കഴുകന്‍ കണ്ണുകളുമായാണ് ബിഷപ്പ് കന്യാസ്ത്രീകളെ കാണുന്നത്; മിഷനറീസ് ഓഫ് ജീസസില്‍ നിന്ന് 5 വര്‍ഷത്തിനിടെ 20 സ്ത്രീകള്‍ പടിയിറങ്ങി; കന്യാസ്ത്രീകള്‍ക്ക് സഭ രണ്ടാനമ്മയാണെന്ന് തന്റെ അനുഭവം തെളിയിച്ചു; വത്തിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീയുടെ കത്ത് 

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരായ പരാതിയില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വത്തിക്കാന്‍ പ്രതിനിധിക്കും രാജ്യത്തെ പ്രധാന ബിഷപ്പുമാര്‍ക്കും പരാതിക്കാരിയായ കന്യാസ്ത്രീ കത്തെഴുതി. അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടാണ് വത്തിക്കാന്‍ പ്രതിനിധികള്‍ക്ക് കന്യാസ്ത്രീ കത്തെഴുതിയത്. കഴുകന്‍ കണ്ണുകളുമായാണ് ബിഷപ്പ് കന്യാസ്ത്രീകളെ കാണുന്നതെന്ന് കന്യാസ്ത്രീ കത്തില്‍ ആരോപിച്ചു. മിഷനറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീകളെയും കെണിയില്‍ പെടുത്തി. കന്യാസ്ത്രീകള്‍ക്ക് സഭ നീതി നല്‍കുന്നില്ല. ഇരകളായ കന്യാസ്ത്രീകളെ സ്ഥലംമാറ്റി പരാതി ഒതുക്കുകയാണ് ബിഷപ്പിന്റെ പതിവ് രീതിയെന്നും കത്തില്‍ ആരോപിക്കുന്നു.

മിഷനറീസ് ഓഫ് ജീസസില്‍ നിന്ന് 5 വര്‍ഷത്തിനിടെ 20 സ്ത്രീകള്‍ പടിയിറങ്ങിയെന്നും കന്യാസ്ത്രീയുടെ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയ ശക്തിയും പണവും ഉപയോഗിച്ച് പൊലീസിനെയും സര്‍ക്കാരിനെയും സ്വാധീനിച്ചു. കന്യാസ്ത്രീകള്‍ക്ക് സഭ രണ്ടാനമ്മയാണെന്ന് തന്റെ അനുഭവം തെളിയിച്ചെന്നും കന്യാസ്ത്രീ കത്തില്‍ കുറിച്ചു. സഭ സംരക്ഷണം നല്‍കുന്നത് ബിഷപ്പിനാണ്. കന്യാസ്ത്രീകള്‍ക്ക് നീതി നല്‍കുന്നില്ലെന്നും കത്തില്‍ ആരോപിക്കുന്നു. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിക്കാണ് കന്യാസ്ത്രീ കത്തയച്ചത്.

അതേസമയം ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ സമരം നടത്തുന്ന കന്യാസ്ത്രീകൾ കടുത്ത നിലപാടിലേക്ക് നീങ്ങുകയാണ്. നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ സമരത്തിന് ജനപിന്തുണയുമേറി. അതിനിടെ സംസ്ഥാന സർക്കാരിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കന്യാസ്ത്രീകൾ സിപിഐഎം കേന്ദ്ര നേതൃത്വത്തെ സമീപിച്ചു. സർക്കാർ തങ്ങളെ അവഗണിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കന്യാസ്ത്രീകൾ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പരാതി നൽകി. കേസിൽ ഉചിതമായ നടപടികൾ സ്വീകരിക്കാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നാണ് യെച്ചൂരിയോട് കന്യാസ്ത്രീകൾ ആവശ്യപ്പെട്ടിരിക്കുന്നത്.

സമരത്തെ പിന്തുണച്ച് കൂടുതൽ സാമൂഹിക സംഘടനകളും രാഷ്ട്രീയ പ്രവർത്തകരും മുന്നോട്ടുവന്നതോടെ കഴിഞ്ഞ ദിവസം ‘സേവ് അവർ സിസ്റ്റേഴ്സ്’ (എസ്.ഒ.എസ്) എന്ന പേരിൽ പുതിയൊരു ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. ഫാ. അഗസ്റ്റിൻ വട്ടോളിയെ ജനറൽ കൺവീനറാക്കി നൂറ്റൊന്ന് സമരസമിതി അംഗങ്ങളെ ഉൾപ്പെടുത്തിയാണ് പുതിയ ആക്ഷൻ കൗൺസിൽ രൂപീകരിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ സമരത്തിന്റെ ഭാഗമായി കൂടുതൽ ബഹുജന പിന്തുണ ഉറപ്പാക്കാനാണ് ആക്ഷൻ കൗൺസിലിന്റെ തീരുമാനം. ജോയിന്റ് ക്രിസ്റ്റ്യൻ കൗൺസിലാണ് ആദ്യം മുതൽ സമരത്തിന് നേതൃത്വം നൽകി വന്നത്.

You must be logged in to post a comment Login