കാണാതായ ഇന്ത്യക്കാര്‍ മരിച്ചുവെന്ന് പറയാനാകില്ലെന്ന് സുഷമ സ്വരാജ്

 

ന്യൂഡല്‍ഹി: ഇറാഖില്‍നിന്ന് കാണാതായ 39 ഇന്ത്യക്കാര്‍ മരിച്ചുവെന്ന് പറയാനാവില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. വ്യക്തമായ തെളിവില്ലാതെ അങ്ങനെ ചെയ്യുന്നത് കുറ്റകരമാണെന്നും തെറ്റുചെയ്യാന്‍ തനിക്കാവില്ലെന്നും അവര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി. വിഷയത്തില്‍ കേന്ദ്രമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന ആരോപണത്തോട് പ്രതികരിക്കവെയാണ് സുഷമ സ്വരാജ് ഇക്കാര്യം വ്യക്തമാക്കിയത്.

കാണാതായ ഇന്ത്യക്കാര്‍ക്കുവേണ്ടി തിരച്ചില്‍ നടത്തുകയെന്നത് സര്‍ക്കാരിന്റെ കടമയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഇതുവരെ നടത്തിയ തിരച്ചിലില്‍ മൃതദേഹങ്ങളൊ, ചോരപ്പാടുകളൊ, ഇന്ത്യക്കാര്‍ മരിച്ചുവെന്ന് വ്യക്തമാക്കുന്ന രേഖകളോ, ഐ.എസ് പുറത്തുവിട്ട ദൃശ്യങ്ങളൊ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് സുഷമ സ്വരാജ് പറഞ്ഞു. കാണാതായവരുടെ പട്ടികയില്‍നിന്ന് അവരെ ‘മരിച്ചുവെന്ന് കരുതുന്നവര്‍’ എന്ന പട്ടികയിലേക്ക് മാറ്റാന്‍ പോലും കഴിയില്ല.

കാണാതായ ഇന്ത്യക്കാര്‍ മരിച്ചുവെന്നും താന്‍ പറയുന്നത് കള്ളമാണെന്നും ഉറച്ച് വിശ്വസിക്കുന്നവര്‍ക്ക് അക്കാര്യം അവരുടെ കുടുംബങ്ങളെ അറിയിക്കാം. എന്നാല്‍, അവരെ ജീവനോടെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ പറഞ്ഞതിന്റെ ഉത്തരവാദിത്വവും ഏറ്റെടുക്കേണ്ടിവരുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

ഇറാഖിലെ മൊസൂള്‍ നഗരത്തില്‍നിന്ന് 2014 ലാണ് ഇന്ത്യന്‍ തൊഴിലാളികളെ ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. പഞ്ചാബില്‍നിന്നുള്ളവര്‍ ആയിരുന്നു ഇവരില്‍ അധികവും. ഇവര്‍ ജീവിച്ചിരിപ്പുണ്ടോ മരിച്ചുവോ എന്നതിനെപ്പറ്റി 100 ശതമാനം ഉറപ്പ് പറയാനാകില്ലെന്ന് ഇറാഖ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെത്തിയ ഇറാഖ് വിദേശകാര്യമന്ത്രി ഇബ്രാഹിം അല്‍ ജഫാരിയാണ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍, ഇന്ത്യക്കാര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുമെന്ന് ഇന്ത്യ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

You must be logged in to post a comment Login