കാക്കയും സിന്ദൂരവും

ഇന്ദിരാ ബാലന്‍

മനുഷ്യന്‍ മനുഷ്യനാല്‍ കശാപ്പു ചെയ്യുന്ന പുതിയ കാലത്തിന്റെ ഉമ്മറപ്പടിയില്‍ നിന്നും തൂണുപിളര്‍ന്ന് വീണ്ടുമൊരു നരസിംഹം അവതരിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിക്കാതിരിക്കാന്‍ നിവൃത്തിയില്ല. ജാതി മതാന്ധത കൊടികുത്തിവാഴുകയും കൊടി നിറങ്ങള്‍ക്കനുസരിച്ച് ജീവിതങ്ങള്‍ മാറുകയും ചെയ്യുന്ന വര്‍ത്തമാനകാലത്തിന്റെ നിറുകയില്‍ ആഞ്ഞു കൊത്തേണ്ടത് അത്യാവശ്യം.ദിനംപ്രതി ഉയര്‍ത്തുന്ന, അനാവശ്യ പ്രശ്‌നങ്ങളിലൂടെ വലിച്ചിഴച്ചപ്പെട്ട് സ്വസ്ഥത നശിക്കുന്നത് ഏറിയകൂറും സാധാരണ, അഥവാ പച്ചയായ മനുഷ്യജീവിതങ്ങള്‍ക്കാണ്. നീതിക്കും നിയമത്തിനും വേണ്ടി അഭിപ്രായങ്ങള്‍ പറഞ്ഞാല്‍ പുതിയ പേരുകളാല്‍ മുദ്ര കുത്തപ്പെടുന്ന പുതിയ രാഷ്ട്രീയ തന്ത്രങ്ങളും ആക്രമണങ്ങളും.
ഇത്തരുണത്തില്‍ ‘ആഞ്ഞു കൊത്തുക അധീശത്വത്തിന്‍ മസ്തകത്തില്‍ രക്ഷകനായ് വന്നു നീയീ കെട്ട കാലത്തിന്‍ നിറുകയില്‍ ‘ എന്ന് പറയാതിരിക്കാനാവില്ല. നിസ്സംഗത പൂണ്ടിരിക്കാന്‍ ശ്രമിക്കുമ്പോഴും മനുഷ്യത്വം ഉണര്‍ന്ന് പറയാതിരിക്കില്ല. പുരോഗമനത്തിന്റെ കൊടുമുടികള്‍ താണ്ടിയിട്ടും സാക്ഷര കേരളമെന്തേ ഇങ്ങിനെ അധഃപതിക്കുന്നത്. സ്ത്രീയെ സംരക്ഷിക്കണമെന്ന് പറയുകയും ഒപ്പം സ്ത്രീകള്‍ തന്നെ സ്ത്രീവിരുദ്ധത ഉയര്‍ത്തുകയും ചെയ്യുന്ന ഈ വിരോധാഭാസത്തെ എങ്ങിനെ വിലയിരുത്തണം? സിന്ദൂരത്തിനും ഇപ്പോള്‍ ചോരയുടെ മണം. വാക്കുകള്‍ കൊലവിളികള്‍ മുഴക്കുന്നു. സിന്ദൂരം അഥവാ കുങ്കുമം എത്ര മനോഹരം – എന്നാല്‍ അതിന്റെ അര്‍ത്ഥങ്ങള്‍ പോലും മാറിമറിയുന്നു . സാധാരണയായി ഭര്‍തൃമതിയാവുമ്പോഴാണ് ഹൈന്ദവ സ്ത്രീകള്‍ മംഗല്യരേഖയില്‍ സിന്ദൂരമണിയുന്നത്. ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനു വേണ്ടി എന്നര്‍ത്ഥത്തില്‍. അര്‍ത്ഥവ്യാപ്തികള്‍ ഇനിയുമുണ്ടാകാം. ഓരോ കാലത്തും വാക്കുകള്‍ക്ക് ചിലപ്പോള്‍ അര്‍ത്ഥഭേദങ്ങള്‍ സംഭവിക്കാം. അത് നന്‍മയിലേക്കുതകുന്നതായിരിക്കേണ്ടതല്ലേ? അമ്മമാര്‍ സിന്ദൂരമണിയുന്നത് തങ്ങളുടെ പെണ്‍മക്കളെ കാക്ക കൊത്താതിരിക്കാനോ? ഇവിടെ കൊടികള്‍ ഉയര്‍ത്തുന്ന നിറമെന്ത്? കലാപങ്ങള്‍ക്ക് വഴിച്ചൂട്ടാകുന്ന പദപ്രയോഗങ്ങള്‍ എത്രത്തോളം അപലപനീയമാണ്. സ്ത്രീകള്‍ തന്നെ സ്ത്രീവിരുദ്ധത അഴിച്ചുവിടുന്നു. പ്രളയവും കൊടുങ്കാറ്റും മനുഷ്യനെ വിഴുങ്ങുമ്പോള്‍ ഈ വിവേചനങ്ങളെവിടെ പോകുന്നു? ഒരു നീര്‍പ്പോള പോലുള്ള ഈ ശ്വാസഗതി നിലച്ചാല്‍ മനുഷ്യന്റെ പകിട്ടുകളെല്ലാം അസ്തമിക്കാന്‍ ഒരു നിമിഷം മതിയെന്ന ബോധം വിദൂരത്ത്.
കാലത്തിന്റെ നെറികേടുകളെ ചൂണ്ടിക്കാണിക്കുന്നവര്‍ അപഹാസ്യരാക്കപ്പെടുന്നു. കഴിവുള്ളവരെ ഒറ്റപ്പെടുത്തി തമസ്‌കരിക്കുന്നു . എത്രയായാലും സത്യം മാത്രമെ ജയിക്കു. ഒരു പക്ഷേ സമയമെടുത്തേക്കാം. സത്യധര്‍മ്മങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്നവര്‍ കാലക്ഷേപം ചെയ്തിരിക്കാം. എന്നാലും സത്യത്തിന് ജയിക്കാതിരിക്കാനാവില്ല എന്ന ഉറച്ച ബോധ്യമുള്ളവര്‍ നീതിക്ക് വേണ്ടി പൊരുതിക്കൊണ്ടേയിരിക്കും.
ഈ കാലത്തെ വ്യക്തമായി ആവിഷ്‌ക്കരിക്കുന്ന ഒരു കഥയാണ് എന്‍.എസ്.മാധവന്റെ ‘പാല് പിരിയുന്ന കാലം’ എന്ന കഥ. ആ കഥാസാരം ഈയവസ്ഥയില്‍ പറയേണ്ടത് അനുപേക്ഷണീയം. അസുഖം മൂലം സ്വന്തം ശരീരത്തില്‍ നിന്നും മുറിച്ചെടുത്ത ഭാഗം സ്പിരിറ്റിലാക്കി പാക്ക് ചെയ്ത് മറ്റൊരു നാട്ടിലേക്ക് ഡോക്ടറുടെ പരിശോധനക്ക് പോകുന്ന യാത്രക്കാരന്റെ കഥ. ട്രെയിനിറങ്ങിയപ്പോള്‍ പെട്ടിയിലെ മാംസ മണം കൊണ്ട് അയാള്‍ക്ക് ചുറ്റും വന്ന് നിറയുന്ന നായ്ക്കള്‍. ഇത് കാണുന്ന യാത്രക്കാരും ചുറ്റുള്ളവരും ആ വ്യക്തിയെ സംശയ ദൃഷ്ടിയോടെ നോക്കുകയും അയാളെ വളയുകയും ചെയ്യുന്നു. ഒപ്പം പോലീസിനേയും വിളിച്ച് പരിശോധനക്ക് വിധേയനാക്കുന്നു. സ്വന്തം ശരീരത്തിന്റെ ഭാഗം പരിശോധനക്ക് കൊണ്ടു പോകുന്നു, താന്‍ രോഗിയാണെന്നും പലകുറി പറഞ്ഞിട്ടും വിശ്വസിക്കാത്ത ഒരു വിഭാഗം ആള്‍ക്കാര്‍ അത് ഗോമാംസം കടത്തുകയാണെന്നും പറഞ്ഞ് അയാളെ പട്ടിയെ പോലെ തല്ലി ചതയ്ക്കുന്നു. നിസ്സഹായതയുടെ പടുകുഴിയിലേക്കാണയാള്‍ അമര്‍ന്നു പോകുന്നത്. വര്‍ത്തമാനകാലത്തിന്റെ രാഷ്ട്രീയ പരിഛേദമാണ് ഈ കഥ. ഇത്രയും ആസുരമായ ഒരു കാലത്തിലാണ് നാമെല്ലാം ജീവിക്കുന്നതും. ഈയവസ്ഥയില്‍ ഏത് ശാദ്വലഭൂവിലേക്കാണ് സമാധാനം തേടിപ്പോകേണ്ടത്.
അമ്മമാര്‍ സിന്ദൂരമണിഞ്ഞാല്‍ പെണ്‍മക്കളെ കാക്ക കൊത്തില്ലത്രെ. അടുത്ത അവസരത്തില്‍ കണ്ട അട്ടഹാസങ്ങള്‍. അബദ്ധങ്ങളൊ അറിവുകളൊ, അറിവുകേടുകളൊ ഇലയിട്ട് വിളമ്പുന്ന ഈ രാഷട്രീയ നിറങ്ങള്‍ എന്തിനാണിങ്ങനെ പക നിറയ്ക്കുന്നത്?
‘കൂരിരുട്ടിന്റെ കിടാത്തി,യെന്നാല്‍
സൂര്യപ്രകാശത്തിന്നുറ്റ തോഴി
ചീത്തകള്‍ കൊത്തി വലിയ്ക്കുകിലു
മേറ്റവും വൃത്തിവെടുപ്പെഴുന്നോള്‍
കാക്ക നീ ഞങ്ങളെ സ്‌നേഹിക്കിലും
കാക്കണം സ്വാതന്ത്ര്യമെന്നറിവോള്‍ ‘ (വൈലോപ്പിള്ളി ശ്രീധരമേനോന്‍) കാക്കക്ക് ഇങ്ങിനേയും ഒരു മറു പാഠം എത്രയോ മുമ്പ് മഹാകവി കുറിച്ചു വെച്ചിട്ടുണ്ടെന്നുള്ളത് സ്മരണീയം.
മറ്റൊന്ന് കൗശലം പൂണ്ട കുയിലുകള്‍ മുട്ടയിടുന്നത് കാക്കക്കൂട്ടിലാണ്. അടവെച്ചുണര്‍ത്തുന്ന പാവം കാക്കകള്‍. തിരിച്ചറിവായാല്‍ കുയില്‍ക്കുഞ്ഞുങ്ങള്‍ പറന്നു പോവുന്നു. കാക്ക എന്ന പദത്തിന് സമുദായത്തിന്നപ്പുറം നിരവധി അര്‍ത്ഥാന്തരന്യാസങ്ങളും ഉണ്ട്. എല്ലാ ജാതിമതങ്ങളിലും നന്‍മതിന്മകളുണ്ടെന്നുള്ളതും യാഥാര്‍ത്ഥ്യം. ഒന്നും ഒന്നില്‍ മാത്രം ഒതുങ്ങുന്നതല്ല. ഇത് ആരുടേയും പക്ഷം പറയുന്നതല്ലാ ,മനുഷ്യ പക്ഷത്ത് നിന്നും നോക്കിക്കാണുന്നു.
പണ്ട് അരങ്ങുകളിലെ വേഷപ്പകര്‍ച്ചകളിലാണ് അലര്‍ച്ചകള്‍ കേട്ടിരുന്നത്. ഇന്ന് ഏതിടങ്ങളില്‍ നിന്നും, വേദികളില്‍ നിന്നും ഈ അലര്‍ച്ചകള്‍ സംസ്‌കാകാര ശൂന്യതയുടെ പുകമറകള്‍ സൃഷ്ടിക്കുന്നു. രാഷ്ട്രീയവെറികളിലൂടെ സംഭവിക്കുന്ന നഷ്ടങ്ങള്‍ ഏറിയകൂറും സാധാരണ ജനങ്ങളെയാണ് ബാധിക്കുന്നത്. സ്വകാര്യ ഇഷ്ടങ്ങളില്‍പ്പോലും വര്‍ഗ്ഗീയത പുരളുന്ന ഈ കാലത്ത് ഏത് പക്ഷങ്ങളായാലും കത്തിപ്പടരുന്ന തീയിലേക്ക് വീണ്ടും വീണ്ടും എണ്ണയൊഴിക്കാതിരിക്കാന്‍ ശ്രമിക്കണം എന്ന അഭ്യര്‍ത്ഥനയേയുള്ളു. രാഷ്ട്രീയ ഭൂനിലങ്ങളില്‍ വൈരാഗ്യത്തിന്റെ കാട്ടുതീയാളിപ്പടരാതിരിക്കട്ടെ.
‘ജനിക്കുന്നു കേവലം
നരനായി മാത്രം
മടങ്ങുമ്പോഴും നരനായ് മാത്രം
ഇടയില്‍ വിളക്കിചേര്‍ക്കുന്നു
ആലങ്കാരികമാം ബഹുവര്‍ണ്ണങ്ങളേറെ
കല്‍പ്പിക്കുന്നു അയിത്ത ബോധങ്ങള്‍
തീര്‍ക്കുന്നു രുധിരക്കളങ്ങള്‍
മണ്ണായ് തീരും നരനെന്തിനിത്ര
അഹങ്കാരത്തിന്‍ ധാടികള്‍
മണ്ണായ് തീരുമ്പോഴും
ശമിക്കുന്നില്ലീ അഹംബോധങ്ങള്‍ ‘

You must be logged in to post a comment Login