കശ്മീര്‍ സ്വദേശികളുടെ സുരക്ഷ ഉറപ്പുവരുത്തണം:രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി:കശ്മീര്‍ സ്വദേശികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. സുരക്ഷ ഉറപ്പുവരുത്താന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ആഭ്യന്തര മന്ത്രാലയം നോട്ടീസ് അയച്ചു.കശ്മീരിന് പുറത്തുള്ള കശ്മീര്‍ സ്വദേശികള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ ബന്ധപ്പെടണമെന്ന് കശ്മീര്‍ പോലീസും അറിയിപ്പ് നല്‍കിയിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീര്‍ സ്വദേശികള്‍ക്ക് നേരേ അക്രമം നടന്ന സാഹചര്യത്തിലാണ് അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ ശ്രദ്ധചെലുത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചത്. ഇതുസംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങള്‍ക്കും മന്ത്രാലയം അറിയിപ്പ് നല്‍കി.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീര്‍ സ്വദേശികള്‍ പലഭാഗത്തും അക്രമത്തിനിരയാകുന്നതായും അവര്‍ക്ക് സുരക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ളയും മെഹ്ബൂബ മുഫ്തിയും കേന്ദ്രത്തെ സമീപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കശ്മീര്‍ സ്വദേശികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും ഇടപെട്ടിരിക്കുന്നത്.

ഹരിയാണയിലും ഡെറാഡൂണിലും കശ്മീരില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് നേരേ വ്യാപക അക്രമമുണ്ടായതായി കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവര്‍ താമസിച്ചിരുന്ന വീടുകളില്‍നിന്ന് ഇവരെ ഇറക്കിവിടുകയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.

You must be logged in to post a comment Login