കാണാമറയത്ത് ഒരു ഗന്ധര്‍വന്‍ ..

-ബി.ജോസുകുട്ടി

നിമിഷാര്‍ദ്ധം കൊണ്ട് ശലഭമാകാനും പൂവാകാനും മന്നനാകാനും മനുഷ്യനാകാനും കഴിയുന്ന ഗഗനാചാരിയായ ഗന്ധര്‍വ്വന്‍. മലയാള സാഹിത്യത്തിലും സിനിമയിലും ഋതുഭേദങ്ങളുടെ പാരിതോഷികമായി തിളങ്ങിയ പി. പത്മരാജന്‍ എന്ന ഗന്ധര്‍വ്വ ചലച്ചിത്രകാരന്‍ 1991 ജനുവരി 24- നു വ്യാഴ്യാഴ്ച തണുത്ത വെളുപ്പാന്‍ കാലത്ത് കോഴിക്കോട്ടെ ഒരു ഹോട്ടല്‍ മുറിയില്‍ ജീവന്‍ വെടിഞ്ഞ് ഒരു കരിയിലക്കാറ്റിന്റെ ചിറകില്‍ പറന്നു പറന്നു പോയിട്ട് ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു.

padmarajan_1

കാല്പനികതയുടെ മാന്ത്രിക സ്പര്‍ശത്തോടു കൂടി പച്ചയായ ജീവിതത്തെ സിനിമകളിലും കഥകളിലും ആവിഷ്‌ക്കരിച്ചുവെന്നതാണ് പത്മരാജനെ വ്യത്യസ്തനും ശ്രദ്ധേയനുമാക്കിയത്. 1975 ല്‍ ഭരതന്റെ പ്രഥമ സിനിമയായ പ്രയാണത്തിനു തിരക്കഥയെഴുതിയാണ് പത്മരാജന്‍ ചലച്ചിത്ര ലോകത്തത്തെത്തുന്നത്. 1979- ല്‍ ‘പെരുവഴിയമ്പലം’ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് സംവിധാനരംഗത്തെത്തിയ പത്മരാജന്‍ ‘ഞാന്‍ ഗന്ധര്‍വ്വന്‍’ വരെ പതിനെട്ടു സിനിമകള്‍ക്കാണ് രചനയും സംവിധാനവും നിര്‍വ്വഹിച്ചത്.
മലയാള സിനിമയുടെ മാത്രം സവിശേഷതയെന്നു വിശേഷിപ്പിക്കാവുന്ന മധ്യവര്‍ത്തി സിനിമയുടെ പ്രണേതാക്കൡ ഒരാളായിരുന്നു പത്മരാജന്‍. ബുദ്ധിജീവികള്‍ക്കു വേണ്ടിയല്ല അദ്ദേഹം സിനിമയെടുത്തത്. ശരാശരി ജീവിതം നയിക്കുന്ന സാധാരണ പ്രേക്ഷകര്‍ക്കു വേണ്ടി പലപ്പോഴും അവരുടെ ജീവിതവും കാഴ്ചപ്പാടുകളുമാണ് സിനിമയിലൂടെ അദ്ദേഹം പറഞ്ഞത്.

padma1

ഒന്നാമതായി അദ്ദേഹം ഒരെഴുത്തുകാരനായിരുന്നു. മധ്യതിരുവിതാംകൂറിലെ ഗ്രാമവിശുദ്ധിയില്‍ നിന്നും കണ്ടെത്തിയ കഥയും കഥാപാത്രങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ രചനകളില്‍ ഭൂരിപക്ഷവും. വാണിയന്‍ കുഞ്ചുവും ചെല്ലപ്പനാശാരിയും കള്ളന്‍ പവിത്രനും, തകരയും തവളപ്പിടുത്തക്കാരന്‍ കണ്ണനും കവലയും കൊച്ചമ്മണിയും ക്ലാരയും മണ്ണാറത്തൊടി ജയകൃഷ്ണനും സോളമനും സോഫിയുമെല്ലാം തികച്ചും റിയലിസ്റ്റിക്കായ കഥാപാത്രങ്ങളായിരുന്നു.
ബാല്യത്തിന്റെ കുതൂഹല മനസ്സിലേക്ക് യാഥാര്‍ത്ഥ്യവും മിത്തും ഇടകലര്‍ന്ന കഥകള്‍ പറഞ്ഞു കൊടുത്ത മുതുകുളം ഞവരയ്ക്കല്‍ തറവാട്ടിലെ ദേവകിയമ്മയുടെ മകന്‍ അതിന്റെ ഉപോത്പ്പന്നമായി ധാരാളം കഥകള്‍ എഴുതിക്കൂട്ടി. ഒരുപക്ഷേ സിനിമയിലേക്ക് വന്നിരുന്നില്ലെങ്കില്‍ മലയാള സാഹിത്യത്തിനു ഒരു മികച്ച മുതല്‍ക്കൂട്ടാകുമായിരുന്നു പത്മരാജന്‍ എന്ന എഴുത്തുകാരന്‍. നക്ഷത്രങ്ങളെ കാവല്‍ ആയിരുന്നു ആദ്യനോവല്‍. കുങ്കുമം അവാര്‍ഡും 1971 ലെ സാഹിത്യ അക്കാദമി അവാര്‍ഡും ആ കൃതിക്ക് ലഭിച്ചു. നോവലിലെ കല്യാണി എന്ന കഥാപാത്രം തന്റെ ഭാര്യ രാധാലക്ഷ്മി വിവാഹത്തിനു മുമ്പ് ഒരു കാമുകിയുടെ റോളില്‍ നിന്ന് തനിക്കയച്ച കത്തുകളില്‍ നിന്നുള്ള ച്രചോദനമായി സൃഷ്ടിച്ചതാണെന്ന് പത്മരാജന്‍ ഒരിക്കല്‍ പറഞ്ഞു. തൃശൂര്‍ ആകാശവാണിയില്‍ അനൗണ്‍സറായി ജോലി നോക്കുമ്പോഴാണ് ഒരു നിയോഗം പോലെ രാധാലക്ഷ്മിയെ പത്മരാജന്‍ കണ്ടുമുട്ടുന്നത്. പിന്നീട് ഏറെ പ്രതിസന്ധികള്‍ക്കൊടുവില്‍ ഇരുവരും വിവാഹിതരായി.
ഒരു മുഴുവന്‍ സമയ സിനിമാ പ്രവര്‍ത്തകനായി പത്മരാജന്‍ പിന്നീട് മാറിയെങ്കിലും സിനിമയുടെ ആകര്‍ഷക വലയത്തില്‍ ഒരിക്കലും അദ്ദേഹം അകപ്പെട്ടില്ല. ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ മേല്‍ ഫാന്റസിയുടെ നിറം ചാലിച്ച് വെളളിത്തിരയിലെഴുതിയ കഥാപാത്രങ്ങള്‍ ജീവന്‍ നല്‍കിയ അഭിനേതാക്കളെ പരമാവധി ഉപയോഗിച്ചിരുന്നു പത്മരാജന്‍. സ്വാഭാവികമായ ഒരു കളിയാട്ടമാണ് അദ്ദേഹം അവരില്‍ നിന്ന് പകര്‍ന്നെടുത്ത്. നടീനടന്മാരുടെ ഇമേജുകള്‍ അവരില്‍ നിന്നു അവരറിയാതെ തുടച്ചുമാറ്റി അവരെ തന്റേതുമാത്രമായ കഥാപാത്രങ്ങളാക്കി മാറ്റി എന്നതിലാണ് ഒരു സംവിധായകന്റെ പ്രതിഭ എന്നത് പത്മരാജന്‍ തിളങ്ങി കണ്ടത്. കഥ, നോവല്‍, സാഹിത്യരചനയില്‍ താന്‍ കണ്ടെത്തിയ കഥാപാത്രങ്ങള്‍ പലതും യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നു ദത്തെടുത്തതാണെങ്കില്‍ പോലും തന്റേതായ ക്രിയേറ്റിവിറ്റി അഥവാ മിനുക്കുപണികള്‍ പ്രസ്തുത കഥാപാത്രങ്ങളെ അദ്ദേഹം ആകര്‍ഷകമാക്കി.
നൂറില്‍പ്പരം ചെറുകഥകള്‍ ഒരു ഡസന്‍ നോവലുകള്‍ നാല്പ്പതില്‍പ്പരം തിരക്കഥകള്‍ എന്നിവയാണ് പത്മരാജന്‍ അനുവാചകര്‍ക്കായി എഴുതിക്കൂട്ടിയത്. ഒടുവില്‍ എഴുതപ്പെട്ട ‘പ്രതിമയും രാജകുമാരി’യും ഫാന്റസിയുടെ മനോഹാരിതയില്‍ രചിക്കപ്പെട്ടാതാണ്. മലയാളത്തിലെ ആദ്യത്തെ ഫാന്റസി നോവല്‍ എന്ന വിശേഷണവും ആ കൃതിക്ക് നല്‍കപ്പെട്ടു. വായനയുടെ ആസ്വാദനത്തിന്റെ നവീനഭൂമികകള്‍ നല്‍കുന്ന പ്രതിമയും രാജകുമാരിയും ഏറെ നിരൂപക പ്രശംസയും നേടിയിരുന്നു. മലയാള ഭാഷ എത്ര സമ്പന്നവും അലംകൃതവുമാണെന്ന ഒരു വേറിട്ട ചിന്ത ഈ നോവല്‍ പാരായണത്തിലൂടെ ലഭിക്കുമെന്ന് പ്രമുഖ നിരൂപകനായ എം. കൃഷ്ണന്‍നായര്‍ എഴുതി.
ജീവിതത്തില്‍ ഔട്ട്സ്റ്റാന്‍ഡിഗ് പെര്‍ഫോര്‍മന്‍സ് കാഴ്ചവെച്ച കഥാപാത്രങ്ങള്‍ കുറച്ചൊന്നുമല്ല പത്മരാജന്റെ തിരക്കഥകള്‍. സിനിമാസ്വാദകരുടെ ഒരു തലമുറയെ കോരിത്തരിപ്പിച്ച, വിഷാദഭരിതമാക്കിയ ചേതോഹരമായ ഒരു പ്രണയ- കാമ കാവ്യമായിരുന്നു ‘രതിനിര്‍വേദം’ എന്ന തിരക്കഥ. കുടകപ്പാലപ്പൂക്കള്‍വീണു കിടക്കുന്ന സര്‍പ്പക്കാവിലും കടലാവണക്കിന്‍ ഇലത്തണ്ടുപൊട്ടി കുമിളപ്പൂക്കള്‍ പാറി നടക്കുന്ന പുല്‍മേടുകളും കൗമാരപ്രായക്കാരനായ പപ്പുവും യൗവ്വനം പൂത്ത രതിചേച്ചിയും പ്രണയ കാമനകളോടെ ഇണങ്ങിയും പിണങ്ങിയും നടന്നു. രതിയുടെ സംഗീതത്തിന്റെ മൗനാലാപം അന്തര്‍ലീനമായി അവരുടെ സല്ലാപങ്ങളില്‍ കിടപ്പുണ്ടായിരുന്നു. രതിചേച്ചിയും പപ്പുവുമായുള്ള സമൂഹം അനുവദിക്കാത്ത പ്രണയം ഒന്നാം തരമായൊരു കവിത പോലെയാണ് പത്മരാജന്‍ ഉള്‍ക്കൊണ്ടത്. 1978 മാര്‍ച്ചില്‍ ഭരതന്റെ സംവിധാനത്തില്‍ ആ അപൂര്‍വ്വ സിനിമ പുറത്തിറങ്ങിയപ്പോള്‍ കേരളത്തിന്റെ യാഥാസ്ഥിതിക മനസ്സ് അസ്വസ്ഥമായി. പക്ഷേ, ഭൂരിപക്ഷം പ്രേക്ഷകരും അതു ക്ലാസിക് സിനിമയായി അംഗീകരിച്ചു കഴിഞ്ഞിരുന്നു. രതിനിര്‍വ്വേദം ആദ്യമായി നോവല്‍ രൂപത്തിലാണ് പത്മരാജന്‍ എഴുതിയത്, ചില സുഹൃത്തുക്കള്‍ പറഞ്ഞ ചില കഥകൡ നിന്നും പ്രചേദനം ഉള്‍ക്കൊണ്ട.് നോവലിന്റെ ആദ്യത്തെ പേര് ‘പാമ്പ് ‘എന്നായിരുന്നു. നോവല്‍ ആദ്യം പ്രസിദ്ധീകരിക്കാന്‍ കൊടുത്തത് കുങ്കുമം വാരികയിലായിരുന്നു. എന്നാല്‍ സെക്‌സിന്റെ അതിപ്രസരം കാട്ടി പത്രാധിപര്‍ അതു തള്ളി. തുടര്‍ന്ന് എഡിറ്റര്‍ കെ.എസ്. ചന്ദ്രന്‍ ആണ് അതു കേരളശബ്ദത്തില്‍ പ്രസിദ്ധീകരിക്കാന്‍ എടുക്കുന്നത്. പാമ്പ് എന്ന പേരുമാറ്റി ‘രതിനിര്‍വ്വേദം’ എന്ന പേരു നിര്‍ദ്ദേശിച്ചതും ചന്ദ്രന്‍ ആയിരുന്നു. സുപ്രീയാ ഫിലീംസിന്റെ ഹരിപോത്തനാണ് രതിനിര്‍വ്വേദം നിര്‍മ്മിച്ചത് .പത്മരാജന്‍ ഇതിന്റെ തിരക്കഥ മുഴുവന്‍ എഴുതിത്തീര്‍ത്തത് മദ്രാസില്‍ സുപ്രിയായുടെ ഓഫീസില്‍ ഇരുന്നായിരുന്നു. നോവല്‍ വായിച്ചു ആവേശഭരിതനായ ഭരതന്‍ തന്നെയാണ് പത്മരാജന്‍ തന്നെ ഇതിനു തിരക്കഥ എഴുതിയാല്‍ മതിയെന്നു പറഞ്ഞത്. പാലക്കാട്ടെ നെല്ലിയാമ്പതിയില്‍ വെച്ചാണ് ചിത്രീകരണം നടത്തിയത്. രതിച്ചേച്ചിയായി ജയഭാരതി നിര്‍ദ്ദേശിച്ചതു സുപ്രിയാ പോത്തനാണ്. പപ്പുവായി അഭിനയിച്ച കൃഷ്ണചന്ദ്രനെ കണ്ടെത്തിയത് പത്മരാജനും, പത്‌നി രാധാലക്ഷ്മിയും ചേര്‍ന്നായിരുന്നു. സിനിമയുടെ റിലീസിനു തൊട്ടുമുമ്പ് പത്മരാജന്റെ ജീവിതത്തില്‍ ഒരു ദുരന്തമുണ്ടായി. മൂത്ത സഹോദന്‍ പത്മജന്‍ ചേട്ടന്‍ ഹൃദയാഘാതത്തെത്തുടര്‍ന്നു മരണപ്പെട്ടു. പത്മരാജനു അതു വലിയ ഷോക്കായിരുന്നു കാരണം പത്മജന്‍ ചേട്ടനും രതിനിര്‍വ്വേദം ചലച്ചിത്ര രൂപത്തില്‍ ആവിഷ്‌ക്കരിച്ചതു കാണാന്‍ പ്രതീക്ഷയോടെ ഇരിക്കുകയായിരുന്നു. സിനിമയുടെ ക്ലൈമാക്‌സില്‍ രതിചേച്ചിയും പപ്പുവും തമ്മിലുള്ള ഇണചേരലിനു ശേഷം രതിചേച്ചിയെ മാത്രം പാമ്പു കടിക്കുന്ന സീന്‍ എഴുതുമ്പോള്‍, അവളെ രക്ഷപ്പെടാന്‍ അനുവദിക്കാതെ ആ ബന്ധത്തില്‍ അശുദ്ധി കണ്ടെത്തി രതിചേച്ചിയെ മാത്രം ശിക്ഷിച്ച നടപടി തെറ്റായിപ്പെയെന്നു വിമര്‍ശനം ഉണ്ടായിരുന്നു. പത്മരാജന്‍ സൃഷ്ടിച്ച ശക്തമായ കഥാമുഹൂര്‍ത്തത്തിന്റെ സ്വാധീനമായിരുന്നു ആ അഭിമതത്തിനു പിന്നില്‍.
1987 ജനുവരിയാണ് പത്മരാജന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘തൂവാനത്തുമ്പി’കള്‍ പ്രേക്ഷകരിലെത്തുന്നത്. മണ്ണാറത്തൊടി ജയകൃഷ്ണന്‍, ക്ലാര, രാധ എന്നീ കഥാപത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് മഴക്കുൡരുള്ള ഓര്‍മ്മകളാണ് പകരുന്നത്. പ്രണയത്തിനും വിരഹത്തിനും ഇത്രയധികം മനോഹാരിത ഉണ്ടെന്ന് തൂവാനത്തുമ്പികള്‍ കാണുമ്പോഴാണ് നമ്മള്‍ മനസ്സിലാക്കുന്നത്. പ്രണയം പെയ്തിറങ്ങുകയായിരുന്നു തൂവാനത്തുമ്പികളിലൂടെ. ഓരോ സീനും മനസ്സു കൊണ്ട് ഓരോരുത്തരെയും പ്രണയത്തിനു പ്രേരിപ്പിച്ചു. തന്റെ കാമുകിക്ക് ക്ലാരയുടെ മുഖഛായ ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിപ്പിച്ചു.

t

ജയകൃഷ്ണന്‍ ക്ലാരയ്ക്കുള്ള കത്തിലെ ആദ്യവരികളെഴുതിയപ്പോള്‍ മഴ പെയ്യാന്‍ തുടങ്ങി. പിന്നാലെ ഇടിയും വെട്ടി. തുറന്ന ജാലകത്തിലൂടെ തൂവാനത്തുമ്പികള്‍ എഴുത്തില്‍ വീണു. ടൗവ്വല്‍ കൊണ്ട് മഴത്തുള്ളികളെ ജയകൃഷ്ണന്‍ ഒപ്പിയെടുത്തു. പുറത്തെ ഇരുട്ടിന്റെ നഗ്നമേനിയില്‍ പെയ്യുന്ന മഴയില്‍ ജയകൃഷ്ണന്‍ ക്ലാരയുടെ മുഖം കണ്ടു. സ്വപ്‌നമുറങ്ങുന്ന പരല്‍ മീന്‍ കണ്ണുകള്‍, തടിച്ചുവിടര്‍ന്ന ചുണ്ടുകള്‍, അരുണിമ പടര്‍ന്ന കവിളുകള്‍.നെറ്റിയിലെ സിന്ദൂരപ്പൊട്ട് നനച്ച് നാസികത്തുമ്പിലൂടെ മഴത്തുള്ളികള്‍ ഇറ്റു വീഴുന്നുണ്ടായിരുന്നു.
”ആദ്യം ഞാനവള്‍ക്കു കത്തെഴുതുമ്പോള്‍ മഴ പെയ്തിരുന്നു. ആദ്യം ഞങ്ങള്‍ മീറ്റ് ചെയ്യുമ്പോഴും ”രാധയോട് ജയകൃഷ്ണന്‍ പറഞ്ഞു. പിന്നെയും മഴ പെയ്തു. കാലം തെറ്റി പെയ്ത മഴ. രാധ ജയകൃഷ്ണന്റേതാകാനുറച്ച നാളുകളിലൊന്നില്‍ ജയകൃഷ്ണന്റെ ജീവിതത്തിലേക്ക് ക്ലാര ഇനി വരില്ലെന്നു രാധ ആശ്വസിച്ചിരുന്ന ദിനങ്ങളില്‍ ഒരു മഴ തകര്‍ത്തു പെയ്തു.

വീണുപോയ മഴ ഒഴുകിപ്പോകാന്‍ തൊടിയില്‍ ചാലുകീറുന്ന ജയകൃഷ്ണന്റെ കരങ്ങളിലേക്ക് പോസ്റ്റുമാന്‍ നല്‍കിയ ടെലിഗ്രാമില്‍ ക്ലാരയെ അവന്‍ കണ്ടു. മഴയുടെ കുസൃതി പെയ്ത്തില്‍ കുടയും ചൂടി പ്രണയകാമനയുടെ വശ്യതയില്‍ ചാലിച്ച ചിരിയുമായി നടന്നുവരുന്ന ക്ലാര.
തൃശൂരിലെ ഔദ്യോഗിക ജിവിതത്തിനിടയില്‍ പത്മരാജന്‍ നേരില്‍ കണ്ട ജിവിതങ്ങളിലെ കഥാപാത്രങ്ങളായിരുന്നു ക്ലാരയും രാധയും. അടുത്ത സുഹൃത്തായ ഉണ്ണിമേനോന്റെ പ്രതിരൂപമായിരുന്നു മണ്ണാറത്തൊടി ജയകൃഷ്ണന്‍. തൃശൂരിലെ സിലോണ്‍ ലോഡ്ജിലായിരുന്നു അക്കാലത്ത് പത്മരാജന്‍ താമസിച്ചിരുന്നത്. അടുത്ത മുറിയില്‍ ഗീവര്‍ഗീസ് എന്നൊരു സുഹൃത്തായിരുന്നു. വര്‍ക്കി എന്നാണ് ഗീവര്‍ഗീസിനെ എല്ലാവരും വിളിച്ചിരുന്നത്. വര്‍ക്കിയുടെ സുഹൃത്തായിരുന്നു ഉണ്ണിമേനോന്‍. വര്‍ക്കിയിലൂടെയാണ് ഉണ്ണിമേനോനെ പത്മരാജന്‍ പരിചയപ്പെടുന്നത്. സുഹൃത്തുക്കള്‍ക്കു വേണ്ടി എന്തും ചെയ്യുന്ന സ്വഭാവമായിരുന്നു ഉണ്ണിമേനോന്റേത്.
സിനിമയിലെ കാമ്പസ് സംഭവങ്ങള്‍ക്കൊക്കെ പത്മരാജന്‍ സാക്ഷിയായിരുന്നു. ജയകൃഷ്ണന്റെ സ്ഥാനത്ത് ഉണ്ണിമേനോനും രാധയുടെ സ്ഥാനത്ത് ഒരു ഉഷയുമായിരുന്നു. പില്‍ക്കാലത്ത് ഉഷ ഉണ്ണിമേനോന്റെ ജീവിത സഖിയായി.
മഴ ഈ സിനിമയിലെ ശക്തമമായ ഒരു കഥാപാത്രമായി തന്നെയാണ് പത്മരാജന്‍ അവതരിപ്പിച്ചത്. മഴ പ്രധാന കഥാപാത്രമായി വരുന്ന പല സിനിമകളും നമ്മള്‍ കണ്ടിട്ടുണ്ട്. ഇപ്പോള്‍ ഇറങ്ങിയ ‘എന്നു നിന്റെ മൊയ്തീന്‍’ വരെ. പക്ഷേ തൂവാനത്തുമ്പികളില്‍ മഴ കെട്ടിയാടിയ വേഷം പ്രണയത്തിന്റെയും കാമത്തിന്റെയും വിരഹത്തിന്റെയും വേറിട്ടതു തന്നെയായിരുന്നു. അങ്ങനെ മഴയെയും മികച്ച ഒരു അഭിനേതാവാക്കി പത്മരാജന്‍ എന്ന ചലച്ചിത്രകാരന്‍. 1975 ല്‍ പത്മരാജന്‍ എഴുതിയ ‘ഉദകപ്പോള’ എന്ന നോവലില്‍ നിന്നാണ് തൂവാനത്തുമ്പികള്‍ എന്ന തിരക്കഥ ജനിച്ചത്.
കെ.കെ. സുധാകരന്റ കഥയെ ആസ്പദമാക്കി തിരക്കഥയെഴുതി സംവിധാനം ചെയ്ത നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ ജോണി- സോഫി പ്രണയം പക്വതയാര്‍ന്ന പ്രണയമായിരുന്നു. അവളുടെ ജീവിതാവസ്ഥയില്‍ നിന്നു രക്ഷിച്ചെടുക്കാനുള്ള ഒരു മാര്‍ഗമായി ആണ് ജോണിയുടെ പ്രണയത്തെ സംവിധായകന്‍ ഉപയോഗിക്കുന്നത്. മുന്തിരിത്തോട്ടങ്ങളുടെ ഉടമയായ ജോണിയുടെ പ്രണയം ഉദാത്തമാകുന്നത് ബൈബിൡലെ ഉത്തമഗീതങ്ങളെ ഉദ്ധരിച്ച് ജോണി തന്റെ പ്രണയം സോഫിയെ അറിയിക്കുമ്പോഴാണ്.
പ്രിയേ നമുക്ക് ഗ്രാമങ്ങളില്‍ ചെന്നു രാപാര്‍ക്കാം. അതികാലത്തെഴുന്നേറ്റ് മുന്തരിത്തോപ്പിലെത്തി മുന്തിരിവള്ളികള്‍ തളിര്‍ത്തുവോ എന്ന് നോക്കാം, മാതളനാരകം പൂത്തുവോ എന്നും നമുക്കു നോക്കാം. അവിടെവച്ച് നിനക്കു ഞാനെന്റെ പ്രേമം തരാം. ഇങ്ങനെ മൂലകഥയുടെ ആത്മാവ് ഒട്ടും ചോര്‍ന്നു പോകാതെ ചലച്ചിത്ര രൂപത്തിലേക്ക് പരിഭാഷപ്പെടുത്തിയ ആ തിരക്കഥ പത്മരാജന്‍ എന്ന ഫിലീം മേക്കറുടെ കയ്യൊപ്പുകൊണ്ട് വേറിട്ട പ്രണയ ചിത്രമായി മാറി.
ഫാന്റസി നോവല്‍ എന്ന വിശേഷണം കിട്ടിയ ‘പ്രതിമയും രാജകുമാരി’യും എന്ന നോവലിനെപ്പോലെ മിത്തുകൡ നിന്നും കേട്ടറിവുകളില്‍ നിന്നും ആര്‍ജിച്ചെടുത്ത തിരക്കഥയായിരുന്നു, ഞാന്‍ ഗന്ധര്‍വ്വന്‍ അര്‍ദ്ധ നിമിഷം കൊണ്ട് അരൂപിയില്‍ നിന്നു രൂപത്തിലേക്ക് മാറുന്ന ഗന്ധര്‍വ്വനെ പ്രണയിച്ച ഒരു പെണ്‍കുട്ടിയുടെ കഥ, ദേവലോകത്തെ സകല സൗഭാഗ്യങ്ങളും ഉപേക്ഷിച്ച് പ്രണയിനിയുടെ ചുണ്ടിലെ മുത്താവാന്‍ കൊതിച്ച് ഒടുവില്‍ ദേവലോകത്തില്‍ നിന്നുള്ള കഠിന ശിക്ഷയേറ്റു വാങ്ങുവാന്‍ നിര്‍ബന്ധിതനായ ഗന്ധര്‍വ്വ യുവാവിന്റെ കഥ. 1991 ജനുവരി 11 നു പ്രേക്ഷകരിലെത്തിയ ആ സിനിമ ആസ്വാദകര്‍ക്ക് കാഴ്ചയുടെ ലാവണ്യദര്‍ശനമാണ് പകര്‍ന്നുകൊടുത്തത്. ആ ഗന്ധര്‍വ്വ സാമീപ്യം മലയാളി പെണ്‍കുട്ടികളെ ഉന്മാദത്തിലാക്കി. പാലപ്പൂക്കളുടെ മദിപ്പിക്കുന്ന ഗന്ധം മലയാളമാകെ പരന്നു.
ഭൂമിയിലെ യുവത്വത്തിന് ഒരുപാട് സുന്ദരസ്വപ്‌നസ്മൃതികള്‍ നല്‍കി കടന്നുപോയ ഗന്ധര്‍വന്‍ ഒറ്റയ്ക്കല്ല മടങ്ങിപ്പോയത്, നമുക്കു മികച്ച കഥകള്‍ പറഞ്ഞുതന്ന മുതുകുളം ഞവരയ്ക്കല്‍ തറവാട്ടിലെ കഥാകാരനും തിരക്കഥാകാരനും ,സംവിധായകനുമായ പി. പത്മരാജനെയും കൂട്ടിക്കൊണ്ടായിരുന്നു.
കോഴിക്കോട്ട് സിനിമയുടെ പ്രമോഷന്‍ ജോലികളുമായി ബന്ധപ്പെട്ടു വന്നതായിരുന്നു പത്മരാജനും നിര്‍മ്മാതാവ് ഗാന്ധിമതി ബാലനും ഗന്ധര്‍വ്വനായി അഭിനയിച്ച നിതീഷ് ഭരദ്വാജും വിതരണക്കാരനായ ഗുഡ്‌നെറ്റ് മോഹനും. പത്മരാജനും ബാലനും ഒരു മുറിയിലായിരുന്നു. ജനുവരി 24 നു ബ്രഹ്മമുഹൂര്‍ത്തത്തിനു മുമ്പേ മലയാളത്തിന്റെ പ്രിയകഥപറച്ചിലുകാരന്‍ ഈ ഭൂമിവാസം വിട്ടുപോയത് ആരുമറിഞ്ഞില്ല.
അന്നുമുതല്‍ 25 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ജീവിതമാകുന്ന മുന്തിരിത്തോട്ടത്തില്‍ നിന്നും ഇപ്പോള്‍ ഇറുത്തെടുത്ത മുന്തരിപ്പഴങ്ങള്‍പോലെ പത്മരാജന്‍ കഥകളും സിനിമകളും പ്രണയമധുര വീഞ്ഞിന്റെ മാധുര്യവുമായി നില്‍ക്കുന്നു. വീഞ്ഞ് പഴകുന്തോറും മാധുര്യവും ലഹരിയും വര്‍ദ്ധിക്കുന്നതുപോലെ പത്മരാജന്‍ സ്മൃതികള്‍ക്കും അഴകേറുകയാണ്.

പത്മരാജന്റെ തിരക്കഥകളും സംവിധായകരും
പ്രയാണം – ഭരതന്‍
ഇതാ ഇവിടെ വരെ – ഐ.വി ശശി
നക്ഷത്രങ്ങളെ കാവല്‍ – കെ.എ. സ്. സേതുമാധവന്‍
രതിനിര്‍വ്വേദം – ഭരതന്‍
രാപ്പാടികളുടെ ഗാഥ – കെ.ജി. ജോര്‍ജ്ജ്
വാടകയ്ക്ക് ഒരു ഹൃദയം – ഐ.വി ശശി
തകര – ഭരതന്‍
കൊച്ചു കൊച്ചു തെറ്റുകള്‍ – മോഹന്‍
ശാലിനി എന്റെ കൂട്ടുകാരി – മോഹന്‍
ഈണം – ഭരതന്‍
കൈകേയി – ഐ.വി ശശി
കാണാമറയത്ത് – ഐ.വി ശശി
ഒഴിവുകാലം – ഭരതന്‍
കരിമ്പിന്‍ പൂവിന്നക്കരെ – ഐ.വി ശശി
ഈ തണുത്ത വെളുപ്പാന്‍ കാലത്ത് – ജോഷി

പത്മരാജന്‍ സിനിമകള്‍

പെരുവഴിയമ്പലം – 1979
ഒരിടത്തൊരു ഫയന്‍വാന്‍ – 1981
കള്ളന്‍ പവിത്രന്‍ – 1981
നവംബറിന്റെ നഷ്ടം – 1982
കൂടെവിടെ – 1983
പറന്നു പറന്നു പറന്ന് -1984
തിങ്കളാഴ്ച നല്ല ദിവസം -1985
അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ – 1986
കരിയിലക്കാറ്റുപോലെ – 1986
ദേശാടനക്കിൡ കരയാറില്ല – 1986
നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ – 1986
തൂവാനത്തുമ്പികള്‍ -1987
അപരന്‍ – 1988
മൂന്നാംപക്കം – 1988
നൊമ്പരത്തിപ്പൂവ് – 1989
സീസണ്‍ – 1989
ഇന്നലെ – 1990
ഞാന്‍ ഗന്ധര്‍വ്വന്‍ – 1991

 

You must be logged in to post a comment Login