കാടിനുള്ളിലെ സുന്ദരിയെ തേടി  മസിനഗുഡി യാത്ര 

 

ചിലയിടങ്ങളങ്ങനാണ് മനസ്സിന് വല്ലാതെയങ്ങിഷ്ടപ്പെടും പറഞ്ഞു വന്നത് മസിനഗുഡിയെക്കുറിച്ചാണ്

ഫോട്ടോഗ്രാഫി ഏറെ ഇഷ്ടപ്പെടുന്ന എന്റെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ് മസിനഗുഡി.

വൃതാനുഷ്ഠാന മാസമായതിനാൽ പ്രത്യേകിച്ച് ഒരു പണിയുമില്ലാത്ത ഞാനും എന്റെ നാലു സുഹൃത്തുക്കളും ചേർന്ന് വൺ ഡെ ട്രിപ്പ് പ്ലാൻ ചെയ്തു. മഴയുള്ളതിനാൽ ഫോർ വീൽ ഡ്രൈവ് ആണ് കൂടുതൽ സേഫ് എന്നതിനാലും കാറിൽ തന്നെ യാത്ര തീരുമാനിച്ചു.
ഗൂഡല്ലൂർ, മസിനഗുഡി, ബന്തിപ്പൂർ വഴി വയനാടാണ് ലക്ഷ്യം.

സുബ്ഹ് നമസ്കാരവും കഴിഞ്ഞ് രാവിലെ അഞ്ചരമണിയോടടുത്ത് അലി അസ്കറിന്റെ കാറിൽ ഞങ്ങളിറങ്ങി.

രാവിലെ എട്ട് മണിക്ക് ഞങ്ങൾ ഗൂഡല്ലൂരെത്തി. ഇനി ലക്ഷ്യം പ്രകൃതി ഭംഗിയും, കാലാവസ്ഥയും പ്രധാന ആകർഷണമായ മസിനഗുഡിയാണ്. പത്തു മണിയോടടുത്ത് സംരക്ഷിത വനത്തിനകത്തുള്ള, വിനോദ സഞ്ചാരികളെ കാത്തിരിക്കുകയാണെന്ന് പ്രതീതി ജനിപ്പിക്കുന്ന മസിനഗുഡി എന്ന ഗ്രാമത്തിലെത്തി.

ഒരു പക്ഷേ അതിരാവിലെ എത്തിയിരുന്നെങ്കിൽ മൂടൽമഞ്ഞിന്റെ കമ്പളം പുതച്ചുറങ്ങുന്ന വനം കാണാൻ സാധിച്ചേനെ.

കാട്ടുപാതകൾക്ക് വല്ലാത്ത സൗന്ദര്യമാണ്. വർണഭംഗിയുള്ള മയിലുകളുടെ പരുക്കൻ സംഗീതം കേൾക്കാം ചുറ്റും. ക്യാമറക്കണ്ണുകൾ അവ ഒപ്പിഴെടുക്കാൻ മത്സരിച്ചു. ശരീരത്തേക്കാൾ ഇരട്ടി നീളമുള്ള ലങ്ഗൂർ വാനരർ മറ്റൊരു കാഴ്ചയാണ്. ഏതോ വിരഹ ഗാനത്തിന്റെ വരികളും മൂളി കാറ്റ് തഴുകി അകലുന്നുണ്ട്. റോഡിനെ പ്രണയിച്ച് വീണ്ടും യാത്ര തുടർന്നു. ഇടക്ക് കാടിന്റെ നിശബ്ദത ഭേദിച്ച് ആനയുടെ ചിന്നം വിളി കേൾക്കാം. വഴിയിലുടനീളം ക്യാമറക്കണ്ണുകൾ ഇമച്ചിമ്മിക്കൊണ്ടേയിരുന്നു.

മൂന്നുമണിക്കൂർ യാത്രക്കപ്പുറം ബന്തിപ്പൂരെത്തി. വന്യമൃഗങ്ങളേറെയുള്ളവനമാണ് ബന്തിപ്പൂർ. ആനയും, കടുവയും, പുലിയും, മാനും, മയിലുമൊക്കെ ധാരാളമുള്ള വനം.
വനയാത്ര ഏറെ ആസ്വദിക്കാനാഗ്രഹിക്കുന്നവർക്കായി സഫാരിയുമുണ്ട്. അടുത്ത സഫാരിയാത്രയുടെ സമയം മൂന്നുമണിയാണ്.

സമയക്കുറവുമൂലം ഞങ്ങൾ
ബന്തിപ്പൂരുമാസ്വദിച്ച് വയനാട്ടിലേക്ക് വണ്ടി വിട്ടു. വഴിയിൽ കാഴ്ചകളുടെ വസന്തം. ആവോളം ആസ്വദിച്ചു. വൈകുന്നേരമാവുമ്പോഴേക്കും എത്താം എന്നു പറഞ്ഞ് ഇറങ്ങിയതാണ് വീട്ടിൽ നിന്നും. നോമ്പ് തുറക്കുന്നതിനു മുമ്പ് വീട്ടിലെത്തണം…. യാത്രാവിശേഷങ്ങളും തമാശകളുമൊക്കെയായി വീട്ടിലെത്തിയപ്പോഴേക്കും പത്ത് മിനിറ്റ് വൈകി. വഴിയിൽ നിന്ന് വാങ്ങിയ കാരക്കയും വെള്ളവും കുടിച്ച് നോമ്പ് തുറന്നിരുന്നു. നാട്ടിൽ യാത്ര അവസാനിപ്പിച്ച് പരസ്പരം സലാം പറഞ്ഞ് ഞങ്ങൾ പിരിഞ്ഞു…..

വീട്ടിലേക്കുള്ള നടത്തത്തിനിടയിൽ ഡ്രീം റൈഡേഴ്സിലെ സൗഹ്യദങ്ങളേം കൂട്ടി ഒരു ബൈക്ക് റൈഡിന് മനസ്സ് വല്ലാതെ കൊതിക്കുന്നുണ്ടായിരുന്നു…

You must be logged in to post a comment Login