കവി നടന്ന വഴി…

 

കെ.രാജഗോപാല്‍/രാകേഷ് നാഥ്

പഴയകാലം
ഏതു മനുഷ്യനും, എഴുത്തുകാരനും അയാളുടെ ഭൂതകാലവുമായുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാനാവില്ല.
ദേശം, ഭാഷ, കാലം എല്ലാം ഇന്നലെകളുടെ യക്ഷിസാന്നിദ്ധ്യങ്ങളായി ഏതൊരുവനിലുമുണ്ടാകും. ചിലപ്പോള്‍ അയാളെ മോഹിപ്പിച്ചുകൊണ്ട്, അല്ലെങ്കില്‍ ഭയപ്പെടുത്തിക്കൊണ്ട്. ചിലപ്പോഴെങ്കിലും അകാരണമായ ഒരു നഷ്ടബോധത്തിലേക്ക് തള്ളിയിട്ടുകൊണ്ടും.
പറയത്തക്ക എഴുത്തു പാരമ്പര്യങ്ങളൊന്നും വീട്ടില്‍ എന്നെ തുണച്ചിട്ടില്ല. ഭക്ഷണത്തിനു മാത്രം ഞെരുങ്ങേണ്ടി വന്നിട്ടില്ലാത്ത ഒരു വീട്ടില്‍ എന്റെ അക്ഷരങ്ങളെ ഞാന്‍ പൂഴ്ത്തി വെച്ചുകൊണ്ടേയിരുന്നു. പെറ്റിരട്ടിക്കുവാന്‍ സൂക്ഷിക്കുന്ന മയില്‍പ്പീലി പോലെ.
എട്ടാം ക്ലാസിലെ മലയാളം അദ്ധ്യാപകനാണ് എന്നിലെ എഴുത്തുകാരനെ ആദ്യം തിരിച്ചറിഞ്ഞതെന്നു പറയാം.
”നീ ഇനി പാഠം പകര്‍ത്തെഴുതേണ്ടതില്ല” എന്ന് അദ്ദേഹം ഉത്തരവിട്ടതോടെ സ്‌കൂള്‍ ലൈബ്രറിയുടെ ഇരുട്ടും മാറാലയും എനിക്ക് സ്വന്തമായി.
അതുകൊണ്ട് എനിക്ക് പകര്‍ത്തെഴുത്തിലെ മുഷിവ് ഏറെ സഹിക്കേണ്ടി വന്നില്ല. പാഠപുസ്തകത്തിന്റെ പകര്‍പ്പവകാശം അങ്ങനെ നഷ്ടപ്പെട്ടപ്പോള്‍ എനിക്ക് എന്തും വായിക്കാമെന്നായി. എഴുതാമെന്നായി. (അതില്‍ ചിലതെങ്കിലും ഇരട്ടവരയുടെ പാളങ്ങളെ കവിഞ്ഞിട്ടുണ്ടോ എന്തോ?)
ഇന്നും സിമിന്റുപൂശിയിട്ടില്ലാത്ത ചുവരുകളോടെ നില്‍ക്കുന്നു എന്റെ നാട്ടുവായനശാല. നിന്നെ ഇപ്പോള്‍ കാണാറേയില്ല എന്ന പരിഭവത്തോടെ തന്നെ… മരിക്കും വരെ അതിന്റെ ചുമതലക്കാരനായിരുന്ന അച്ഛന്‍ വായനയിലേക്ക് എന്നെ ഉത്സാഹിപ്പിച്ചിട്ടുണ്ട്.
മാര്‍ക്കേസിന്റെ ‘ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍’ എന്ന നോവലില്‍ , കേണല്‍ മരണത്തെപ്പറ്റി പറയുന്നുണ്ട്. ഒരു മനുഷ്യനും അയാള്‍ മരിക്കേണ്ടപ്പോള്‍ മരിക്കുന്നില്ല, അയാള്‍ക്കു മരിക്കാന്‍ കഴിയുമ്പോഴാണ് മരിക്കുന്നതെന്ന്. ഇന്നും ഇതു വായിക്കുമ്പോള്‍, ഒരു മാസത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള പാവം സ്‌കൂള്‍ അദ്ധ്യാപകന്റെ തത്രപ്പാടിനിടയിലും ഞാനെന്ന ഇരുപതുകാരനു വേണ്ടി മാര്‍കേസിന്റെ നോവലിന്റെ ഒരു പിക്കാഡര്‍ പതിപ്പിന് തുക കണ്ടെത്തിയിരുന്ന അച്ഛനെയല്ലാതെ മറ്റാരെയാണ് ഞാനോര്‍ക്കേണ്ടത്?
ആധുനികത…മാറ്റം…
സാഹിത്യത്തില്‍ ആധുനികതയുടെ വേലിയിറക്കത്തിലാണ് ഞങ്ങളുടെ വരവ്. ഉത്തരാധുനികത(അങ്ങനെയൊക്കെ പറയാമെങ്കില്‍) ഇതിനകം ഇല്ലത്തു നിന്ന് പുറപ്പെടുകയും ചെയ്തിരുന്നു, അമ്മാത്തൊട്ടെത്തിയിരുന്നുമില്ല.
അങ്ങനെ തികച്ചുമൊരു ഗ്രഹണകാലമെന്നു പറയാം. വഴികള്‍ തീരെ വ്യക്തമായിരുന്നില്ല. നടന്നുപോന്നതൊക്കെ വഴികള്‍. പിന്നീട് ഞങ്ങളുടെയൊക്കെ എഴുത്തിനെ ഗുണപരമായി സ്വാധീനിച്ച ബഹുസ്വരതയുടേയും മറ്റും ഒരു കാരണം ഈ ചിതറലാണ്. ഒട്ടൊക്കെ ധൂമിലമായിരുന്ന ഒരു ഭാവുകത്വ പരിസരത്ത് നിഴലാട്ടം കണ്ട് നടക്കുകയായിരുന്നു ഞങ്ങള്‍. കഥയും വേഷവുമറിയാതെ..
അതുകൊണ്ടും ഗുണമുണ്ടായി. കളിയോഗങ്ങളുടെ ലേബലില്‍ ഞങ്ങള്‍ക്കു ഞെളിയേണ്ടി വന്നില്ല. വഴികള്‍ വ്യത്യസ്തമായി. വൃത്തവും വൃത്തനിരാസവും മാത്രം ക്ഷീരബലയാവര്‍ത്തിക്കുന്ന കവിതാ ചര്‍ച്ചകളുടെ പിന്‍നിരയില്‍ നിശ്ശസബ്ദമായിരുന്നുകൊണ്ട് തലയറഞ്ഞു ചിരിക്കാന്‍ ഇപ്പോഴും കഴിയുന്നു.
-ആലഭാരങ്ങളിലാതെ. എന്നാല്‍ വേണ്ടത്ര പൂര്‍വ്വഭാരങ്ങളോടെ തന്നെ-
ഫിലിം സൊസൈറ്റി കാലം…
കൗമാരത്തിന്റെ ഇടനാഴികളില്‍ ഞാന്‍ നേരിട്ട-പലപ്പോഴും ഒഴിഞ്ഞു നടന്ന-ഏകാന്തതയെ, പിന്നീട് അടുത്തുകണ്ടനുഭവിക്കുന്നത് തിരശ്ശീലയിലാണ്.
വീടിനടുത്ത് ഓലമേഞ്ഞ ഒരു സിനിമാശാലയിലെ സ്ഥിരക്കാരനായിരുന്നു ഞാന്‍. വെള്ളിയാഴ്ചകളില്‍ വാരം പിന്നിട്ടു മുന്നേറുന്ന മലയാള ചിത്രങ്ങളും ഇടമുറിയാതെ കാക്കുന്ന അന്യഭാഷാ ചിത്രങ്ങളും എനിക്കു പ്രിയപ്പെട്ടവയായി. ആഴ്ചയിലൊരിക്കല്‍ മാത്രം പണമൊടുക്കി ഏതു ഷോയും എപ്പോള്‍ വേണമെങ്കിലും കാണാന്‍ എനിക്ക് പ്രത്യേക അനുമതിയുണ്ടായിരുന്നു.
എന്നാല്‍ ഒഴിഞ്ഞ് നിശ്ശബ്ദമായ തീയറ്ററിന്റെ ഇരുട്ടില്‍ വെറുതെയിരുന്ന പകലുകളെ ഞാനേറെ ഇഷ്ടപ്പെട്ടു (വര്‍ഷങ്ങള്‍ക്കു ശേഷം ‘സിനിമ പാരഡിസോ’ ആവര്‍ത്തിച്ചു കാണാനിടവന്നപ്പോഴൊക്കെ ഞാനോര്‍ത്തിരുന്നത് എന്റെ കൗമാരത്തെയാണ്).
ഇളംകാറ്റില്‍ ഓളം വെട്ടുന്ന തിരശ്ശീല എന്നും എന്ന മോഹിപ്പിച്ചുകൊണ്ടേയിരുന്നു.
”വെട്ടം പൊലിഞ്ഞോലഷെഡ്ഡിലാകെ
തപ്പിത്തടഞ്ഞിടെ നേടി നമ്മള്‍
വെള്ളിത്തിരയില്‍ തെളിഞ്ഞു കണ്ടോ-
‘രല്ലിയാമ്പല്‍ കടവല്ലാതെ…
കാലി സിഗരറ്റുകൂടി, ലോല-
ക്കാലാല്‍ അരപ്പട്ടകെട്ടി ഈര്‍ക്കില്‍-
കോലുതൊടുത്തടങ്ങാതെ കൊട്ടി
താളം പൊലിച്ചവയല്ലാതെ…
കാലിടോസ്‌കോപ്പിലുടച്ച് വാര്‍ക്കും
പോലോര്‍മ്മതന്‍ വളത്തുണ്ടുകൊരു-
ത്തോരോന്നു കണ്ടുകാണാ, തകക്കണ്‍
ചാനലില്‍ നിന്നോടു സംവദിക്കെ.
നാമിതാ ജീവിച്ചിരിപ്പതായി
തോന്നുന്നു, തോരാക്കിനാവുകളില്‍
വീണ്ടും നനഞ്ഞു പനിപ്പതായി..
പാതി മയക്കം നടിപ്പതായി…”
എന്ന് ഈ തീയറ്റര്‍ അനുഭവത്തെ ഞാന്‍ കവിതയിലാക്കിയിട്ടുണ്ട്.
പിന്നീടാണ് ഛായാ ഫിലിം സൊസൈറ്റിയിലെത്തുന്നത്. അന്യദേശക്കാരായിരുന്ന കുറെ മുതിര്‍ന്ന സുഹൃത്തുക്കളുടെ പ്രേരണ അതിനു പിന്നിലുണ്ട്. പിന്നെ വര്‍ഷങ്ങളോളം ഞങ്ങള്‍ ഫിലിം സൊസൈറ്റി മൂവ്‌മെന്റിന്റെ സന്തോഷങ്ങളും ക്ലേശങ്ങളും ഒരുപോലെ പങ്കിട്ടു. അന്നനുഭവിച്ച ദാരിദ്ര്യം പിന്നീട് സാംസ്‌ക്കാരിക പരിപാടികളുടെ സംഘാടകനെന്ന നിലയില്‍ പ്രവര്‍ത്തിക്കെ എനിക്ക് പാഠമായിട്ടുണ്ട്.
ഫിലിം സൊസൈറ്റി ഫെഡറേഷന്റെ തിരുവനനന്തപുരം ഫീസില്‍ നിന്നും മാസംതോറും ഭാരമേറിയ ഫിലിം പെട്ടികളും ചുമന്ന് ഞാനും സുഹൃത്തുക്കളും തമ്പാനൂരിലേക്ക് നടന്നകാലം. സന്ധ്യയ്ക്ക് ഇതുമായി ട്രെയിന്‍ മാര്‍ഗ്ഗം ചെങ്ങന്നൂരെത്തുമ്പോഴേക്കും ബോയ്‌സ് സ്‌കൂളിന്റെ ഹാളില്‍ കാത്തിരുന്നു മുഷിഞ്ഞ പ്രേക്ഷകരുടെ കൂക്കും തകര്‍പ്പും. എങ്ങനെയെങ്കിലും ഫിലിം ലോഡു ചെയ്തു കഴിയുമ്പോഴാവും ഫോട്ടോ ഫോണിന്റെ പുരാവസ്തുവായിക്കഴിഞ്ഞ 16 എം.എം പ്രൊജക്ടര്‍ നിര്‍ദ്ദയം പിണങ്ങുന്നത്.
പിന്നീട് ചിന്തിച്ചിട്ടുണ്ട്. എന്തിനുവേണ്ടിയായിരുന്നു ഇതൊക്കെ. നല്ല ചിത്രങ്ങള്‍ കാണാനുള്ള ആവേശത്തെ ഫിലിം സൊസൈറ്റി പ്രവര്‍ത്തനം തൃപ്തിപ്പെടുത്തിയിട്ടില്ല. ഒരു സിനിമപോലും ചെങ്ങന്നൂരില്‍ വച്ച് കണ്ടാസ്വദിക്കാനുള്ള യോഗം ഞങ്ങള്‍ ഭാരവാഹികള്‍ക്കുണ്ടായിട്ടില്ല. ക്ലാസിക്കുകള്‍ ആവര്‍ത്തിച്ചു കണ്ടതെല്ലാം സമീപസ്ഥലങ്ങളിലെ ഫിലിം സൊസൈറ്റികളുടെ പ്രദര്‍ശനവേളകളിലാണ്. പക്ഷേ അതിനുവേണ്ടിയുള്ള അലച്ചില്‍…അതായിരുന്നു തിരശ്ശീലയുടെ പ്രലോഭനം…
കവിതയും ചലച്ചിത്രവും…
കവിതയും സിനിമയുമെന്നല്ല, പൊതുവെ സാഹിത്യം തന്നെ ചലച്ചിത്രവുമായ ഒരു സമാന്തരം സാധ്യമാക്കുന്നുണ്ട്. കവിതയില്‍ ബിംബഭാഷയുടെ പ്രയോഗ സാധ്യതകളപ്പാടെ സിനിമയില്‍ ദൃശ്യഭാഷ സഫലീകരിക്കുന്നു.
ഇക്കാര്യത്തില്‍ പുതിയ മലയാള കവിത ഏറെക്കുറെ സിനിമയുടെ സങ്കേതങ്ങളോട് ഏറെ ചേര്‍ന്നു നടക്കുന്നുവെന്നു പറയാം. ലോക ക്ലാസിക്കല്‍ സിനിമ പരീക്ഷിച്ചു വിജയിച്ച മൊണ്ടാഷിന്റെയും മറ്റും സമര്‍ത്ഥമായ പ്രയോഗം പുതിയ കവിതയിലുണ്ട്.
കോളിഫ്‌ളവറിന്റെ തലച്ചോറില്‍
മഞ്ഞളാടിയ മൂര്‍ത്തികളെ കാണാം.
രുചിഭേദങ്ങളുടെ മൊണ്ടാഷ്
വിശപ്പിന്റെ ഫ്രെയിമില്‍ ലയിക്കുന്നതോടെ
സ്‌ക്രീനില്‍ വിലവിവരം തെളിയുന്നു.

-പ്രിവ്യൂ കണ്ടിറങ്ങുമ്പോള്‍
പ്രൊജക്ടര്‍ ക്യാമറയുടെ തോളില്‍ തട്ടി.
നന്നായി
************
തലയ്ക്കു മീതെ തറിയിട്ട
വെളിച്ചത്തിന്റെ നൂല്‍ക്കമ്പികളില്‍
ബീഡിപ്പുക കുരുങ്ങി
ഇരുട്ടിന്റെ സിംഫണി മുഴങ്ങും പോലെ.
************
എല്ലാം മായ്ച്ചുകളഞ്ഞ്
വീണ്ടും വെള്ളപൂശിയാലും
പുതിയ കാഴ്ചകള്‍ക്ക്
നമ്മുടെ പഴയ കണ്ണട
ഇനി എത്ര കാലം?”-
എന്ന് ഞാനെഴുതുന്നത് (ഇല്ലായ്മയുടെ തിരക്കഥ) ഈ അനുഭവത്തില്‍ നിന്നു തന്നെ.
മുന്നില്‍ നടന്നവരും ഒപ്പം നടക്കുന്നവരും…
വലിയ മനസ്സുകള്‍ക്കൊപ്പം ചെറുപ്പം മുതലേ കൂടാന്‍ കഴിഞ്ഞതാണ് ജീവിതത്തിലെ മഹാഭാഗ്യം.
ഒന്നോ രണ്ടോ കവിത മാത്രം പ്രസിദ്ധീകരിക്കപ്പെട്ട കാലത്തു തന്നെ അയ്യപ്പപ്പണിക്കര്‍ സാറിന്റെ ശ്രദ്ധയില്‍പ്പെട്ടു. എന്റെ കവിതയെ ഏറ്റവും സ്വാധീനിച്ചത് അദ്ദേഹത്തിന്റെ ജീവിതമാണ്.
നരേന്ദ്രപ്രസാദ് സാറാണ് ആദ്യസമാഹാരത്തിന്റെ കയ്യെഴുത്തുപ്രതി വേണാട് എക്‌സ്പ്രസ്സിലെ യാത്രാവേളയില്‍ വായിച്ച് ‘ഞാനിതിന് ഒരു കുറിപ്പെഴുതുന്നുണ്ട്” എന്നു കത്തെഴുതിയത്. അങ്ങനെ മലയാള നിരൂപണത്തിലെ ആ നിഷേധമൂര്‍ത്തിയുടെ പ്രസാദം കൊണ്ട് മുദ്ര എന്ന സമാഹാരത്തിന് അവതാരികയായി. സുഹൃത്തായ പി.കെ. രാജശേഖരന്റെ പിന്‍കുറിപ്പ്, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സ്‌നേഹം പുറംചട്ടയായി.
1992 ല്‍ ആദ്യ സമാഹാരം പത്തനംതിട്ടയില്‍ പ്രകാശിപ്പിക്കുമ്പോള്‍ അയ്യപ്പപ്പണിക്കര്‍, കടമ്മനിട്ട, നരേന്ദ്രപ്രസാദ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, വിനയചന്ദ്രന്‍, നെല്ലിക്കല്‍ മുരളീധരന്‍, വി.പി. ശിവകുമാര്‍, കുരീപ്പുഴ ശ്രീകുമാര്‍, വി.കെ.ഉണ്ണികൃഷ്ണന്‍, എന്നിങ്ങനെ ഒരു വലിയ നിര. എല്ലാറ്റിനും ചുക്കാന്‍ പിടിച്ചുകൊണ്ട്, എന്നെ നിരന്തരം പൂരിപ്പിച്ചുകൊണ്ട് ആത്മമിത്രമായ റെയിന്‍ബോ രാജേഷ്. (ഈ മനുഷ്യന്‍ എന്റെ സൗഹൃദ സങ്കല്‍പ്പങ്ങളെ എത്രയാണ് തകിടം മറിച്ചത്..?).
കവിതയില്‍ ആറ്റൂരിനെപ്പോലെ, കല്പ്പറ്റമാഷിനെപ്പോലെ വന്‍മരങ്ങളുടെ തണലില്‍ ഇന്നും നടക്കാന്‍ കഴിയുന്നു. അതിന്റെ ഊര്‍ജ്ജപ്രസരം ഞാന്‍ അനുഭവിക്കുന്നുമുണ്ട്. കേരളത്തിലെമ്പാടും ചിതറിക്കിടക്കുന്ന എന്റെ സുഹൃത്തുക്കളെ ഓര്‍ക്കുമ്പോള്‍ ഒന്നും വെറുതെയായില്ല എന്ന് ഞാന്‍ കരുതുന്നു…
നന്ദി കാലത്തിനും കവിതയ്ക്കും.
”നൈഷധം”…-ജീവിതത്തിന്റെ പുനരെഴുത്ത്…
നൈഷധം എന്ന കവിതയുടം ആദ്യരൂപം 1985 ല്‍ എഴുതി തുടങ്ങിയതാണ്. ഈ കവിത 1990ലാണ് പ്രസിദ്ധീകരിക്കുന്നത്-കേരളകവിതയില്‍. ഇരുപത്തിയഞ്ചു വര്‍ഷം ഈ കവിത എന്നോടൊപ്പം നടന്നു. 20 വര്‍ഷങ്ങള്‍ക്കു ശേഷം, 2011 ല്‍ ഇതിലൊരു പുനരെഴുത്ത് ആവശ്യമെന്നു തോന്നി( പുനര്‍വായനയുടെ കാലത്ത് പുനരെഴുത്തിനും പ്രസക്തിയുണ്ടോ എന്തോ). എന്തായാലും മലയാള കവിതയില്‍ ഇത്തരമൊരു പുതുക്കല്‍ ആദ്യമാണെന്നും തോന്നുന്നു.
അങ്ങനെ ആ കവിതയ്ക്ക് ഒരു ഭൈമീപക്ഷമുണ്ടായി. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ആകെപ്പാടെ കവിത മാറ്റിയെഴുതപ്പെട്ടു. ചില വരികള്‍ ഒഴിവാക്കപ്പെടുകയും നൂറിലേറെ വരികള്‍ കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്തു. അങ്ങനെ അത് ഇതോടൊപ്പമുള്ള രൂപത്തിലായി.
‘ഒളിവിലുണ്ടോ ഇല്ലയോവാന്‍?
നളനെയാര്‍ കണ്ടൂ ഭൂതലേ…
എന്ന നാലാം ദിവസത്തെ പദം കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ് കാനഡ രാഗത്തില്‍ പാടിക്കേട്ട ഉത്സവരാത്രിയിലാണ് നൈഷധം രൂപം കൊണ്ടത്. പിന്നീടിത്രകാലവും ഈ പദം ഉള്ളാലെ ചൊല്ലിയാടാതെ ഒരു ദിവസമെങ്കിലും കടന്നുപോകയില്ല, എന്റെ ജീവിതത്തില്‍. അതുകൊണ്ടു തന്നെ എനിക്കിതെഴുതാതെ വയ്യ.
സ്വദേശം ചെങ്ങന്നൂര്‍. ഇപ്പോള്‍ ചെങ്ങന്നൂര്‍ ജില്ലാ ട്രഷറിയില്‍ ജോലി ചെയ്യുന്നു.

 

You must be logged in to post a comment Login