കാഞ്ഞിരപ്പള്ളിയില്‍ തീ പാറും; ശക്തമായ ത്രികോണ മത്സരം

മണ്ഡലത്തിലെ 9 പഞ്ചായത്തുകളില്‍ 6 എണ്ണം എല്‍.ഡി.എഫിനാണെന്നുള്ളത് യു.ഡി.എഫ് പാളയത്തില്‍ ആശങ്കയ്ക്കിട നല്‍കുന്നുണ്ട്. ഹിന്ദു സമൂഹത്തിന് ഏറെ മുന്‍തൂക്കമുള്ള ചിറക്കടവ്, പള്ളിക്കത്തോട് പഞ്ചായത്തുകളില്‍ ബി.ജെ.പിയുടെ മുന്നേറ്റവും ശക്തമായ ത്രികോണ മത്സരത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ഡോ. എന്‍.ജയരാജ്,  അഡ്വ.വി.ബി ബിനു, വി.എന്‍. മനോജ്
ഡോ. എന്‍.ജയരാജ്, അഡ്വ.വി.ബി ബിനു, വി.എന്‍. മനോജ്
  • ദീപു മറ്റപ്പള്ളി

ജാതീയ വോട്ടുകള്‍ ഗതിവിഗതികള്‍ നിര്‍ണയിക്കുന്ന കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ ഇത്തവണ പോരാട്ടം കടുക്കും. 2011 ലെ തെരഞ്ഞെടുപ്പോടെ ഇല്ലാതായ വാഴൂര്‍ മണ്ഡലത്തിന്റെ സിംഹഭാഗവും ഉള്‍പ്പെടുത്തി പുനര്‍നിര്‍ണയിച്ചാണ് നിലവിലെ കാഞ്ഞിരപ്പള്ളി മണ്ഡലം രൂപവത്ക്കരിച്ചത്. ഇതോടെ പഴയ കാഞ്ഞിരപ്പള്ളി മണ്ഡലം പൂഞ്ഞാറിന് വഴിമാറി. സിറ്റിംഗ് എം.എല്‍.എ യു.ഡി.എഫിലെ ഡോ. എന്‍.ജയരാജ്, എല്‍.ഡി.എഫിലെ അഡ്വ.വി.ബി ബിനു വാഴൂര്‍ പഞ്ചായത്തംഗം കൂടിയായ വി.എന്‍. മനോജിനെയാണ് ബി.ജെ.പി കളത്തിലിറക്കിയിരിക്കുന്നത്. നായര്‍, ഈഴവ വോട്ടുകള്‍ക്കൊപ്പം ക്രിസ്ത്യന്‍ വോട്ടുകളും നിര്‍ണ്ണായകമാകുന്ന മണ്ഡലമാണ് കാഞ്ഞിരപ്പള്ളി. കേരളാകോണ്‍ഗ്രസ് എമ്മിലെ എന്‍.ജയരാജ് കഴിഞ്ഞ തവണ 12,205 വോട്ടുകള്‍ക്കാണ് ഇവിടെ ജയിച്ചത്.

ഇരുമുന്നണികള്‍ക്കുമൊപ്പം ബി.ജെ.പിക്കും നിര്‍ണ്ണായക സ്വാധീനമുള്ള ഇവിടെ സംസ്ഥാന തലത്തില്‍ ശ്രദ്ധേയരായവരെ മത്സരിക്കാനായിരുന്നു പാര്‍ട്ടിക്ക് താത്പര്യം. മുന്‍ എം.എല്‍.എയും ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗവുമായ അല്‍ഫോണ്‍സ് കണ്ണന്താനം, രാഹുല്‍ ഈശ്വര്‍ എന്നിവരുടെ പേരുകള്‍ പരിഗണിച്ചിരുന്നെങ്കിലും ഇരുവരും വിസമ്മതിച്ചതോടെയാണ് മണ്ഡലത്തില്‍ നിന്നുള്ള വി.എന്‍.മനോജിനെ സ്ഥാനാര്‍ത്ഥിയാക്കിയത്.ഡോ.എന്‍.ജയരാജ് മൂന്നാം തവണയാണ് ജനവിധിതേടുന്നത്. മെന്നാണ് കരുതുന്നത്.

മണ്ഡലത്തിലെ 9 പഞ്ചായത്തുകളില്‍ 6 എണ്ണം എല്‍.ഡി.എഫിനാണെന്നുള്ളത് യു.ഡി.എഫ് പാളയത്തില്‍ ആശങ്കയ്ക്കിട നല്‍കുന്നുണ്ട്. ഹിന്ദു സമൂഹത്തിന് ഏറെ മുന്‍തൂക്കമുള്ള ചിറക്കടവ്, പള്ളിക്കത്തോട് പഞ്ചായത്തുകളില്‍ ബി.ജെ.പിയുടെ മുന്നേറ്റവും ശക്തമായ ത്രികോണ മത്സരത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇത് ഇത്തവണ എല്‍.ഡി.എഫിന് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്.കുറുപ്പ് സാറിന്റെ മകനെ ഒരിക്കലും മണ്ഡലം കൈവിടില്ലയെന്നതാണ് യു.ഡി.എഫ് കേന്ദ്രം കരുതുന്നത്.

കര്‍ഷിക മേഖലയായ കാഞ്ഞിരപ്പള്ളിയില്‍ വികസനമാണ് പ്രധാന ചര്‍ച്ചാ വിഷയം. റബ്ബറിന്റെ വിലത്തകര്‍ച്ചയും കുടിവെള്ള, മാലിന്യ പ്രശ്‌നങ്ങളും ചര്‍ച്ചയാകുന്നു. വികസനത്തുടര്‍ച്ചയ്ക്ക് വോട്ടെന്ന മുദ്രാവാക്യവുമായി ഡോ.എന്‍.ജയരാജ് ജനവിധി തേടുമ്പോള്‍ മണ്ഡലത്തിലെ പ്രശ്‌നങ്ങളോരോന്നും എണ്ണിപ്പറഞ്ഞാണ് വി.ബി. ബിനുവിന്റെ മണ്ഡല പര്യടനം. കേന്ദ്രസര്‍ക്കാരിന്റെ വികസന നേട്ടം ഉയര്‍ത്തിക്കാട്ടിയാണ് ബി.ജെ.പി മത്സരിക്കാനിറങ്ങുക.

മുന്‍ മന്ത്രി കെ.നാരായണക്കുറുപ്പിന്റെ മകനായ ഡോ.എന്‍.ജയരാജ് കഴിഞ്ഞ തവണ സി.പി.ഐയിലെ സുരേഷ് ടി.നായരെയാണ് തോല്‍പ്പിച്ചത്. മണ്ഡലത്തിലെ സ്വാധീനം ഇക്കുറിയും വോട്ടാകുമെന്ന വിശ്വാസമാണ് ജയരാജിന്. സി.പി.ഐ . സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ജന്മനാടുകൂടി ഉള്‍പ്പെടുന്ന കാഞ്ഞിരപ്പള്ളിയില്‍ വിജയം ഉറപ്പാക്കാനാണ് സംസ്ഥാന എക്‌സ്‌ക്യൂട്ടിവ് അംഗം അഡ്വ.വി.ബി ബിനുവിനെ കളത്തിലിറക്കിയത്. മണ്ഡലത്തില്‍ സജീവമാകാന്‍ ബിനു കാഞ്ഞിരപ്പള്ളിയിലേക്ക് താമസവും മാറ്റി.

കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ജില്ലാ പഞ്ചായത്തുകളില്‍ നിന്ന് 30,000 വോട്ടുകള്‍ നേടാനായതിന്റെ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. വാഴൂര്‍ ബ്ലോക്കില്‍ ഒരു സീറ്റിലും 9 പഞ്ചായത്തുകളിലായി 19 വാര്‍ഡുകളിലും ബി.ജെ.പി വിജയിച്ചിരുന്നു.
1957ല്‍ കേരള കോണ്‍ഗ്രസ് രൂപവല്‍ക്കരണത്തിന് കാരണഭൂതനായ പി.ടി.ചാക്കോയാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ വാഴൂര്‍ മണ്ഡലത്തില്‍ നിന്ന് ആദ്യമായി നിയമസഭയിലെത്തുന്നത്. വിമോചന സമരത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ തന്നെ വേലപ്പന്‍ വിജയിച്ചു. 1965ലെ തെരഞ്ഞെടുപ്പ് മുതലാണ് പ്രൊഫ.കെ.നാരായണകുറുപ്പ് മത്സരരംഗത്ത് എത്തുന്നത്. കേരള കോണ്‍ഗ്രസ് സ്‌റ്റേറ്റ് കമ്മിറ്റി സ്ഥാനാര്‍ത്ഥിയായാണ് 77 വരെ അദ്ദേഹം മത്സരിച്ചിരുന്നത്.

ആറുതവണ അദ്ദേഹം ഇവിടെ നിന്നും വിജയിച്ചു. 1980ലെ തെരഞ്ഞെടുപ്പില്‍ കേരളകോണ്‍ഗ്രസുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് നാരായണക്കുറുപ്പ് സജീവ രാഷ്ട്രീയത്തില്‍ നിന്നും മാറി. ഇതോടെ മല്‍സര രംഗത്തുവന്ന കേരള കോണ്‍ഗ്രസിലെ എം.കെ.ജോസഫ് വിജയിച്ചു. എന്നാല്‍, പിന്നീട് നടന്ന രണ്ട് തിരഞ്ഞെടുപ്പിലും ഇപ്പോഴത്തെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് വിജയിച്ചത്. യു.ഡി.എഫിന്റെ കൈവശമുണ്ടായിരുന്ന സീറ്റ് തിരികെ പിടിക്കാനായി 1992 ല്‍ നാരായണക്കുറുപ്പിനെ വീണ്ടും രംഗത്തെത്തിച്ചു. കേരള കോണ്‍ഗ്രസ് (എം) ടിക്കറ്റില്‍ മത്സരിച്ച നാരായണക്കുറുപ്പ് കാനം രാജേന്ദ്രനെ 2,550 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. തുടര്‍ന്ന് 2001 വരെ നാരായണക്കുറുപ്പാണ് വിജയിച്ചിരുന്നത്.

നാരായണക്കുറുപ്പിന്റെ മകനും വാഴൂര്‍ കോളേജ് അധ്യാപകനും ജില്ലാപഞ്ചാത്തംഗവുമായിരുന്ന ഡോ.എന്‍.ജയരാജ് 2006 മുതല്‍ മണ്ഡലത്തെ പ്രതിനിധാനം ചെയ്തു. 2011ല്‍ മണ്ഡലം പുനര്‍ നിര്‍ണയിച്ചപ്പോഴും 12,206 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സി.പി.ഐയിലെ സുരേഷ്.ടി.നായരെ ഡോ.എന്‍. ജയരാജ് പരാജയപ്പെടുത്തി. 8,5871 പുരുഷ വോട്ടര്‍മാരും 9,0128 സ്ത്രീ വോട്ടര്‍മാരും ഉള്‍പ്പെടെ 1,75,999 വോട്ടര്‍മാരാണു മണ്ഡലത്തിലുള്ളത്.

You must be logged in to post a comment Login