കാനവും തോമസ് ചാണ്ടിയും ഒരേ വേദിയില്‍; തനിക്കെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ കഴിയില്ലെന്ന് തോമസ് ചാണ്ടിയുടെ വെല്ലുവിളി

കുട്ടനാട്: ഭൂമി കയ്യേറ്റ വിവാദങ്ങള്‍ക്കിടെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഗതാഗതമന്ത്രി തോമസ് ചാണ്ടിയും ഒരേ വേദിയില്‍. കാനം നയിക്കുന്ന ജനജാഗ്രത യാത്രയുടെ കുട്ടനാട്ടിലെ സ്വീകരണ യോഗത്തിലാണ് തോമസ് ചാണ്ടി പങ്കെടുത്തത്. യാത്രയ്ക്ക് ആശംസ അറിയിക്കാന്‍ എത്തിയ മന്ത്രി വേദിയില്‍ ഭൂമി കയ്യേറ്റ വിഷയത്തില്‍ പ്രതിപക്ഷത്തെ വീണ്ടും വെല്ലുവിളിച്ചു. തനിക്കെതിരെ ചെറുവിരല്‍ പോലും അനക്കാന്‍ ഒരു അന്വേഷണസംഘത്തിനും ആകില്ല. കയ്യേറ്റം കണ്ടെത്തി തെളിയിക്കണം. തെളിയിച്ചാല്‍ മന്ത്രിസ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവെക്കും. കാര്യങ്ങള്‍ മനസിലാകാത്തവര്‍ക്ക് വേണ്ടിയാണ് വിശദീകരണമെന്നും തോമസ് ചാണ്ടി പറഞ്ഞു.

നിയമസഭയില്‍ പ്രതിപക്ഷ നേതാവിന്റെ മുഖത്ത് നോക്കി തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പേരില്‍ നടത്തിയ വെല്ലുവിളി ഇതുവരെ അവര്‍ സ്വീകരിച്ചിട്ടില്ലെന്നും അന്വേഷണത്തില്‍ തനിക്കെതിരെ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ വാര്‍ത്താ ചാനലിലെ ഉന്നതനാണ് തനിക്കെതിരെ ഉയര്‍ന്ന ഭൂമി കയ്യേറ്റ വാര്‍ത്തകള്‍ക്ക് പിന്നിലെന്നും തോമസ് ചാണ്ടി ആരോപിച്ചു.

മൂന്നര വര്‍ഷം കഴിയുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്ന് കരുതി കോണ്‍ഗ്രസില്‍ ഒരുപാട് പേര്‍ ഉടുപ്പ് തയാറാക്കി വച്ചിട്ടുണ്ട്. എന്നാല്‍ അടുത്ത 15 വര്‍ഷത്തേക്ക് പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി തുടരുമെന്നും കോണ്‍ഗ്രസിന് എല്‍ഡിഎഫ് സര്‍ക്കാരിനെ തകര്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുമ്പോള്‍ കേരളത്തില്‍ വീടും കക്കൂസും ഇല്ലാത്ത ഒരു കുടുംബം പോലും കാണില്ലെന്നും തോമസ് ചാണ്ടി കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login