കശ്മീരില്‍ വീണ്ടും ബിജെപി- പിഡിപി സര്‍ക്കാര്‍; മെഹ്ബൂബ ആദ്യ വനിത മുഖ്യമന്ത്രിയാകും

സത്യപ്രതിജ്ഞ തിയതി ജമ്മു കശ്മീര്‍ ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തീരുമാനിക്കുമെന്ന് പാര്‍ട്ടി മുതിര്‍ന്ന നേതാവ് മുസഫര്‍ ബൈഗ് അറിയിച്ചു.


mehbooba-mufti
ശ്രീനഗര്‍: കശ്മീരില്‍ വീണ്ടും ബിജെപി- പിഡിപി സര്‍ക്കാര്‍ രൂപീകരിക്കും. ഇന്നു ചേര്‍ന്ന പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി എംഎല്‍എമാരുടെ യോഗത്തില്‍ മെഹ്ബൂബ മുഫ്തിയെ നിയമസഭാ കക്ഷിനേതാവായി തിരഞ്ഞെടുത്തു. ജമ്മു കശ്മീരിലെ ആദ്യത്തെ വനിത മുഖ്യമന്ത്രിയാകും മെഹ്ബൂബ മുഫ്തി.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മെഹ്ബൂബ ചര്‍ച്ച നടത്തിയിരുന്നു. സത്യപ്രതിജ്ഞ തിയതി ജമ്മു കശ്മീര്‍ ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തീരുമാനിക്കുമെന്ന് പാര്‍ട്ടി മുതിര്‍ന്ന നേതാവ് മുസഫര്‍ ബൈഗ് അറിയിച്ചു. ബിജെപി നിയമസഭാ കക്ഷിയോഗം നാളെ ചേരും.

മുഖ്യമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സയ്യദ് ജനുവരി ആദ്യം മരിച്ച ശേഷം ബിജെപിയും പിഡിപിയും തമ്മിലുള്ള സഖ്യം ഉലയുന്ന നിലയിലായിരുന്നു. 87 അംഗങ്ങളുള്ള കശ്മീര്‍ നിയമസഭയില്‍ പിഡിപിക്ക് 27 എംഎല്‍എമാരാണുള്ളത്. മുഫ്തിയുടെ മരണത്തോടെ ഒരു സീറ്റ് കുറഞ്ഞു. ബിജെപിക്ക് 25 പേരുണ്ട്. നാഷണല്‍ കോണ്‍ഫറന്‍സിന് 15 പേരും കോണ്‍ഗ്രസ്സിന് 12 പേരുമുണ്ട്. മറ്റുള്ളവര്‍ ഏഴു പേരും.

പുതിയ സര്‍ക്കാര്‍ രൂപവല്‍ക്കരിക്കണമെങ്കില്‍ ചില പ്രധാന വിഷയങ്ങളില്‍ ബിജെപിയും കേന്ദ്രസര്‍ക്കാരും വ്യക്തമായ ഉറപ്പ് നല്‍കണം എന്നായിരുന്നു മെഹ്ബൂബ നേരത്തെ പറഞ്ഞിരുന്നത്.

You must be logged in to post a comment Login