കല്ല്യാണക്കേസില്‍ അനാഥാലയ അധികൃതരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റി

കോഴിക്കോട്: വിവാദമായ അറബി കല്ല്യാണക്കേസില്‍ അനാഥാലയം അധികൃതരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത മാസം മൂന്നിലേക്ക് മാറ്റി. കോഴിക്കോട് ജില്ല സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ മാറ്റിയത്.യത്തീംഖാന ചെയര്‍മാന്‍, സെക്രട്ടറി, കോഓര്‍ഡിനേറ്റര്‍, രണ്ട് ജീവനക്കാര്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് മൂന്നാം തീയതിയിലേക്ക് മാറ്റിയത്. കേസില്‍ അറസ്റ്റിലായ വരന്റെ മാതാവ്, ഇവരുടെ രണ്ടാം ഭര്‍ത്താവ്, ബന്ധു എന്നിവരുടെ ജാമ്യാപേക്ഷയും ഇന്ന് പരിഗണിച്ചില്ല. ഇവരെ വിശദമായി ചോദ്യം ചെയ്യാന്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കും.

 


അറബിക്കല്യാണത്തില്‍ ശക്തമായ പ്രക്ഷോഭവുമായി മഹിള സംഘടനകള്‍ രംഗത്തുണ്ട്. ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ പൊലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി അംഗം പി.സതീദേവി ഉദ്ഘാടനം ചെയ്തു. ജാനമ്മ കുഞ്ഞുണ്ണി, കാനത്തില്‍ ജമീല, എന്‍.കെ. രാധ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

You must be logged in to post a comment Login