കളിക്കാരുമായുള്ള വേതന പ്രശ്‌നത്തില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് പരിഹാരം കണ്ടെത്തി; ബംഗ്ലാദേശ്, ഇന്ത്യ പര്യടനവും ആഷസും നടക്കും

 

സിഡ്‌നി : കളിക്കാരുടെ വേതനകരാര്‍ സംബന്ധിച്ച് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ ഒരു മാസമായി തുടര്‍ന്നു വന്നിരുന്ന പ്രതിസന്ധിക്ക് പരിഹാരമായി. ക്രിക്കറ്റ് ഓസ്‌ട്രേലിയ മുന്നോട്ടുവച്ച പുതിയ വേതനകരാര്‍ തത്വത്തില്‍ അംഗീകരിച്ചതായി കളിക്കാരുടെ സംഘടന പ്രഖ്യാപിച്ചു. ഇതോടെ ഓസ്‌ട്രേലിയയുടെ ബംഗ്ലാദേശ് പര്യടനവും ആഷസ് പരമ്പരയും നടക്കുമെന്നുറപ്പായി.

ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പുതിയ വേതനകരാറിനോടു വിയോജിച്ച് നേരത്തെ ഓസീസ് എ ടീം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍നിന്ന് പിന്മാറിയിരുന്നു. ഇതേത്തുടര്‍ന്ന് ബംഗ്ലാദേശില്‍ പര്യടനത്തിനൊരുങ്ങുന്ന ഓസ്‌ട്രേലിയന്‍ ടീമില്‍ നിന്നും ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ഉള്‍പ്പെടെയുള്ളവര്‍ മാറി നില്‍ക്കുകയും ചെയ്തിരുന്നു.

നിരവധി തവണ കളിക്കാരുടെ സംഘടനയും ക്രിക്കറ്റ് ഓസ്‌ട്രേലിയയും തമ്മില്‍ പലവിധ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. ഐപിഎല്‍ ഉള്‍പ്പെടെയുള്ള കളികളില്‍ നിന്നും മാറിനില്‍ക്കണമെന്നും പ്രതിഫലത്തില്‍ വര്‍ധന വരുത്താമെന്നും നേരത്തെ നിര്‍ദ്ദേശം ഉയര്‍ന്നിരുന്നെങ്കിലും അവ കളിക്കാര്‍ അംഗീകരിച്ചില്ല. പ്രതിഫലത്തില്‍ കാര്യമായ വര്‍ധന വേണമെന്നു തന്നെ കളിക്കാര്‍ കടുംപിടുത്തം പിടിച്ചു. ഒടുവില്‍ ഇത് അംഗീകരിക്കാതെ ക്രിക്കറ്റ് ബോര്‍ഡിന് മറ്റ് വവിയില്ലായിരുന്നു.

ഇരുപത് വര്‍ഷമായി കളിക്കാര്‍ക്ക് ലാഭവിഹിതം നല്‍കുന്ന പതിവ റദ്ദാക്കുകയും സീനിയര്‍ താരങ്ങള്‍ക്ക് മാത്രം കൂടുതല്‍ വേതനം നല്‍കുകയും ചെയ്യുന്ന രീതിയിലാണ് പുതിയ ക്രിക്കറ്റ് ഓസ്‌ട്രേലിയ തയ്യാറാക്കിയിരിക്കുന്നത്. ഇത് കളിക്കാര്‍ അംഗീകരിക്കാതെ വന്നതോടെ പ്രശ്‌നങ്ങളായപ്പോള്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും വേതനത്തിന്റെ കാര്യത്തില്‍ അസോസിയേഷന്‍ അംഗങ്ങള്‍ക്ക് കഴിയുന്ന തീരുമാനമെടുക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിക്ക് സാധിക്കാതിരുന്നതോടെ തര്‍ക്കം നീളുകയായിരുന്നു.

പുതിയ കരാറുണ്ടാക്കാന്‍ കഴിയാഞ്ഞതോടെ രാജ്യാന്തര തലത്തിലും ആഭ്യന്തര മത്സരങ്ങളിലും സജീവമായി കളിക്കുന്ന 230 താരങ്ങളുടെ പ്രതിഫലകാര്യം പൂര്‍ണമായി അനിശ്ചിതത്വത്തിലായതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

ഓഗസ്റ്റില്‍ ബംഗ്ലാദേശ് പര്യടനമാണ് ഓസ്‌ട്രേലിയുടെ അടുത്ത മത്സരം. അതുകഴിഞ്ഞ സെപ്തംബറില്‍ ഇന്ത്യയില്‍ ഓസീസ് എത്തേണ്ടതുണ്ട്. വര്‍ഷാവസാനമാണ് ആഷസ്.

You must be logged in to post a comment Login