കലോത്സവം ഒഴിവാക്കിയതിൽ വിശദീകരണവുമായി കെടി ജലീൽ

 

state youth festival: kt jaleel supports govt decisionതിരുവനന്തപുരം: മാനുഷിക പരിഗണന കണക്കിലെടുത്താണ് ഇത്തവണ സംസ്ഥാന കലോത്സവം റദ്ദാക്കിയതെന്ന് മന്ത്രി കെ.ടി.ജലീൽ. സംസ്ഥാനം നേരിട്ട മഹാപ്രളയത്തിൻെറ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തത്. മന്ത്രി എ.കെ.ബാലൻറെ വിമർശനത്തിന് ശേഷമാണ് ജലീലിൻെറ പ്രതികരണം.

സംസ്ഥാന കലോത്സവവും ചലച്ചിത്രമേളയും റദ്ദാക്കിയതിൽ മന്ത്രി എ.കെ.ബാലൻ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന് വിരുദ്ധമായാണ് പൊതുഭരണവകുപ്പ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

വരുന്ന ഒരു വർഷം ഒരു മേളയും നടത്തേണ്ടെന്ന തീരുമാനത്തോട് യോജിപ്പില്ല. അത് ശ്മശാന മൂകതയുണ്ടാക്കും. ആർഭാടം ഒഴിവാക്കി മേളകൾ നടത്താനാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്ര മേള ഒഴിവാക്കിയതില്‍ നിരാശയുണ്ടെന്ന് അക്കാദമി ചെയർമാൻ കമലും പറഞ്ഞു. എസ്.എഫ്.എെ, കെ.എസ്.യു തുടങ്ങിയ വിദ്യാർഥി സംഘടനകളും കലോത്സവം ഒഴിവാക്കിയ നടപടി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.

സംസ്ഥാനം നേരിടുന്ന പ്രളയദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് സംസ്ഥാനസര്‍ക്കാര്‍ ഈ വര്‍ഷം നടത്താനിരുന്ന എല്ലാ ആഘോഷപരിപാടികളും റദ്ദാക്കിയത്. പരിപാടികള്‍ക്കായി നീക്കി വെച്ചിരിക്കുന്ന തുക അതതു വകുപ്പുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് നല്‍കണമെന്ന് പൊതുഭരണവകുപ്പിന്‍റെ ഉത്തരവിൽ പറയുന്നു.

You must be logged in to post a comment Login