കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെന്ന സംശയം; അമിത്ഷാ ഡയറക്ടറായ സഹകരണബാങ്കില്‍ ആദായനികുതിവകുപ്പിന്റെ പരിശോധന

അഹമ്മദാബാദ്: ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഡയറക്ടറായ ബോര്‍ഡ് ഭരിക്കുന്ന അഹമ്മദാബാദ് ജില്ലാ സഹകരണബാങ്കില്‍ ആദായനികുതിവകുപ്പ് പരിശോധന തുടങ്ങി. കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് പരിശോധന.

190 ശാഖകളുള്ള ബാങ്കാണിത്. ഇതില്‍ ആശ്രാമം റോഡിലെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ശാഖയാണ് സംശയത്തിന്റെ നിഴലിലുള്ളത്. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം വന്നതിനുശേഷമുള്ള മൂന്നുദിവസങ്ങളില്‍ 500 കോടിയോളം രൂപയുടെ നിക്ഷേപമാണ് ബാങ്കിലുണ്ടായത്. പ്രഖ്യാപനംവന്ന ദിവസം വലിയ തുകയുടെ ഒരു നിക്ഷേപം ഇവിടെ നടന്നതായി ആദായനികുതി വകുപ്പിന് വിവരംകിട്ടി. എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗമാണ് അന്വേഷണം നടത്തുന്നത്. അനേകം രേഖകളും സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിച്ചു. ബാങ്കിന്റെ നിക്ഷേപകരില്‍ 85 ശതമാനം കൃഷിക്കാരും ചെറുകിടവ്യാപാരികളും ക്ഷീരകര്‍ഷകരുമൊക്കെയാണ്.

സഹകരണബാങ്കുകള്‍ക്ക് വിലക്കുവന്ന കാലയളവില്‍ ഗുജറാത്തിലെ 18 ജില്ലാബാങ്കുകളിലും 1329 ശാഖകളിലുമായി വലിയ നിക്ഷേപമുണ്ടായിട്ടുണ്ട്. ഇതിന്റെ കൃത്യമായ കണക്ക് പുറത്തുവന്നിട്ടില്ല. എന്നാല്‍, അഹമ്മദാബാദ് ബാങ്കില്‍ മൂന്നുദിവസംകൊണ്ട് എത്തിയത് സാധാരണ മൂന്നുമാസംകൊണ്ട് കിട്ടുന്ന പണത്തിന്റെ മൂന്നിരട്ടിയാണ്. സംസ്ഥാനമന്ത്രി ശങ്കര്‍ഭായ് ചൗധരി ചെയര്‍മാനായ ബനസ്‌കന്ത ജില്ലാ സഹകരണ ബാങ്കില്‍ 200 കോടി രൂപയാണ് നിരോധനത്തിന്റെ ആദ്യ ദിവസങ്ങളില്‍ എത്തിയത്. സംസ്ഥാനത്തെ 18 ജില്ലാ സഹകരണബാങ്കുകളില്‍ ഒന്നൊഴികെ എല്ലാം ബി.ജെ.പി. ഭരണത്തിന്‍കീഴിലാണ്. ഇവയെ കോണ്‍ഗ്രസ് ഭരണത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള കരുക്കള്‍ നീക്കിയത് അമിത് ഷാ സംസ്ഥാനരാഷ്ട്രീയത്തില്‍ ഉണ്ടായിരുന്നപ്പോഴാണ്.

ഇപ്പോള്‍ സഹകരണബാങ്കുകളിലെ നിയന്ത്രണത്തിനെതിരെ പരസ്യമായി രംഗത്തു വന്നവരിലൊരാള്‍ പോര്‍ബന്തര്‍ എം.പി.യും രാജ്‌കോട്ട് ബാങ്കിന്റെ ചെയര്‍മാനുമായ വിത്തല്‍ രദാദിയ ആണ്. കഴിഞ്ഞയാഴ്ച ഗാന്ധിനഗറില്‍ പാര്‍ട്ടി ആസ്ഥാനത്ത് പ്രധാനമന്ത്രി പങ്കെടുത്ത വിശദീകരണയോഗത്തില്‍നിന്ന് ഇദ്ദേഹം വിട്ടുനിന്നത് വാര്‍ത്തയായിരുന്നു.ഇപ്പോള്‍ റിസര്‍വ് ബാങ്കിന്റെ നിര്‍ദേശപ്രകാരമാണ് ഗുജറാത്തിലെ സഹകരണ ബാങ്കുകളില്‍ സംശയമുള്ള നിക്ഷേപങ്ങള്‍ പരിശോധിക്കുന്നത്. സൂറത്തില്‍ കഴിഞ്ഞദിവസം കോടികളുടെ അനധികൃതസ്വത്ത് കണ്ടെത്തിയ കിഷോര്‍ ഭജിയാവാലയുടെ കാര്യത്തിലും സഹകരണബാങ്കിലെ നിക്ഷേപമാണ് ആദ്യം തെളിവായത്. എന്നാല്‍, എല്ലാ സഹകരണബാങ്കുകളിലേക്കും പരിശോധന നീളുന്നില്ലെന്നതും ശ്രദ്ധേയമാണ്.

You must be logged in to post a comment Login