കശ്മീരില്‍ വീണ്ടുംസംഘര്‍ഷം ; സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ നാലു പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടു

kashmir violence

ശ്രീനഗര്‍: കശ്മീരില്‍ പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാവിലെ ബീര്‍വാഹിലെ അരിപന്താനില്‍ പ്രതിഷേധക്കാര്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ക്കുനേരെ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് സൈന്യം നടത്തിയ വെടിവെപ്പിലാണ് നാലുപേര്‍കൊല്ലപ്പെട്ടത്. വെടിവെപ്പില്‍ നാലു പേര്‍ കൊല്ലപ്പെടുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നു പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍.
മൂന്നുപേര്‍ കൊല്ലപ്പെട്ടുവെന്നാണ് തങ്ങള്‍ക്ക് ലഭിച്ച റിപ്പോര്‍ട്ടെന്ന് ബുദ്ഗാം പൊലീസ് സൂപ്രണ്ടന്റ് അബ്ദുള്‍ വാഹിദ് പറഞ്ഞു. എന്നാല്‍ രണ്ടുപേര്‍ മരിച്ചുവെന്നാണ് സ്ഥിരീകരിച്ചിട്ടുള്ളതെന്നും രണ്ടോ മൂന്നോ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നുമാണ് ബുദ്ഗാമിലെ ഡപ്യൂട്ടി കമ്മീഷണറായ അല്‍താഫ് അഹമദ് പറഞ്ഞത്.കശ്മീരിലെ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ഒമര്‍ അബ്ദുള്ളയുടെ സ്വന്തം നിയോജകമണ്ഡലമാണ് ബീര്‍വാഹ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കശ്മീരില്‍ ആറു പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടുവെന്നും എന്നാല്‍ ജമ്മു കശ്മീരില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുള്ളപ്പോള്‍ ബലൂചിസ്താന്‍ വിഷയമാണ് നമ്മള്‍ പരിഹരിക്കാന്‍ നോക്കുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഇതോടെ കശ്മീരില്‍ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 64 ആയി. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ സൈനിക നടപടിയിലൂടെ വധിച്ചതിനെ തുടര്‍ന്നാണ് കശ്മീരില്‍ സംഘര്‍ഷം ഉടലെടുത്തത്. കശ്മീരിന്റെ 10 ജില്ലകളില്‍ കര്‍ഫ്യൂവും നിയന്ത്രണങ്ങളും തുടരുകയാണ്. ജൂലൈ 9 മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുഗതാഗത സൗകര്യങ്ങളും കടകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്.അതിനിടെ, കശ്മീര്‍ സംഘര്‍ഷം ചര്‍ച്ചചെയ്യാന്‍ ഡല്‍ഹിയില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ യോഗം ചേരും.

You must be logged in to post a comment Login