കഴുതയെ കുതിരയെന്ന് വിളിക്കാന്‍ കഴിയില്ല; രാഹുല്‍ ഗാന്ധിക്കെതിരെ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് എംഎല്‍എയെ സസ്‌പെന്‍ഡ് ചെയ്തു

rahul

റായ്പൂര്‍: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് കോണ്‍ഗ്രസ് വിമത എംഎല്‍എയെ ചത്തീഗഡ് കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചതിനാണ് എംഎല്‍എ ആര്‍.കെ.റായിയെ സസ്‌പെന്‍ഡ് ചെയ്തത്. റായ്പൂരില്‍ നടന്ന ഏകോപന സമിതി യോഗത്തിലാണ് റായിയെ സസ്‌പെന്‍ഡ് ചെയ്യാന്‍ ചത്തീസ്ഗഡ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി(സിപിസിസി) തീരുമാനിച്ചത്. ചത്തീസ്ഗഡ് ജനതാ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് അജിത് ജോഗിയുടെ അനുയായിയാണ് റായ്.

”ഏകോപനസമിതി അംഗങ്ങള്‍ ഐക്യകണ്‌ഠേനയാണ് റായിയെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനമെടുത്തത്”, ചത്തീസ്ഗഡിലെ ഐസിസി ജനറല്‍ സെക്രട്ടറി ചാര്‍ജുള്ള ബി.കെ.ഹരിപ്രസാദ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം തനിക്കെതിരായ പാര്‍ട്ടി അച്ചടക്കനടപടി സ്വാഗതം ചെയ്യുന്നതായി റായി പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരെ സംസാരിച്ചതിനാണ് തന്നെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. ”നേരത്തെ ഞാന്‍ രാഹുല്‍ ഗാന്ധിക്കെതിരെ സംസാരിച്ചിരുന്നു. അതിനാണ് എനിക്കെതിരെ പാര്‍ട്ടി നടപടി എടുത്തത്. കഴുതയെ കുതിരയെന്ന് വിളിക്കാന്‍ എനിക്ക് കഴിയില്ല എന്നായിരുന്നു ഞാന്‍ പറഞ്ഞത്. എന്റെ നിരീക്ഷണം തെറ്റാണെന്ന് പാര്‍ട്ടിക്ക് തോന്നുന്നുണ്ടെങ്കില്‍ അത് അന്ധതയാണ്. അല്ലെങ്കില്‍ അന്ധനായി അഭിനയിക്കുന്നു”,റായ് പ്രസ്താവനയില്‍ പറഞ്ഞു.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് ചത്തീസ്ഗഡ് കോണ്‍ഗ്രസ് കഴിഞ്ഞ ആഴ്ച റായിക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ജോഗിയെ ശക്തമായി പിന്തുണക്കുന്ന റായി രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിന് മുമ്പ് പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. ജോഗിയാണ് റായിയെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നതും 2013ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുണ്ടര്‍ദേഹിയില്‍ നിന്ന് മത്സരിപ്പിക്കുന്നതും. ജൂണില്‍ കോണ്‍ഗ്രസില്‍ നിന്ന് വിട്ട് സ്വന്തം പാര്‍ട്ടി റായ് രൂപീകരിക്കുകയും ചെയ്തിരുന്നു.

You must be logged in to post a comment Login