കഴുത്തിനും വേണം കരുതല്‍

സുന്ദരിയാകാന്‍ മുഖം മാത്രം മിനുക്കിയാല്‍ മതിയോ? മുഖസൗന്ദര്യത്തിന്റെ പൂര്‍ണ്ണത കഴുത്തിന്റെ ആകാരഭംഗിയെയും സൗന്ദര്യത്തെയും ആശ്രയിച്ചാണിരിക്കുന്നത്. മുഖസൗന്ദര്യത്തിനായി ചെയ്യുന്ന എല്ലാ ബ്യൂട്ടി ട്രീറ്റ്‌മെന്റുകളും കഴുത്തിന്റെയും സൗന്ദര്യത്തിനായി ചെയ്യാവുന്നതാണ്. മുഖത്തിന്റെ അതേ പ്രാധാന്യം കഴുത്തിന് നല്‍കണം. കഴുത്തിന്റെ സൗന്ദര്യത്തെ നഷ്ടപ്പെടുത്തുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്.
കഴുത്തില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടല്‍, മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയുണ്ടാകുന്ന പാടുകള്‍, കഴുത്തിലെ കറുത്ത നിറം തുടങ്ങിയവയാണ് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നം. ശരീരഭാരം വര്‍ദ്ധിച്ചാല്‍ കഴുത്തില്‍ കൊഴുപ്പടിയുകയും മാംസപേശികള്‍ തൂങ്ങിക്കിടന്ന് അഭംഗി വരുകയും ചെയ്യും. കൂടാതെ ഇരിക്കുമ്പോഴും നില്‍ക്കുമ്പോഴും തല നേരെ പിടിക്കാതെ തല താഴ്ത്തിയിടുകയാണെങ്കില്‍ കഴുത്തിലെ ചര്‍മ്മം ചുക്കിച്ചുളിഞ്ഞ് സൗന്ദര്യം നഷ്‌പ്പെടാനുള്ള സാധ്യതയും ഏറെയാണ്. ഒന്ന് ശ്രദ്ധിച്ചാല്‍ മുഖസൗന്ദര്യം പോലെ കഴുത്തിന്റെ ഭംഗിയും നിലനിറുത്താവുന്നതേയുള്ളൂ.സൗന്ദര്യ സംരക്ഷണത്തില്‍ മുഖത്തിന് മാത്രം പ്രാധാന്യം നല്‍കുന്ന ചിലര്‍ കഴുത്തിനെ പാടെ അവഗണിക്കാറുണ്ട്. മുഖത്തിന് നല്‍കുന്ന അതേ പ്രാധാന്യം കഴുത്തിനും നല്‍കണം
മുഖ സൗന്ദര്യം പരിപാലിക്കുന്നതിനൊപ്പം സംരക്ഷിക്കേണ്ട ഭാഗമാണ് കഴുത്തും. ഇതു ശ്രദ്ധിക്കാത്തതാണ് കഴുത്തിന്റെ സൗന്ദര്യം നഷ്ടപ്പെടാന്‍ കാരണം. കഴുത്തഴക് വര്‍ധിപ്പിക്കാന്‍ പ്രത്യേകിച്ച് ബ്യൂട്ടീഷ്യന്റെ സഹായം ആവശ്യമില്ല. വീട്ടില്‍ത്തന്നെ ചെയ്യാവുന്ന ചില സൗന്ദര്യ പരിപാലന മാര്‍ഗങ്ങള്‍.കഴുത്തിന്റെ ഭംഗി വര്‍ദ്ധിപ്പിക്കാന്‍ പ്രധാനമായി ചെയ്യേണ്ട കാര്യം ഉഴിച്ചിലാണ്. കഴുത്തിനു താഴെ നിന്നും താടിയുടെ ഭാഗത്തേക്ക് ഉഴിയുക. ബദാം ഓയില്‍, തണ്ണിമത്തന്‍ നീര് എന്നിവയില്‍ ഏതെങ്കിലുമൊന്നുപയോഗിച്ച് ഈ രീതിയില്‍ മസാജ് ചെയ്യാം. ഇല്ലെങ്കില്‍ പഴുത്ത പപ്പായയില്‍ കാരറ്റ് നീര്, വെള്ളരിക്കാ നീര് ഇവ മിക്‌സ് ചെയ്തും മസാജ് ചെയ്യാവുന്നതാണ്.
പച്ചചീരയുടെ ചാറും കാരറ്റ് നീരും യോജിപ്പിച്ച് പുറത്തു പുരട്ടുക. പതിനഞ്ചു മിനിറ്റിനു ശേഷം കഴുകിക്കളയുക. രക്തചന്ദനവും രാമച്ചവും അരച്ചു കുഴമ്പാക്കി ഇതില്‍ 3 സ്പൂണ്‍ പനിനീര്‍ ചാലിച്ച് കഴുത്തിലും പുറത്തും പുരട്ടുക. തക്കാളി നീരും വിനാഗിരിയും ചേര്‍ത്തു പുരട്ടുന്നതും നല്ലതാണ്.
സ്പൂണ്‍ തേനും രണ്ട് സ്പൂണ്‍ ഓറഞ്ചു നീരും ചേര്‍ത്ത് കഴുത്തിലും പുറത്തും പുരട്ടാം. മൂന്നു സ്പൂണ്‍ തിളപ്പിക്കാത്ത പാലില്‍ മൂന്നു ബദാം പരിപ്പിട്ട് അരച്ചു കുഴമ്പു രൂപത്തിലാക്കി പുറത്തു പുരട്ടുക. രണ്ടു സ്പൂണ്‍ തേന്‍, അര സ്പൂണ്‍ ഗ്ലിസറിന്‍, ഒരു മുട്ടയുടെ വെള്ള എന്നിവ കലര്‍ത്തി ഒരാഴ്ച കഴുത്തിലും പുറത്തും തേച്ചാല്‍ ചര്‍മം ഭംഗിയാകും.
പുറത്തെ ചൂടുകുരുവും പാടുകളും മാറാന്‍ വേപ്പില, കുരുമുളകിന്റെ ഇല, നാല്‍പ്പാമരപ്പൂവ്, കൃഷ്ണതുളസിയില എന്നിവ അരച്ചു കുഴമ്പു രൂപത്തിലാക്കി കരിക്കിന്‍ വെള്ളത്തില്‍ ചാലിച്ചു പുറത്തു പുരട്ടുക. ഒരു വലിയ സ്പൂണ്‍ നാരങ്ങാനീര്, ഒരു വലിയ സ്പൂണ്‍ പാല്‍പ്പാട, അര വലിയ സ്പൂണ്‍ പഞ്ചസാര ഇവ അഞ്ചുവലിയ സ്പൂണ്‍ പാലില്‍ കലര്‍ത്തി പതിവായി കഴുത്തില്‍ പുരട്ടിയാല്‍ കഴുത്തിലെ കറുപ്പും ചുളിവും മാറി മനോഹരമാകും.
കഴുത്തിലെ കറുപ്പ് നിറം കുറയ്ക്കാന്‍ ഏത്തപ്പഴവും ഒലിവെണ്ണയും കൊണ്ടുള്ള ലേപനം സഹായിക്കും. ഒരു ഏത്തപ്പഴം കുഴമ്പ് രൂപത്തിലാക്കി രണ്ട് ടേബിള്‍ സ്പൂണ്‍ ഒലിവ് എണ്ണ ചേര്‍ത്തിളക്കുക. ഈ മിശ്രതം കഴുത്തില്‍ പുരട്ടി 15 മിനുട്ടിരിക്കുക. അതിന് ശേഷം സാധാരണ വെള്ളത്തില്‍ കഴുകുക. ആഴ്ചയില്‍ രണ്ട് തവണ വീതം ചെയ്യുന്നത് കറുത്തിലെ കറുത്ത പാടുകള്‍ പോയി ചര്‍മ്മം മൃദുലവും തിളക്കമുള്ളതുമാകാന്‍ സഹായിക്കും

You must be logged in to post a comment Login