കശ്മീരിലെ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടത് പാലുവാങ്ങാന്‍ പോയവരല്ല; പ്രകോപിതയായി മെഹബൂബ മുഫ്തി

Mehbooba-Mufti00
ശ്രീനഗര്‍: കാശ്മീരിലെ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവര്‍ പാലുവാങ്ങാന്‍ പോയവരല്ലെന്ന് ജമ്മു കശ്മിര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. 2010 ലെ പ്രക്ഷോഭവുമായി ബന്ധപ്പെടുത്തിയുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കാണ് പ്രകോപിതയായ മുഫ്തി ഇങ്ങനെ മറുപടി നല്‍കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന്റെ ദ്വിദിന കശ്മീര്‍ സന്ദര്‍ശനത്തിനിടെ ഇരുവരും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഇന്ന് കശ്മീരില്‍ നടക്കുന്ന പ്രക്ഷോഭത്തെ 2010 ല്‍ ഷോപിയാന്‍ സംഭവവുമായി താരതമ്യം ചെയ്യാന്‍ സാധിക്കില്ല. അന്നത്തെ പ്രക്ഷോഭത്തിന് കാരണമുണ്ടായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരായ ബലാത്സംഗ ആരോപണത്തിന്റെ ഭാഗമായിട്ടായിരുന്നു അത്. അന്ന് സൈന്യം നിരപരാധികളെ ആക്രമിച്ച സാഹചര്യമുണ്ടായിരുന്നു. അതല്ല ഇന്നത്തെ അവസ്ഥയെന്ന് നിങ്ങള്‍ക്ക് നന്നായി അറിയാം. പാലുവാങ്ങാന്‍ പോയവരല്ല കൊല്ലപ്പെട്ടത്. അവര്‍ പറഞ്ഞു.

കശ്മീരിലെ അഞ്ച് ശതമാനം ജനങ്ങള്‍ മാത്രമാണ് പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നത്. അവര്‍ രാജ്യദ്രോഹികളാണ്. യുവാക്കളെ ദുരുപയോഗം ചെയ്യുന്നവരെ തിരിച്ചറിയണം. ഇന്ന് മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അവരുടെ ജീവന് സര്‍ക്കാര്‍ എങ്ങനെയാണ് മറുപടി പറയേണ്ടതെന്നും മുഫ്തി ചോദിച്ചു. മുഫ്തിയെ അനുകൂലിച്ച് ആഭ്യന്തരമന്ത്രിയും രംഗത്തുവന്നു. ക്ശ്മീരിലെ വലിയ വിഭാഗവും സമാധാനം ആഗ്രഹിക്കുന്നവരാണെന്നും അതിനു വേണ്ടതെല്ലാം ചെയ്യുമെന്നും രാജ്‌നാഥ് സിങ് അറിയിച്ചു.

2009 മെയ് 30 ന് ജമ്മുകശ്മീരിലെ ഷോപിയാനില്‍ 17 കാരിയായ പെണ്‍കുട്ടിയും ഗര്‍ഭിണിയായ സഹോദര ഭാര്യയും ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതാണ് ഷോപിയാന്‍ സംഭവം. ഷോപിയാന്‍ സ്വദേശിനികളായ 17കാരി ഐഷയും ഗര്‍ഭിണിയായ സഹോദരഭാര്യ നിലോഫറുമാണ് (22) കൊല്ലപ്പെട്ടത്.

ഷോപിയാന്‍ കേസില്‍ സര്‍ക്കാര്‍ ഉരുണ്ടുകളിക്കുകയാണന്നും നിയമസഭ നിര്‍ത്തിവെച്ച് ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നുമാവശ്യപ്പെട്ട് അന്ന് പ്രതിപക്ഷ നേതാവായിരുന്ന മെഹബൂബ നിയമസഭയില്‍ ബഹളം ഉണ്ടാക്കിയിരുന്നു. തന്റെ ആവശ്യം അംഗീകരിക്കാത്ത സ്പീക്കറുടെ മൈക്ക് തട്ടിയെടുത്ത മെഹബൂബയുടെ നടപടിയും ഏറെ വിവാദമുണ്ടാക്കിയിരുന്നു.

You must be logged in to post a comment Login