില’ എന്ന വീട്ടിലേക്ക് യാത്ര തിരിച്ചു. യാത്രാമധ്യേ, ഭാരതപ്പുഴ കടക്കുമ്പോള്‍ താഴെ വെള്ളം വറ്റി, മണല്‍ റോഡായി രൂപാന്തരപ്പെട്ട വഴിയിലൂടെ അനേകം പാന്ഥര്‍ നടന്നു പോകുന്ന കാഴ്ച ഹൃദയഭേദകമായി തോന്നി. കൂടാതെ പല കലാപരിപാടികളും ചുറ്റുമായരങ്ങേറുന്നു. അപ്പോള്‍ വള്ളത്തോള്‍ ഈ പുഴയിലൂടെ യാത്ര ചെയ്തപ്പോള്‍ തോന്നിയ അനുഭവം അറിയാതെ ഓര്‍ത്തുപോയി. ഒരു യാത്രാമൊഴിയില്ലാതെ മുന്നോട്ട് യാത്ര തുടര്‍ന്നു. നാഗിലയില്‍ എത്തിയപ്പോള്‍ വള്ളത്തോളിന്റെ ഇളയ മകള്‍ വാസന്തി മേനോന്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. അവരുടെ ചെറുമകന്റെ നിര്യാണം നടന്ന അവസരമായിരുന്നിട്ടും കേരളഭൂഷണത്തിന്റെ അഭിമുഖത്തിന് അവര്‍ തയ്യാറായിരുന്നു. അഭിമുഖത്തിലേക്ക്…

? അച്ഛനും മകളും തമ്മിലും മക്കളും അച്ഛനും തമ്മിലും ഉണ്ടായിരുന്ന ആത്മബന്ധത്തെക്കുറിച്ച് പറയാമോ ? അച്ഛന്‍ ചെറുതുരുത്തി താമസത്തിനായി തെരഞ്ഞെടുത്തത് എന്തുകൊണ്ട്.

ബാല്യ- കൗമാര കാലത്തും അതിനു ശേഷവും അച്ഛനോടൊത്തധിക സമയം ഇടപഴകാനുള്ള അവസരങ്ങള്‍ അപൂര്‍വ്വമായേ എനിക്കു ലഭിച്ചിരുന്നുള്ളൂ. എങ്കിലും 8 മക്കളില്‍ ഏറ്റവും ഇളയവളായ എന്നോട് അച്ഛന് ഒരു പ്രത്യേക വാത്സല്യമായിരുന്നു. എനിക്കും അച്ഛനോട് വല്ലാത്ത ആത്മബന്ധമുണ്ടായിരുന്നു. ജ്യേഷ്ഠ•ാര്‍ ഇടതുപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരായിരുന്നു. അച്ഛന്‍ മക്കള്‍ക്കെല്ലാവര്‍ക്കും വ്യക്തി സ്വാതന്ത്ര്യം നല്‍കിയിരുന്നു. ജ്യേഷ്ഠ•ാര്‍ പാര്‍ട്ടി പ്രവര്‍ത്തകരായതുമൂലം അറസ്റ്റും വരിച്ചിട്ടുണ്ട്. അതിലൊന്നും അച്ഛന്‍ ഇടപെട്ടിരുന്നില്ല. അതൊന്നും അച്ഛനെ ബാധിച്ചിരുന്നില്ല. മക്കളെ അവരുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും നിരുത്സാഹപ്പെടുത്താനും മിനക്കെട്ടില്ല. ഞങ്ങള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുന്നതിന് ശ്രമിച്ചിരുന്നു.
അച്ഛന്റെ വീട് തിരൂരെ ചേന്നര ഗ്രാമത്തിലും അമ്മയുടേത് പുന്നയൂര്‍ക്കുളത്തുമായിരുന്നു( ബാലാമണിയമ്മയുടെ വീടിനടുത്ത്) . ഭാരതപ്പുഴയിലൂടെ യാത്ര ചെയ്തപ്പോള്‍ ഇതിന്റെ തീരത്ത് വീടുവയ്ക്കണമെന്ന ആഗ്രഹമുണ്ടായി. അതുകൊണ്ട് സ്വന്തം ഗ്രാമമുപേക്ഷിച്ച് ഇവിടേക്ക് ചേക്കേറി.
ഇതിനു പിന്നില്‍, ചെറുതുരുത്തിയിലാകുമ്പോള്‍ അന്ന് തുടര്‍ വിദ്യാഭ്യാസത്തിനു പോകുവാന്‍ സാധിക്കുമെന്നും അച്ഛന്‍ കരുതിയിരുന്നിരിക്കാം. തോണിയില്‍ അക്കരെ കടന്നാല്‍ കുറച്ചുദൂരെ എല്‍.പി. സ്‌കൂളുകള്‍ ഉണ്ടായിരുന്നു. ഭാരതപ്പുഴ അച്ഛന്റെ എഴുത്തിനേയും സ്വാധീനിച്ചിരുന്നു.
അമ്മയുടെ സ്‌നേഹവും ലാളനയും ഞങ്ങള്‍ക്ക് ലഭിച്ചിരുന്നെങ്കിലും അച്ഛനോടായിരുന്നു മക്കള്‍ക്ക് അടുപ്പമുണ്ടായിരുന്നത്. അച്ഛന്‍ നേരത്തെ വിട്ടുപിരിഞ്ഞു. അമ്മ 100 വയസ്സുവരെ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. എനിക്ക് വിദ്യാഭ്യാസത്തിനായി ദൂരേക്ക് പോകേണ്ടതായി വന്നപ്പോള്‍ വീടിനെയും അച്ഛനമ്മമാരേയും വിട്ടു നില്‍ക്കാന്‍ പ്രയാസമായിരുന്നു.

? ആ സാഹചര്യം എന്തായിരുന്നു

എല്‍. പി. തലം കഴിഞ്ഞ് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നടത്തണമെങ്കില്‍ ദൂരെ ദിക്കിനെ ആശ്രയിക്കണം. തോണിയിലും മറ്റും വേണം യാത്ര ചെയ്യുവാന്‍. അങ്ങനെ, ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനായി ജ്യേഷ്ഠന്റെ സുഹൃത്തുക്കളുടെ ഉപദേശാനുസരണം കോട്ടയത്തെ സ്‌കൂളിലാക്കി. താമസിച്ചിരുന്നത് അവിടെ ഉണ്ടായിരുന്ന പെണ്‍പൊതു ജീവിതയിട ( ലേഡീസ് ഹോസ്റ്റല്‍) മായിരുന്ന സദനത്തിലുമായിരുന്നു.

? സദനത്തെക്കുറിച്ച്…

കമ്മ്യൂണിസ്റ്റ് അനുഭാവിയായ മൂത്ത സഹോദരന്റെ സുഹൃത്തുക്കളായ എ. കെ. തമ്പി, പി. ഭാസ്‌കരന്‍ മുതലായവരുടെ ഉപദേശത്താലാണ് ജ്യേഷ്ഠന്‍ സദനത്തിലാക്കിയത്. അച്ഛനും വിരോധമുണ്ടായിരുന്നില്ല. കോട്ടയത്തായിരുന്നു മഹിളാ സദനം എന്ന പേരിലുള്ള ആ പൊതുജീവിതയിടം ഉണ്ടായിരുന്നത്. 1945- 48 കാലഘട്ടങ്ങളില്‍ അവിടുത്തെ അന്തേവാസികളായിരുന്നു കമലമ്മ, ആലീസ്, ഞാന്‍, ജെസ്സി, നളിനി തുടങ്ങി കുറച്ചുപേര്‍. അന്ന് ദേശീയ പ്രക്ഷോഭവും കമ്മ്യൂണിസ്റ്റ് ആവിര്‍ഭാവവും കൂടി ഇളകിമറിയുന്ന അന്തരീക്ഷമായിരുന്നു അന്ന് കേരളത്തിലുണ്ടായിരുന്നത്. ഇതൊരു ഹോസ്റ്റല്‍ മാത്രമായിരുന്നില്ല. സ്ത്രീകള്‍ക്ക് പഠനത്തിനും തൊഴിലിനുമായി താമസിക്കാവുന്ന ഒരിടം എന്നതിനൊപ്പം ഇവിടെ ‘ഗാന്ധി വാര്‍ദ്ധാ സ്‌കീം ‘എന്ന പേരില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസവും കലാഭ്യസനവും നല്‍കിയിരുന്നു. നൃത്തം, പാട്ട്, വാദ്യോപകരണ പഠനം, ഹിന്ദി പഠനം എന്നിവയ്ക്കു പുറമെ നൂല്‍നൂല്‍പ്പ് , പായ് നെയ്ത്ത് തുടങ്ങിയ പരിശീലനങ്ങള്‍ അന്തേവാസികള്‍ക്ക് നല്‍കിയിരുന്നു. ‘വോയ്‌സ് ഓഫ് കേരള ‘എന്ന സാംസ്‌കാരിക ഗ്രൂപ്പും ‘ജലതരംഗം ഓര്‍ക്കസ്ട്രട എന്ന ഗാനമേളട്രൂപ്പും സദനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. ഈ ട്രൂപ്പുകളുടെ പരിപാടികള്‍ കേരളത്തിനകത്തും പുറത്തും അവതരിപ്പിച്ച് അതില്‍ നിന്നു ലഭിക്കുന്ന വരുമാനം കൊണ്ട് ഇവര്‍ വളരെയധികം സേവന- സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. യാഥാസ്ഥിതിക കുടുംബങ്ങളില്‍ നിന്നു വന്നിരുന്ന കുട്ടികളും ഇതിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നു. ഇന്നു കാണുന്ന പ്രശസ്തിയുടെ പുറകെപോക്കോ അംഗീകാരങ്ങള്‍ ലഭിക്കാനോ മറ്റൊന്നുമല്ലാതെ എല്ലാവരും അന്നത്തെ സാമൂഹിക മാറ്റത്തെ മുന്‍നിര്‍ത്തി ഒരു ഏകമനോഭാവത്തോടെയാണ് പ്രവര്‍ത്തിച്ചിരുന്നത്.

? ഇതിന്റെ പ്രവര്‍ത്തനം ആരൊക്കെ ചേര്‍ന്നാണ് നടത്തിയിരുന്നത്.

കമ്മ്യൂണിസ്റ്റ് നേതാക്കളും അതിന്റെ കലാ- സാംസ്‌കാരിക പ്രവര്‍ത്തകരുമാണ് സദനത്തിന്റെ നേതൃത്വപരമായ പങ്ക് വഹിച്ചിരുന്നത്. ഭവാനി അമ്മ എന്ന സ്ത്രീയായിരുന്നു സദനത്തിന്റെ സര്‍വ്വാധികാരിയായിരുന്നത്. പി. ഭാസ്‌കരന്‍ മാഷ്, സി.ജെതോമസ്, എ.,കെ, തമ്പി എന്നിവരൊക്കെ ഇതിന്റെ പ്രവര്‍ത്തനങ്ങളില്‍ കാര്യദര്‍ശികളായിരുന്നു.

? അവിടെ പഠന പൂര്‍ത്തീകരണം നടത്തിയിരുന്നോ?

10 ക്ലാസില്‍ പഠിക്കുമ്പോള്‍ മദ്രാസില്‍ പ്രോഗ്രാം അവതരിപ്പിക്കുവാന്‍ പോയിരുന്നു. ഇക്കാര്യം അധികാരികള്‍ വീട്ടില്‍ പറഞ്ഞിരുന്നില്ല. ആ വര്‍ഷം കെമിസ്ട്രി പരീക്ഷയ്ക്ക് ഹാജരാകുവാന്‍ സാധിച്ചില്ല. അവര്‍ പ്രോഗ്രാമിന് കൊണ്ടുപോകുകയായിരുന്നു. അതിനാല്‍ ഇതറഞ്ഞിപ്പോള്‍ അച്ഛന്‍ ഉടനെയെത്തി എന്നെ വീട്ടിലേക്ക് തിരിച്ചു കൊണ്ടുപോന്നു. ഇതില്‍ അച്ഛനും ഞാനും മാനസികമായി വളരെ ദുഃഖിതരായിരുന്നു.

? പിന്നീടെന്ത് സംഭവിച്ചു? സദനത്തിലേക്ക് എപ്പോഴെങ്കിലും പോയിരുന്നോ

അങ്ങിനെ എറണാകുളത്ത് സെന്റ് തേരേസ്സാസില്‍ ചേര്‍ന്നു പഠിച്ചു. പീഡ്രിഗ്രിസെക്കന്റ് ഇയറിനു പഠിക്കേ കണ്ണിനസുഖം വന്നു. അതുകഴിഞ്ഞ് വിവാഹവും നിശ്ചയിച്ചു. സദനവുമായുള്ള ബന്ധം പിന്നീട് ഉണ്ടായിരുന്നില്ല. ആ ബന്ധം മുറിഞ്ഞു. വളരെക്കാലങ്ങള്‍ കഴിഞ്ഞ് ആ സ്ഥലം കാണാന്‍ പോയപ്പോള്‍ അത് അവിടെ ഉണ്ടായിരുന്നില്ല.

? വിവാഹം, വിവാഹാനന്തരം, മക്കള്‍

1950 ല്‍ അച്ഛന്റെ താവഴിയില്‍ തന്നെ ഉണ്ടായിരുന്ന വളളത്തോള്‍ കേശവമേനോനാണ് എന്നെ വിവാഹം ചെയ്തത്. അദ്ദേഹത്തിന് അന്ന് കല്‍ക്കട്ടയില്‍ സ്റ്റീല്‍ കമ്പനിയില്‍ അക്കൗണ്ട്‌സ് ഓഫീസര്‍ ആയി ജോലിയായിരുന്നു. ദുര്‍ഗ്ഗാ പൂരിലേക്ക് സ്ഥലം മാറ്റം കിട്ടി. അവിടെ ചുറ്റും വനാന്തരമായിരുന്നു. അന്ന് ഇടയ്‌ക്കൊക്കെ നാട്ടില്‍ വരുമായിരുന്നു. 4 കുട്ടികളാണ് എനിക്ക്. മൂത്തത് മകള്‍ ബാക്കി 3 ആണ്‍കുട്ടികളും.

? കേരളത്തില്‍ എന്നു തുടങ്ങിയാണ് സ്ഥിര താമസത്തിനെത്തിയത്.

ദുര്‍ഗ്ഗാ പൂരിലായിരുന്നുപ്പോള്‍ ഭര്‍ത്താവിന് അസുഖം ബാധിച്ചു. ഉടനെ ഞങ്ങള്‍ അദ്ദേഹത്തിന്റെ നാടായ പാലക്കാട്ടേക്ക് തിരിച്ചു പോന്നു. പിന്നീട് അവിടുത്തെ ജോലി ഉപേക്ഷിച്ച് ഇവിടെ എഫ് എ സിറ്റിയില്‍ അക്കൗണ്ട്‌സ് ആയി ചേര്‍ന്നു. കോയമ്പത്തൂരും പാലക്കാട്ടുമുള്ള എഫ്എ സിറ്റിയില്‍ റീജണല്‍ ഓഫീസില്‍ ആണ് അദ്ദേഹം ജോലിചെയ്ത് 1984 ല്‍ അവിടുന്ന് റിട്ടയര്‍ ചെയ്തു. അതിനുശേഷമാണ്. നാഗിലയില്‍ സ്ഥിരതാമസത്തിനെത്തുന്നത്. മ്യൂസിയത്തോട് ചേര്‍ന്നുള്ള ഈ സ്ഥലത്ത് വീടു വയ്ക്കുവാന്‍ അമ്മയും മൂത്ത ജ്യേഷ്ഠനുമാണ് നിര്‍ബന്ധിച്ചത്.

? സദനത്തിലെ അനുഭവങ്ങള്‍, അതുവഴിയുണ്ടായ ജീവിത ശൈലി, പരിവര്‍ത്തനങ്ങള്‍

ആദ്യമൊക്കെ വീട്ടില്‍ നിന്നും ഒറ്റപ്പെട്ടു കഴിയുന്നതില്‍ ദുഃഖമുണ്ടായിരുന്നു.. പിന്നീട് ആ അന്തരീക്ഷവുമായിണങ്ങി. വീട്ടില്‍ ഞാന്‍ ഇളയകുട്ടിയായതിലെ പരിഗണന അവിടെ കിട്ടുകയില്ലല്ലോ. എല്ലാ കാര്യങ്ങളും സ്വയം ചെയ്യണം. പിന്നെ എന്റെയൊപ്പം കുടുംബാംഗങ്ങളെപ്പോലെ എന്നോടു പെരുമാറിയത്അടുത്ത കൂട്ടുകാരികളായിരുന്ന ആലീസും കമലമ്മയുമായിരുന്നു. ഒരു ജ്യേഷ്ഠത്തി- അനിയത്തി ബന്ധം ഞങ്ങള്‍ കാത്തു സൂക്ഷിച്ചു. അവര്‍ എന്റെയൊപ്പം എനിക്കായി ഓരോന്നും സഹായിച്ചു. പിന്നെ മേട്രണായ ഭവാനി അമ്മ കര്‍ശനക്കാരിയായിരുന്നു. അതുകൊണ്ട് എല്ലാം ചിട്ടയായി കാര്യങ്ങള്‍ ഹൃദിസ്ഥമാക്കി. പിന്നെ പാട്ടും ഡാന്‍സും എനിക്ക് പ്രിയപ്പെട്ടതായിരുന്നു. ജീവിതത്തില്‍ എല്ലാം ഒറ്റയ്ക്ക് നേരിടാനുള്ള ഒരു ചങ്കൂറ്റവും അതിനു സജ്ജമായ ഉറച്ച മനസ്സും അവിടുത്തെ ചിട്ടപ്പടി ജീവിതം കൊണ്ടുണ്ടായതാണ്. അതുമൂലം ഒരു ദൃഢത കൈവന്നു, ഏതവസരത്തിലും പതറാത്ത മനസ്സു ലഭിച്ചു. മാറ്റങ്ങള്‍ മാറി മറിഞ്ഞു വരുമെങ്കിലും ഒരു സ്ഥായീ ഭാവം ഇന്നും നിലനിര്‍ത്തുന്നു.

? പിന്നീട് സദനത്തിനെന്ത് സംഭവിച്ചു എന്നറിയാമോ?

മേധാവി ഭവാനി അമ്മ എന്ന തന്റേടിയും ധൈര്യശാലിയുമായിരുന്ന സ്ത്രീക്ക് ജീവിതത്തില്‍ സംഭവിച്ച ഒരു കാലിടര്‍ച്ച മൂലം ആരുമറിയാതെ അവര്‍ സദനം ഉപേക്ഷിച്ച് പോയി. പിന്നീടൊന്നും അതേപ്പറ്റി അറിയാന്‍ സാധിച്ചില്ല. അങ്ങനെ ഏറ്റെടുത്തു നടത്തുവാന്‍ ആളില്ലാതായപ്പോള്‍ ക്രമേണ അത് നിന്നു പോയി എന്നാണറിയാന്‍ കഴിഞ്ഞത്. ഞാനും ആലീസും കൂടി അവിടം ഒരിക്കല്‍ സന്ദര്‍ശിക്കുകയുണ്ടായി. ഇപ്പോള്‍ അവിടെ വേറെ സ്ഥാപനങ്ങള്‍ വന്നു. 1940 കളില്‍ ഇതിന്റെ പ്രശസ്തി നല്ല നിലയിലായിരുന്നു.

? സദനത്തില്‍ അന്നുണ്ടായിരുന്ന കൂട്ടുകാരികളുമായുള്ള അടുപ്പം തുടരുന്നുണ്ടോ ഇന്നും. ആ അപൂര്‍വ്വ സൗഹൃദത്തെക്കുറിച്ച്

ഇന്നും ഞങ്ങള്‍ ആ സുഹൃദ് ബന്ധം കാത്തുസൂക്ഷിക്കുന്നു. പക്ഷേ, ഞങ്ങള്‍ മൂന്നു പേരില്‍ ഒരാള്‍ ഞങ്ങളെ വിട്ടുപോയി. അതിനു മുമ്പ് കമലമ്മയുടെ വീട്ടിലും ആലീസിന്റെ വീട്ടിലും ഒന്നിച്ച് ഓരോ ദിവസമായി താമസിച്ചു. കമലമ്മയുടെ വീട്ടില്‍ ഒത്തുചേര്‍ന്ന് അധികം നാള്‍ കഴിയുന്നതിനുമുമ്പെ അവര്‍ ഈ ലോകത്തോട് വിട പറഞ്ഞു. എന്നാലും അവിടെ ഞങ്ങള്‍ക്ക് ഒത്തുകൂടാന്‍ അവസരം കിട്ടിയതില്‍ ആഹ്ലാദമുണ്ട്.
സദനത്തില്‍ നിന്നും ഞങ്ങള്‍ പരസ്പരം പിരിഞ്ഞിട്ടും ഇടയ്ക്ക് ഫോണ്‍ , കത്ത് മുഖേന ബന്ധപ്പെട്ടിരുന്നു. 19- ാം വയസ്സില്‍ ഞാന്‍ വിവാഹം കഴിഞ്ഞ് കല്‍ക്കട്ടയിലേക്ക് പോയി കമലമ്മ പ്രൊഫ. ആനന്ദക്കുട്ടന്റെ ഭാര്യയായി. ആലീസ് വിദേശത്ത് പഠനത്തിനും ജോലിയ്ക്കുമായി പോയി പിന്നീട് 1969 ല്‍ ഞാന്‍ നാട്ടില്‍ തിരിച്ചെത്തി. ആലീസ് ദൈവ ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് എടുത്ത് അവിടെ പ്രൊഫസറായി കുറെ കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചെത്തി. കമലമ്മ എറണാകുളത്തു തന്നെയുണ്ടായിരുന്നു. വീണ്ടുമൊന്നിച്ചു. ആലീസ് സ്വയം ഡ്രൈവ് ചെയ്ത് എന്റെ വീട്ടിലും വരുമായിരുന്നു. ഇന്നും നല്ല തന്റേടത്തോടെ ഒറ്റക്ക് ജീവിക്കുകയാണ് ആലീസ്. പ്രായത്തിന്റെ ക്ഷീണവും അസ്‌കിതയും ഞങ്ങള്‍ക്ക് ഉണ്ടെങ്കിലും മനസ്സ് തുറന്ന് സ്‌നേഹിക്കുന്നു പരസ്പരം. ഒരു ഫോണ്‍ വിൡഇല്ലെങ്കിലോ വിളിച്ചിട്ടല്‍പ്പം എടുക്കാന്‍ താമസിച്ചാലോ മനസ്സ് വേവലാതിപ്പെടുന്നു. ഇതില്‍ കമലമ്മയുടെ വേര്‍പാട് ഞങ്ങളെ കുറച്ചുനാള്‍ തളര്‍ത്തിയിരുന്നു. സദനത്തിലൊപ്പമുണ്ടായിരുന്ന മറ്റൊരു കൂട്ടുകാരി ജെസി പോത്തന്‍ തിരുവനന്തപുരത്തുണ്ടെന്നറിഞ്ഞു, പ്രതാപ് പോത്തന്റെ സഹോദരിയാണ് ജെസി. ആത്മബന്ധമാണ് സൗഹൃദത്തിന്റെ അടിസ്ഥാനം.

അച്ഛന്റെ എല്ലാ കൃതികളും ഇഷ്ടമായിരുന്നു. വീടിന് അച്ഛന്റെയൊരു കൃതിയുടെ പേരിടാനുള്ള കാരണം?

അച്ഛന്റെ എല്ലാ കൃതികളും ഇഷ്ടമായിരുന്നെങ്കിലും മഗ്ദലനമറിയവും സാഹിത്യ മഞ്ജരിയും നാഗിലയും വീരപതിയും എന്റെ ഗുരുനാഥനുമാണ് ഏറെയിഷ്ടം. നാഗിലയാണ് എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച കൃതി. അതുകൊണ്ട് വീടിന് ഈ പേരിട്ടുവെന്നേയുള്ളൂ.

അച്ഛന് കഥകളിയോടുണ്ടായിരുന്ന താല്പര്യവും കാലമണ്ഡലം സ്ഥാപിക്കുവാനുണ്ടായ കാരണവും വ്യക്തമാക്കാമോ?

അച്ഛന്റെ അച്ഛന്‍ ദാമോദരന്‍ ഇളയത് കഥകളി ആരാധകനായിരുന്നു. ചെറുപ്പത്തില്‍ അച്ഛനെ കൈപിടിച്ചൊപ്പം കൂട്ടിയാണ് കഥകളി കാണുവാന്‍ അദ്ദേഹം പോയിരുന്നത്. അങ്ങിനെ കഥകളി കണ്ടും കേട്ടും അറിഞ്ഞും അച്ഛന്‍ വളര്‍ന്നു. ഒപ്പം ഈ കലാരൂരപവും മനസ്സില്‍ വേരൂന്നി ഇദ്ദേഹത്തിന് അഗാധ പാണ്ഡിത്യവും ആരാധനയും കൊണ്ട് ഇതിനെ നെഞ്ചേറ്റി.
കുറച്ചുനാള്‍ അച്ഛന്‍ കുന്ദംകുളം പ്രസ്സില്‍ ജോലി ചെയ്തിരുന്നു. അവിടെ അച്ഛന്റെ ചില സുഹൃത്തുക്കള്‍ ചേര്‍ന്ന് കഥകളി പഠനത്തിന് സ്ഥാപനം സ്ഥാപിക്കുന്നതിനെക്കുറിച്ചാലോചിക്കയുണ്ടായി. അതില്‍ മുകുന്ദരാജാവാണ് അച്ഛനെ ഏറെ സഹായിച്ചത്. അങ്ങിനെ നാലുപേര്‍ ചേര്‍ന്നാണ് കലാമണ്ഡലം ആരംഭിച്ചത്. 1929 ല്‍ ആണ് ഞാന്‍ ജനിച്ചത്. 1930 ല്‍ കലാമണ്ഡലം പ്രവര്‍ത്തിച്ചു തുടങ്ങി. കക്കാട് കാരണോപ്പാട് ( പേരറിയില്ല.) അച്ഛന് കഥകളിയുടെ കോപ്പുകള്‍ ഏല്പിച്ചു. ഇദ്ദേഹം വിവാഹം ചെയ്തിരുന്നത് അമ്മയുടെ വീട്ടിലെ ഒരു സ്ത്രീയെയായിരുന്നു. ഇതിന്റെ വളര്‍ച്ചയ്ക്കായ് പ്രയത്‌നിക്കേണ്ടതായി വന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ചിട്ടി പിടിച്ചും മറ്റും പലരീതിയിലൂടെയും പണം കണ്ടെത്തി ഉത്സാഹപൂര്‍വ്വം അവിരാമമക്ഷീണം പ്രയത്‌നിച്ചാണ് അച്ഛന്റെ ആഗ്രഹം നടത്തിയത്. ഈ കലാരൂപത്തെ അടുത്ത തലമുറയ്ക്കു വേണ്ടി നിലനിര്‍ത്താനാണ് അദ്ദേഹം ശ്രമിച്ചത്.

? കലാമണ്ഡലത്തിന്റെ വളര്‍ച്ച അതിലെ ചാരിതാര്‍ത്ഥ്യം

കലാമണ്ഡലം പടിപടിയായാണ് വളര്‍ന്നു വന്നത്. തുടങ്ങിയ അവസരത്തില്‍ ( 1930) കഥകളിയിലെ പ്രായം ചെന്ന ചില ഗുരുക്ക•ാരെയാണ് പഠിപ്പിക്കുന്നതിന് ലഭിച്ചത്, പിന്നീട് അനായാസേന പ്രഗത്ഭ•ാരെ ലഭിച്ചു. അച്ഛന് കഥകളി പോലെ തന്നെ പ്രിയമായ വേറൊരു കലാരൂപമാണ് മോഹിനിയാട്ടം. കൃഷ്ണപ്പണിക്കര്‍ എന്ന പ്രായമുള്ള ഒരാളെ ഇത് പഠിപ്പിക്കുവാന്‍ കിട്ടി. ഗുരു ഗോപിനാഥിന്റെ ഭാര്യ തങ്കമണിയാണ് പിന്നീട് മോഹിനിയാട്ടം പഠിപ്പിച്ചത്. അതിനുശേഷം ചിന്നമ്മുവും കല്യാണിക്കുട്ടിയമ്മ പത്മനാഭന്‍ നായര്‍- സത്യഭാമ എന്നിവരെല്ലാം മോഹിനിയാട്ടത്തിന്റെ ഗുരുക്കന്‍മാരായി വന്നു. കല്യാണികുട്ടിയമ്മയുടെ വിവാഹവും തുടര്‍ന്ന് വിവാഹമോചനവും നടന്നിരിക്കെയാണ് ഇവിടെ പഠിപ്പിക്കാന്‍ വന്നത്. അവര്‍ സംഗീതവിദൂഷിയായതിനാല്‍ മോഹിനിയാട്ടത്തില്‍ ചില മാനങ്ങള്‍ നല്‍കി അതിനെ വികസിപ്പിച്ചുവെന്ന് പറയാം.
ഇവിടെ നിന്നു പഠിച്ചിറങ്ങിയ പ്രസിദ്ധരായവരില്‍ ശങ്കരന്‍ എമ്പ്രാന്തിരി, ഹൈദരാലി തുടങ്ങിയ കഥകളി സംഗീതജ്ഞരുണ്ട്. അനവധി കുട്ടികള്‍ അവരുടെ കലാഭിരുചിയുടെ പൂര്‍ത്തീകരണത്തിന് കലാമണ്ഡലത്തില്‍ എത്തുന്നു. അവരെ കൂടാതെ ഗവേഷകരായി ഡോക്ടറേറ്റിന്റെ വഴിയിലൂടെ സഞ്ചരിക്കുന്നവരും അനവധി ടൂറിസ്റ്റുകളും കലയെ ഉപാസിക്കുന്നു സഞ്ചാരികളും വിദേശികലാകാരന്‍മാരും മറ്റുമായി വള്ളത്തോള്‍ നഗറിലുള്ള ആ കലാമണ്ഡലത്തിന്റെ മണ്ണിലേക്കുത്തുന്നു ഈ മണ്ണ് അച്ഛന്റെ വലിയൊരു സ്വപ്‌നം സാക്ഷാത്കരിച്ചതില്‍ ആവോളം എന്റെയും മറ്റുമക്കളുടേയും മനസ്സ് സന്തോഷത്താല്‍ നിറയുന്നു. ആ ചാരിതാര്‍ത്ഥ്യം ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തുന്നു.

? കലാമണ്ഡലത്തില്‍ എന്നാണ് ഭരണാംഗമായി എത്തിയത്.

2000 ത്തില്‍ ജ്യേഷ്ഠന്‍ അച്യുതകുറുപ്പ് അന്തരിച്ചു. അദ്ദേഹമായിരുന്നു കമ്മറ്റി അംഗമായുണ്ടായിരുന്നത്. അതിനുശേഷം 2001 ല്‍ എന്നെ കമ്മറ്റിയംഗമാക്കി. എക്‌സിക്യൂട്ടീവ് മെമ്പറായി, ഇന്നും കാലമണ്ഡലത്തിലെ എല്ലാവരുടേയും ഓപ്പോളായി തുടരുന്നു. കാലം വച്ചു നീട്ടിയ ഈ സമയത്ത് എന്റെ കഴിവിനനുസരിച്ച് ഞാനിവിടേക്ക് ഓടിയെത്തുന്നുണ്ട്. ആരോഗ്യസ്ഥിതിയില്‍ ചെറിയ മാറ്റങ്ങള്‍ വന്നു.എങ്കിലും കാലമണ്ഡലത്തിലെ ഓരോരുത്തരും അവര്‍ക്കു വേണ്ടപ്പെട്ടവളാണെന്നു കരുതി തരുന്ന ആദരവും സ്‌നേഹവും എനിക്ക് അതിയായ സംതൃപ്തി തരുന്നു.

? ഭാവിയില്‍ ഇതിനെക്കുറിച്ച് ആശങ്കയ്ക്കിടയുണ്ടോ

അങ്ങനെ ചോദിച്ചാല്‍ ഇല്ലാതില്ല. 2001 മുതല്‍ സ്ഥിരമായി ഞാനുണ്ട്. ഓരോ കമ്മറ്റി മാറുമ്പോഴും ഭരണം മാറുമ്പോഴും പലപ്പോഴും ഇതിന്റെ ഭാവിയെ ക്കുറിച്ചുള്ള ചിന്തകളും വേവലാതികളും ഉണ്ട്. കാലം മാറിയതുകൊണ്ട്് ജനങ്ങള്‍ക്ക് ആത്മാര്‍ത്ഥത കുറവാണ്. അവനവന്റെ പോക്കറ്റ് നിറയണമെന്നേയുള്ളൂ. ഇവിടെ എന്നല്ല ലോകത്ത് എല്ലായിടത്തും കണ്ടുവരുന്ന ഒരു പ്രവണതയാണല്ലോ. ദുരനുഭവങ്ങള്‍ ഒന്നും ഉണ്ടാകാതെ ഇത് നല്ല രീതിയില്‍ മുന്നോട്ടു പോകണമെന്നേ എനിക്കാഗ്രഹമുള്ളൂ ഇപ്പോള്‍.

? സിനിമാഭിനയത്തെക്കുറിച്ച്

ഞാറ്റടി എന്ന സിനിമയില്‍ ഭരത് ഗോപിയുടെ ഭാര്യയുടെ റോളില്‍ അഭിനയിച്ചു. അത്് റിലീസായില്ല. പിന്നീടൊന്നും ശ്രമിച്ചില്ല.

? ജീവിത സായാഹ്നത്തില്‍, ഈ വഴികളിലൂടെയൊക്കെ യാത്ര ചെയ്തു വന്നതില്‍ ആത്മസംതൃപ്തിയും തിരിഞ്ഞു നോട്ടവും മെല്ലാം കണക്കു കൂട്ടാമോ.

തിരിഞ്ഞു നോക്കുമ്പോള്‍ എനിക്ക് ആദ്യം പറയേണ്ടത് വള്ളത്തോള്‍ നാരായണമേനോന്റെ മകളായി ജനിച്ചതിലുള്ള കൃതാര്‍ത്ഥതയാണ്. രണ്ടാമതായി ഞങ്ങള്‍ കൂട്ടുകാരികള്‍ തമ്മിലുള്ള ബന്ധം തുടരുന്നതില്‍ ഇത് ഏകദേശം എഴുപത് വര്‍ഷത്തിനടുത്തേക്ക് നീങ്ങുന്നു. അതില്‍ വല്ലാത്ത ആത്മസംതൃപ്തിയാണ്. പിന്നെ ഒരു ദുഃഖം മനസ്സില്‍ ഊറിക്കൂടി ഘനീഭവിച്ചിരിക്കുകയാണ്. അത് ഭര്‍ത്താവിന്റെ മരണം, അച്ഛന്റെ മരണം. ഇപ്പോഴിതാ കൊച്ചുമകന്റെ മരണം. ഇതെല്ലാം എന്നെ തളര്‍ത്തുന്നുണ്ടെങ്കിലും മകളും മറ്റുമക്കളുമായി ഇരിക്കുമ്പോള്‍ ബോധപൂര്‍വ്വം ആ ദുഃഖം മറക്കാന്‍ ശ്രമിക്കുന്നു. എന്തു വയ്യായ്കയാണെങ്കിലും കലാമണ്ഡലത്തിലേക്ക് ചെല്ലുമ്പോള്‍ ഞാന്‍ എന്നെത്തന്നെ മറക്കുന്നു.

You must be logged in to post a comment Login