കവിതയുടെ നിയോഗങ്ങൾ

”എല്ലാവരും കവികളാകുന്ന കാലം വന്നിരിക്കുന്നു. കവിതയെഴുതാത്തവരില്ല. എന്തുകൊണ്ടാണ് ഇത്രയും പേർ കവിതയെഴുതുന്നത്? കാര്യമായി പഠിക്കാൻ ഒന്നും നേരമില്ല. ജീവിതത്തിന്റെ നല്ല സമയം ആളുകൾ ജോലിക്കായി നീക്കിവച്ചിരിക്കുന്നു; ബാക്കി സമയം കവിതയ്ക്കും. ആരുടെയും പുസ്തകങ്ങൾ വായിക്കാത്തവർക്ക് കവിതയാണ് ഏറ്റവും നല്ല മാധ്യമം. ജീവിത കാലമത്രയും മനസ്സില് തോന്നുന്നത് എഴുതാം. അതിനു പ്രത്യേക രുചി വേണ്ട, ചരിത്രം വേണ്ട, തോന്നൽ മാത്രം മതി”.
വർത്തമാനകാല മലയാളത്തിലെ ഏറെ ശ്രദ്ധേയമായ ഒരു നിരൂപകന്റെ നിരീക്ഷണത്തിൽ നിന്നുള്ള ഏതാനും വാക്യങ്ങളാണ് മേൽചേർത്തത്. കവിതയെന്ന പേരിൽ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ പ്രത്യക്ഷപ്പെട്ടു കാണുന്ന, പിന്നെ സമാഹാര രൂപത്തിൽ വായനക്കാരുടെ മുമ്പിലെത്തുന്ന മിക്ക രചനകളും മേൽച്ചൊന്ന നിരീക്ഷണം ശരി വയ്ക്കുന്ന തരത്തിലുള്ളതാണ്. തെറ്റില്ലാതെ രണ്ടോ മൂന്നോ വാക്യങ്ങളെഴുതാൻ കഴിയാത്തവർ കവിതയിലേക്ക് ചേക്കേറി തങ്ങളുടെ ‘ആവിഷ്‌കാരത്വര വെളിവാക്കിക്കൊണ്ടിരിക്കുന്ന കാലമാണിത്. അവരുടേത് കാലഘട്ടത്തിന്റെ അക്ഷരജ്വലനമാണെന്നു സാക്ഷ്യപ്പെടുത്താൻ ആരെങ്കിലുമുണ്ടായിരിക്കുകയും ചെയ്യും. എന്നാൽ പദ്യരചനയ്ക്കു പണ്ടുള്ളവർ പറഞ്ഞുവച്ച അളവുകോൽ കവിതയ്ക്കു കൂടിയേ തീരു എന്നതുപോലുള്ള ശാഠ്യത്തിനർത്ഥമില്ല. ജീവിതത്തിന്റെ താളം തന്നെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോൾ കവിതയ്ക്കു താളം നിർബന്ധമാണെന്നെങ്ങനെ പറയും?

Untitled-1 copyഈ ആമുഖ പ്രസ്താവന അല്പം നീണ്ടെന്നു സമ്മതിക്കുന്നു. സാധാരണമായി നാം കാണുന്ന കവിതകളിൽ നിന്നു തുലോം വ്യതിരിക്തമായ, ഭൂരിപക്ഷവും താളബന്ധമില്ലാത്ത 33 രചനകളുടെ ഒരു സമാഹാരത്തെക്കുറിച്ചു പറയാൻ ആസ്തപ്പാടു കൂട്ടുകയാണിവിടെ.’ദൈവത്തിന്റെ അജണ്ടയിൽ പ്രണയമില്ല’ എന്നാണിതിന്റെ പേര്. കവി ജോണി.ജെ.പ്ലാത്തോട്ടം. നവാഗത കവിയൊന്നുമല്ല ജോണി പ്ലാത്തോട്ടം. ശ്രദ്ധേയമായ രണ്ടു കഥാസമാഹാരങ്ങളും ഒരു ഡിറ്റക്ടീവ് ഹാസ്യനോവലും ഒരു ബാലസാഹിത്യകൃതിയും ‘ക്രൈം കവിത’ എന്നൊരു കവിതാ സമാഹാരവും ഇദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ആനുകാലീക പ്രശ്‌നങ്ങളെ മൗലീകമായൊരു കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്ന ലേഖനങ്ങൾ എഴുതാറുമുണ്ട് ഇദ്ദേഹം. ഏതിനും സ്വന്തമായൊരു നിലപാടു വേണമെന്ന ശാഠ്യം ഈ എഴുത്തുകാരനെ വ്യത്യസ്തനാക്കുന്നു.
ഈ സമാഹാരത്തിലെ കവിതകളെല്ലാം തികച്ചും ‘ഒറിജിനാലിറ്റി വെളിപ്പെടുത്തുന്നവയാണ്. പലരുമെഴുതുന്ന കവിതകൾ വായിക്കുമ്പോൾ സമകാലികരോ പൂർവസൂരികളോ ആയ, ഏതെങ്കിലും പ്രസിദ്ധ കവികളെ നാം ഓർമ്മിച്ചു പോയെന്നിരിക്കും. അനുകരണമെന്നാക്ഷേപിക്കത്തക്കതായൊന്നും അവയിലുണ്ടായിരിക്കില്ലെങ്കിൽ തന്നെ, അത്തരമൊരു സ്മരണയുണർത്തൽ സുഖകരമല്ലാത്ത സംഗതിയാണ്. പ്ലാന്തോട്ടത്തിന്റെ കവിതകൾ അത്തരം ബാധ്യതകളുടെ പീഡയേല്ക്കാത്തവയാണ്. മാറ്റൊലി സ്പർശം ഒരു കവിതയിൽ പോലുമില്ല. അതുകൊണ്ടാണ് ഈ കവിയെ ഒറിജിനാലിറ്റിയുള്ള കവി എന്ന് വിശേഷിപ്പിക്കാൻ ഇവിടെ തുനിയുന്നത്. ആമുഖത്തിൽ കവി തന്നെ പറയുന്നുണ്ട്.”ഒരാളുടെ പത്ത് കവിതയും പത്തുതരത്തിലായിരിക്കണമെന്നാണ് എന്റെ അഭിപ്രായം. എന്നാൽ നാലുവരി വായിക്കുമ്പോൾ തന്നെ പ്രതിയെ പിടികിട്ടണമെന്ന സാഹിത്യ തീരുമാനവും നിലവിലുണ്ട്”എന്ന്. ഈ മുപ്പത്തിമൂന്നു കവിതകളും മുപ്പത്തി മൂന്നു തരത്തിലല്ലെങ്കിൽപ്പോലും കവിയുടെ, തികച്ചും ഉച്ചശൃംഖലമെന്നു വിശേഷിപ്പിക്കാവുന്ന മനസ്സിന്റെയും ആഴമുള്ള നിരീക്ഷണത്തിന്റെയും വ്യതിരിക്തമായ രേഖപ്പെടുത്തലുകളാണെന്നു വായനക്കാരൻ തിരിച്ചറിയുന്നു.
വളരെ ശ്രദ്ധേമായനുഭവപ്പെട്ട ഏതാനും വരികൾ വിവിധ കവിതകളിൽ നിന്നെടുത്ത്, ഇവിടെ അവതരിപ്പിക്കട്ടെ. ‘രാത്രിയുടെ ഓർമ്മയ്ക്ക്’എന്ന ആദ്യ കവിതയിലെ ഏതാനും വരികൾ ആദ്യം കുറിക്കുന്നു.
”ഫാക്ടറിയുടെ നൈറ്റ് ഷിഫ്റ്റുകൾ
നഗരരാവിനെ വേട്ടയാടി
പൽച്ചക്രങ്ങളിൽ നുറുക്കി
ഇടിച്ചുടച്ച്
ടിന്നിലടച്ചു കയറ്റിയയച്ചു” – ഇവിടുത്തെ ധ്വന്യാത്മക സൗന്ദര്യം കണ്ടെത്താൻ കഴിയാത്തവർ കവിതാസ്വാദനം നിഷേധിക്കപ്പെട്ട ദൗർഭാഗ്യവാന്മാരാണ്!
‘നന്ദി, വീണ്ടും വരികയിൽ നിന്ന്:
”്‌നഗരാതിർത്തിയിൽ
വിവശമായ വിരഹ സന്ദേശം.
‘നന്ദി, വീണ്ടും വരിക’
സ്‌നേഹത്തിന്റെ ബില്ലു പേ ചെയ്ത്
പടിയിറങ്ങുന്ന യാത്രക്കാരാ
നിറഞ്ഞ കീശയും നുരഞ്ഞ കാമനകളുമായി
നന്ദി, വീണ്ടും വരിക’.
അവതാരങ്ങൾക്കെന്തു സംഭവിക്കുന്നു? എന്ന വിചാരണയിലെ ”അവതാരങ്ങൾ ഇക്കാലത്തും സംഭവിക്കുന്നുണ്ടെങ്കിലും പ്രോത്സാഹനം കിട്ടാത്ത പ്രതിഭകളെപ്പോലെ മുരടിച്ചു പോകുന്നു” എന്ന നിരീക്ഷണം നർമ്മഭംഗിയുള്ളതാണ്. പുസ്തകനാമം പേറുന്ന കവിതയിൽ നിന്ന്:
”ആദിയിൽ
സ്ത്രീയും പുരുഷനുമായി
അവിടുന്നു വർഗ്ഗശത്രുക്കളെ സൃഷ്ടിച്ചു
ശത്രുക്കൾ പരസ്പരം ശമിപ്പിക്കുന്ന
അടരുതന്ത്രങ്ങളായിരുന്നു ദൈവത്തിനു കാമം”
‘ശല്യക്കാരൻ വ്യവഹാരി’ എന്ന തലകെട്ട് നവാബ് രാജേന്ദ്രനെക്കുറിച്ചുള്ള ദുഃഖസ്മരണ നമ്മിലുണർത്തുന്നു. ഏതാനും വരികൾ:
”ബഹുമാനപ്പെട്ട കോടതി മുമ്പാകെ
ഈ നില്ക്കുന്ന പ്രതി
ഇവൻ
ഈ …
ഇവൻ നാക്കെടുത്താൽ നേരേ പറയൂ!
അതും,
നേരം കെട്ട നേരങ്ങളിൽ
നാളും പക്കവും നോക്കാതെ
ആളും അർത്ഥവും അറിയാതെ”
‘സാന്നിധ്യം’ എന്ന കവിത ഈ സമാഹാരത്തിലെ ഏറ്റവും മികച്ച രചനയായിത്തോന്നിയത് അതിന്റെ താളഭംഗികൊണ്ട് മാത്രമല്ലെന്നും സാക്ഷ്യപ്പെടുത്തട്ടെ:
”പ്രത്യക്ഷമില്ലാത്ത സത്തയായ് തന്ത്രിയിൽ
കൊമ്പിലും കുഴലിലും തൂണിൽ, തുരുമ്പിലും
കമ്പനം കൊള്ളുന്ന
താളസ്വനങ്ങളായ്,
കാണാത്ത ദിക്കിലും
കണ്ടിട്ടുമറിയാത്ത കണിയായി മുന്നിലും
കവിതയുണ്ടെവിടെയും” -എന്ന് സാക്ഷാൽ കവിതയുടെ സാന്നിധ്യത്തെക്കുറിച്ചാണു കവി പാടുന്നത്.
‘പിടിക്കപ്പെടാത്ത പാപങ്ങൾ’, സ്വന്തം കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച ഒരു കന്യാസ്ത്രീയെക്കുറിച്ചുള്ള, ക്രിസ്ത്യൻ പശ്ചാത്തലത്തിലെഴുതപ്പെട്ട ഹൃദയസ്പർശിയായ രചനയാണ്. അമ്മ എന്ന വീട്ടാകടത്തിന്റെ സ്മരണ ആരിലുമുണർത്തുന്ന, ഉള്ളിൽത്തട്ടുന്ന രചനയാണ് ‘അവസാനഗഡു’. അമ്മയെക്കുറിച്ച് മലയാളത്തിലെഴുതപ്പെട്ടിട്ടുള്ള കവിതകളിൽ ഏറെ മുൻപന്തിയിലുള്ളത്, എന്നതിനെ വിശേഷിപ്പിക്കാം. ”ശിശു”, ‘വായനമരിച്ചാൽ എന്നീ കവിതകളും വ്യതിരിക്തമായ ബിംബകല്പനകളുടെ ചാരുത വായനക്കാരനു പകരുന്നു.
സ്‌നേഹത്തിന്റേതൊഴികെ മറ്റു ബന്ധനങ്ങളൊന്നുമില്ലാത്ത എഴുത്തുകാരനു മാത്രമേ ഉത്കൃഷ്ടമായ കവിത എന്ന സർഗ്ഗസൗന്ദര്യം വഴിപ്പെടുകയുള്ളു എന്നു വെളിപ്പെടുത്തുന്നു ജോണി.ജെ.പ്ലാത്തോട്ടത്തിന്റെ ‘ദൈവത്തിന്റെ അജണ്ടയിൽ പ്രണയമില്ല’ എന്ന കവിതാസമാഹാരത്തിലെ രചനകൾ.

You must be logged in to post a comment Login