കശ്മീര്‍ സംഘര്‍ഷം: ദുഖം പ്രകടിപ്പിച്ച് പ്രധാനമന്ത്രി; സംഘര്‍ഷത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരെല്ലാം ഇന്ത്യയുടെ ഭാഗം

modi-6 (1)ന്യൂഡല്‍ഹി: കശ്മീര്‍ സംഘര്‍ഷത്തില്‍ ദുഖം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഷയത്തില്‍ കശ്മീരില്‍ നിന്നുള്ള സര്‍വ്വകക്ഷി സംഘവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് താഴ്വരയില്‍ ദിവസങ്ങളായി തുടരുന്ന സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി വേദന അറിയിച്ചത്.

അവിടെ നടക്കുന്ന സംഘര്‍ഷത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരെല്ലാവരും നമ്മുടെ രാജ്യത്തിന്റെ ഭാഗമാണെന്നും പ്രദേശത്ത് സ്ഥിരത നിലനിര്‍ത്താന്‍ ഭരണഘടനയെ മാനിച്ചുകൊണ്ടുള്ള ശാശ്വതമായ പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

കലാപത്തെ തുടര്‍ന്ന് യുവാക്കള്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടത് തന്നെ അസ്വസ്ഥതപ്പെടുത്തുന്നു. ചര്‍ച്ചകളിലുടെ സമാധാനപരമായ പരിഹാരം ഉണ്ടാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമയം പാഴാക്കാതെ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ടാണ് കശ്മീരില്‍ നിന്നുള്ള നേതാക്കള്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്.

ഹിസ്ബുള്‍ മുജാഹിദീന്‍ തീവ്രവാദി ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ചതിനെ തുടര്‍ന്നാണ് കശ്മീരില്‍ സംഘര്‍ഷം തുടങ്ങിയത്. മാസങ്ങളായി നിലനില്‍ക്കുന്ന സംഘര്‍ഷത്തില്‍ 66 പേര്‍ ഇതുവരെ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് ആളുകള്‍ക്കാണ് പരിക്കേറ്റത്.

You must be logged in to post a comment Login