കാണാതായ സിഐക്കായുള്ള അന്വേഷണം ഊർജിതമാക്കി; കായംകുളം ബസ് സ്റ്റാൻഡിൽ നവാസ് എത്തുന്ന ദൃശ്യങ്ങൾ പൊലീസിന്

കാണാതായ സിഐ നവാസിനായുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്. ജില്ലാ തലത്തിൽ ഡിജിപിയുടെ നിർദ്ദേശ പ്രകാരം സ്‌പെഷ്യൽ ടീമുകളായി തിരിഞ്ഞാണ് അന്വേഷണം. കായംകുളം ബസ് സ്റ്റാൻഡിൽ നവാസ് എത്തുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.

ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെയാണ് നവാസ് കായംകുളം ബസ് സ്റ്റാൻഡിൽ എത്തിയതെന്നാണ് വിവരം. സ്റ്റാൻഡിൽ നിന്നും നവാസ് ബസിൽ കയറുന്നത് സിസിടിവിയിൽ ഉണ്ടെങ്കിലും ഏത് ഭാഗത്തേക്കുള്ള ബസിലാണ് കയറിയതെന്ന് വ്യക്തമല്ല. തിരുവനന്തപുരത്തേക്കാണ് നവാസ് പോയതെന്നാണ് സൂചന. തിരുവനന്തപുരം, വർക്കല ഭാഗങ്ങളിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ആയുർവേദ ചികിത്സാ കേന്ദ്രങ്ങളിലും റിസോർട്ടുകളിലുമാണ് പ്രധാനമായും പരിശോധന നടത്തുന്നത്. എറണാകുളത്ത് നിന്നുള്ള അന്വേഷണ സംഘമാണ് വർക്കലയിൽ എത്തിയിരിക്കുന്നത്. ഇത് കൂടാതെ ജില്ലാ തലത്തിൽ ഉദ്യോഗസ്ഥരെ പ്രത്യേക സംഘങ്ങളായി തിരിച്ച് അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ട്. അതേസമയം, പത്ത് ദിവസത്തേക്ക് താൻ ഇവിടെ നിന്നും പോകുന്നതായുള്ള നവാസിന്റെ വാട്‌സ്ആപ്പ് സന്ദേശങ്ങളും പുറത്തുവന്നു.

You must be logged in to post a comment Login