കാത്തിരിപ്പിന് വിരാമമാകുന്നു; 750 സിസി എന്‍ജിനില്‍ റോയല്‍ എന്‍ഫീല്‍ഡ് വരാന്‍ ഒരുങ്ങുന്നു

ട്വിന്‍ സിലിണ്ടര്‍ 750 സിസി എന്‍ജിനില്‍ പുതിയ മോഡല്‍ പുറത്തിറക്കാനുള്ള ഒരുക്കം റോയല്‍ എന്‍ഫീല്‍ഡ് ആരംഭിച്ചിട്ട് കുറച്ചുനാളായി. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അധികം വൈകാതെ ഏറ്റവും കരുത്തുറ്റ എന്‍ഫീല്‍ഡ് മോഡല്‍ വിപണിയിലെത്തും. കഫേ റേസര്‍, സ്റ്റാന്‍ഡേഡ് എന്നീ രണ്ടു നിരകളില്‍ ട്വിന്‍ സിലിണ്ടര്‍ 750 സിസി മോഡലിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല. പരമാവധി 50 എച്ച്പി കരുത്തും 60 എന്‍എം ടോര്‍ക്കുമേകുന്നതാകും എന്‍ജിന്‍. അധിക സുരക്ഷ നല്‍കാന്‍ ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റവും ഉള്‍പ്പെടുത്തിയേക്കും. ഹാര്‍ലി ഡേവിഡ്‌സണ്‍ 2017 സ്ട്രീറ്റ് റോഡിന് മികച്ച എതിരാളിയാകും ഇത്. അടുത്ത വര്‍ഷം തുടക്കത്തില്‍ 750 സിസി റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറങ്ങാനാണ് സാധ്യത.

യുകെയില്‍ പുതുതായി സ്ഥാപിച്ച ടെക്‌നിക്കല്‍ സെന്ററിലാണ് ബൈക്കിന്റെ നിര്‍മാണം പുരോഗമിക്കുന്നത്. കോണ്‍ടിനെന്റല്‍ ജിടിയില്‍ പുതിയ എന്‍ജിന്‍ ഉപയോഗിച്ച് കമ്പനി നേരത്തെ പരീക്ഷണ ഓട്ടങ്ങള്‍ നടത്തിയിരുന്നു. 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍ ചുമതല നിര്‍വഹിക്കുക. ഹാര്‍ലിയുമായി മത്സരം കടുപ്പിക്കാന്‍ നാല് ലക്ഷത്തിനുള്ളിലാകും വിപണി വില.

You must be logged in to post a comment Login