കശ്മീര്‍ പ്രശ്‌നം: പാകിസ്താന്റെ ആവര്‍ത്തിച്ചുള്ള ആവശ്യങ്ങള്‍ അവഗണിച്ച് ബാന്‍ കി മൂണ്‍

ban-ki-moon

ജെനീവ: പാകിസ്താന്റെ ആവര്‍ത്തിച്ചുള്ള ആവശ്യങ്ങള്‍ അവഗണിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. കശ്മീര്‍ പ്രശ്‌നം അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്താന്‍ കച്ചകെട്ടി യുഎന്‍ പൊതുസഭ സമ്മേളനത്തിനെത്തിയ പാകിസ്താന് ഇത് കനത്ത തിരിച്ചടിയായി. യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തിലെ ആമുഖ പ്രസംഗത്തില്‍ ബാന്‍ കി മൂണ്‍ സിറിയ, ഇറാഖ് വിഷയങ്ങള്‍ പരാമര്‍ശിച്ചെങ്കിലും ഇന്ത്യാപാക് സംഘര്‍ഷം അവഗണിച്ചു.

ഇതോടെ അന്താരാഷ്ട്ര തലത്തില്‍ പാകിസ്താനെ നയതന്ത്രപരമായി ഒറ്റപ്പെടുത്താനുള്ള ഇന്ത്യന്‍ നീക്കങ്ങള്‍ക്ക് ശക്തി പകരും. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഇന്ത്യാ വിരുദ്ധ നീക്കങ്ങള്‍ക്ക് തിരിച്ചടിയായാണ് ഇതിനെ വിലയിരുത്തുന്നത്.

നേരത്തെ ലോകരാജ്യങ്ങള്‍ ഭീകരതയുടെ പേരില്‍ പാകിസ്താനെ പേരെടുത്ത് വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലോക വേദിയില്‍ ഇന്ത്യയ്ക്ക് അനുകൂല സാഹചര്യം ലഭിച്ചിരിക്കുന്നത്. കശ്മീര്‍ വിഷയത്തില്‍ സ്ഥിരാംഗങ്ങള്‍ക്ക് കത്തു നല്‍കിയത് ഉള്‍പ്പെടെ ഇന്ത്യക്കെതിരായി പാകിസ്താനും യുഎന്നില്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ടായിരുന്നു.

ഭീകരതെയെ ചെറുക്കാന്‍ ഇന്ത്യ മുന്‍കൈ എടുത്ത് തയ്യാറാക്കിയ കൂട്ടായ്മയ്ക്ക് ( Comprehensive Convention on International Terrorism CCIT ) യുഎന്‍ അംഗീകാരം ലഭിച്ചതും രാജ്യത്തിന് നേട്ടമായി. കഴിഞ്ഞ ബ്രിക്‌സ് ഉച്ചകോടിയിലാണ് ഇന്ത്യ ഈ കൂട്ടായ്മയ്ക്ക് മുന്‍കൈയെടുത്തത്.

ഇതിനെതിരെ പാകിസ്താന്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇന്ത്യയുടെ നീക്കത്തെ വന്‍കിട രാഷ്ട്രങ്ങള്‍ പിന്തുണച്ചിരുന്നു. ഇപ്പോള്‍ ഐക്യരാഷ്ട്രസഭയുടെ അംഗീകാരം കൂടി ലഭിച്ചത് പാകിസ്താന് ഇരട്ട തിരിച്ചടിയായി.

You must be logged in to post a comment Login