കശ്മീര്‍ വിഷയത്തില്‍ സഹായം തേടിയെന്ന് ട്രംപ്; ഒരു മധ്യസ്ഥതയും വേണ്ടെന്ന് ഇന്ത്യ, മലക്കംമറിഞ്ഞ് യുഎസ്

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ അമേരിക്കയുടെ സഹായം തേടിയെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന തള്ളി ഇന്ത്യ. മധ്യസ്ഥതയ്ക്കായി ഒരു നിര്‍ദേശവും പ്രധാനമന്ത്രി മുന്നോട്ടുവച്ചിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഉഭയകക്ഷി ചര്‍ച്ചയിലൂടെ മാത്രമേ കശ്മീര്‍ വിഷയത്തില്‍ പ്രശ്‌നപരിഹാരം സാധ്യമാകുവെന്ന ഇന്ത്യന്‍ നിലപാടില്‍ മാറ്റമില്ലെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ ട്വിറ്ററിലൂടെ പറഞ്ഞു.

പാകിസ്ഥന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി വൈറ്റ്ഹൗസില്‍ നടത്തിയ ആദ്യ കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേലനത്തിലായിരുന്നു ട്രംപിന്റെ പ്രസ്താവന. ‘നരേന്ദ്ര മോദിയുമായി കശ്മീര്‍ വിഷയം രണ്ടാഴ്ച മുമ്പ് സംസാരിച്ചിരുന്നു. മധ്യസ്ഥത ആകാമോ എന്ന് മോദി ചോദിച്ചു. കശ്മീര്‍ പ്രശ്‌നം വര്‍ഷങ്ങല്‍ നീണ്ടതാണ്. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ-പാകിസ്ഥാന്‍ ചര്‍ച്ചകളില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണ്. ഇരു രാജ്യങ്ങളും ആവശ്യപ്പെട്ടാല്‍ മാത്രമേ വിഷയത്തില്‍ ഇടപെടൂ’- ട്രംപ് പറഞ്ഞിരുന്നു.

പ്രസ്താവനയില്‍ ഇന്ത്യന്‍ പ്രതികരണം വന്നതോടെ വിശദീകരണവുമായി അമേരിക്ക രംഗത്തെത്തി. മധ്യസ്ഥതയല്ല പ്രശ്‌ന പരിഹാരത്തിനുള്ള ചര്‍ച്ചകളെ പിന്തുണക്കാമെന്നാണ്  അറിയിച്ചതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞു.ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകളെ സ്വാഗതം ചെയ്യുന്നുവെന്നും എല്ലാവിധ സഹായങ്ങളും നല്‍കാമെന്നുമെന്നാണ് ട്രംപ് പറഞ്ഞതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് വിശദീകരിച്ചു.

‘കശ്മീര്‍ ഉഭയകക്ഷി വിഷയമായിരിക്കെ, ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയിലൂടെ മാത്രമെ പ്രശ്‌നപരിഹാരം സാധ്യമാകൂവെന്ന നിലപാട് സ്വാഗതം ചെയ്യുന്നു. ഇന്ത്യ-പാകിസ്ഥാന്‍ ചര്‍ച്ചകള്‍ക്ക് പിന്തുണ നല്‍കാന്‍ ട്രംപ് ഭരണകൂടം തയാറാണ്’.-യുഎസ് സ്റ്റേറ്റ് വക്താവ് പറഞ്ഞു.

കശ്മീര്‍ വിഷയം ഉഭയകക്ഷിപ്രശ്‌നമായതിനാല്‍ മൂന്നാം കക്ഷിയുടെ മധ്യസ്ഥത വേണ്ടെന്നാണ് ഇന്ത്യയുടെ നിലപാട്. 2016ലെ പത്താന്‍കോട്ട് ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനുമായി കശ്മീര്‍ വിഷയം ഇന്ത്യ ചര്‍ച്ച ചെയ്തിട്ടില്ല. ഭീകരയും ചര്‍ച്ചയും ഒരുമിച്ചുകൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് പാകിസ്ഥാനോട് ഇന്ത്യ വ്യക്തമാക്കിയിരുന്നു.

You must be logged in to post a comment Login