കസ്റ്റഡി മരണം, ലോക്കപ്പ് മർദനം: പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് സർക്കാരിന് നിർദേശം

തിരുവനന്തപുരം: ലോക്കപ്പ് മർദനങ്ങൾക്കും കസ്റ്റഡി മരണങ്ങൾക്കും ഇടവരുത്തുന്ന പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് സർക്കാരിന് നിർദേശം. സംസ്ഥാന മനുഷ്യാവകാശ കമ്മ‌ിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കാണ് നിർദേശം നൽകിയത്. നെടുങ്കണ്ടം കസ്റ്റഡിമരണത്തിന്റെ പശ്ചാത്തലത്തിൽ പീരുമേട് സബ്ജയിലും നെടുങ്കണ്ടം പൊലീസ് സ്റ്റേഷനും അദ്ദേഹം സന്ദർശിച്ചിരുന്നു. ഇതിനുശേഷം ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് അദ്ദേഹം നിർദേശം നൽകുകയായിരുന്നു

പൊലീസിന്റ പെരുമാറ്റത്തെക്കുറിച്ചും മൂന്നാംമുറ ഒഴിവാക്കേണ്ടതിനെക്കുറിച്ചും ഒട്ടേറെ സർക്കുലറുകൾ പൊലീസ് മേധാവി ഇറക്കി. എന്നിട്ടും ഇത്തരം കിരാത പ്രവൃത്തികൾ ആവർത്തിക്കുന്നത് സസ്പെൻഷൻ ഉണ്ടായാൽ വർധിത വീര്യത്തിൽ തിരിച്ചെത്താമെന്ന ധാരണയുള്ളതുകൊണ്ടാണെന്ന് അദ്ദേഹം ഉത്തരവിൽ പറയുന്നു.

കുറ്റക്കാരായ ഉദ്യോഗസ്ഥർ സംരക്ഷിക്കപ്പെടുമെന്നും ഒരു വിശ്വാസമുണ്ട്. ഇവരെ പിരിച്ചുവിടുകയാണ് പോംവഴി. പൊലീസിന്റെ നീചമായ പ്രവൃത്തികൾ കേരളംപോലെ സംസ്കാരസമ്പന്നമായ ഒരുനാടിനും സർക്കാരിനും അപമാനമാണെന്നും പറയുന്നുണ്ട്.

ജയിലിൽ പ്രവേശിപ്പിക്കുന്നവരുടെ ശാരീരികാവസ്ഥ രേഖപ്പെടുത്തുന്ന ആധികാരിക രജിസ്റ്റർ പീരുമേട് ജയിലിൽ ഇല്ലെന്ന് കമ്മിഷൻ കണ്ടെത്തി. ജയിലിൽ പ്രതിയെ എത്തിക്കുമ്പോൾ ആ സമയത്തെ ശാരീരികാവസ്ഥയും ആരോഗ്യസ്ഥിതിയും പരിക്കുകളും പരിശോധിച്ച് പ്രതിയോട് നേരിട്ട് സംസാരിക്കണം. ഈ വിവരങ്ങൾ രേഖപ്പെടുത്താൻ രജിസ്റ്റർ സൂക്ഷിക്കണം. ജയിൽ ഉദ്യോഗസ്ഥർ അത് ഉറപ്പാക്കണമെന്നും കമ്മ‌ിഷൻ ആവശ്യപ്പെട്ടു.

പരിശോധനയ്ക്ക് എത്തിക്കുന്ന പ്രതികളെ നേരിൽകാണാതെയും രോഗവിവരം തിരക്കാതെയും പൊലീസുകാരുടെ താത്പര്യങ്ങൾക്ക് അനുസരിച്ച് ഡോക്ടർമാർ റിപ്പോർട്ട് എഴുതി നൽകുന്നതായി ആക്ഷേപമുണ്ട്. കൃത്യമായി പരിശോധിച്ച് നിഷ്‌പക്ഷമായി റിപ്പോർട്ട് തയ്യാറാക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് ആഭ്യന്തര സെക്രട്ടറി നിർദേശം നൽകണം. മെഡിക്കൽ റിപ്പോർട്ടുകൾ എല്ലാവർക്കും വായിക്കാവുന്ന തരത്തിൽ ഡോക്ടർമാർ എഴുതണം. ഈ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാരെടുത്ത നടപടി രണ്ടുമാസത്തിനകം കമ്മ‌ിഷനെ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

You must be logged in to post a comment Login