കാപ്പിക്കിത് നല്ലകാലം

മേപ്പാടി: വയനാട്ടില്‍ ഇത്തവണ കാപ്പി ഉല്‍പ്പാദനം വര്‍ധിക്കുമെന്ന് കൃഷി വിദഗ്ധരുടെ നിഗമനം. കാപ്പിക്ക് അനുകൂലമായ കാലാവസ്ഥ ലഭിച്ചതാണ് ഉല്‍പ്പാദനം വര്‍ധിക്കുമെന്ന നിഗമനത്തില്‍ കൃഷി വിദഗ്ധരെത്താന്‍ കാരണം.

വയനാട്ടില്‍ നാല്‍പത്തിനാലായിരം മെട്രിക്ക് ടണ്‍ ഉല്‍പ്പാദനം അടുത്ത സീസണില്‍ ഉണ്ടായേക്കുമെന്നാണ് കൃഷി വിദഗ്ധരുടെ നിഗമനം. കഴിഞ്ഞ വേനലിലെ കടുത്ത വരള്‍ച്ച കാപ്പി ഉല്‍പ്പാദനത്തിന് എതിരാകുമെന്നായിരുന്നു കണക്ക് കൂട്ടല്‍. എന്നാല്‍ വേനല്‍ മഴയും തുടര്‍ന്നുള്ള അനുകൂലമായ കാലാവസ്ഥയുമാണ് കാപ്പി ഉല്‍പ്പാദനത്തില്‍ വര്‍ധനവുണ്ടാകുമെന്ന നിഗമനത്തിലെത്താന്‍ കാരണം. കേരളത്തില്‍ ഏറ്റവുമധികം കാപ്പി ഉല്‍പ്പാദിപ്പിക്കുന്ന വയനാട്ടില്‍ വരുന്ന സീസണില്‍ 44000 മെട്രിക് ടണ്‍ കാപ്പി ഉല്‍പ്പാദനം നടക്കുമെന്ന പ്രതീക്ഷയിലാണ് കൃഷി വിദഗ്ധര്‍. 2008ലും 2013ലുമായിരുന്നു വയനാട്ടില്‍ കാപ്പി ഉല്‍പ്പാദനം വന്‍തോതില്‍ കുറഞ്ഞത്.

എന്നാല്‍ അവിടുന്നിങ്ങോട്ട് ഉല്‍പ്പാദനത്തില്‍ നേരിയ വര്‍ധനവുണ്ടായി. 45000 മെട്രിക് ടണ്‍ ആണ് ജില്ലയിലെ ശരാശരി ഉല്‍പ്പാദനം. 67.366 ഹെക്ടര്‍ സ്ഥലത്താണ് വയനാട്ടില്‍ കാപ്പി കൃഷിയുള്ളത്. വയനാടിന്റെ ആവര്‍ത്തിച്ചു വരുന്ന കാലാവസ്ഥാ വ്യതിയാനത്തിനും രൂക്ഷമായ വന്യമൃഗശല്യത്തിനും ഇടയിലാണ് കര്‍ഷകര്‍ ഇത്തരത്തില്‍ കാപ്പി ഉല്‍പ്പാദിപ്പിക്കുന്നത്. വയനാടന്‍ കാപ്പി സംസ്‌കരിച്ച് കയറ്റുമതിക്ക് വിപുലമായ സൗകര്യമുണ്ടെങ്കില്‍ കര്‍ഷകര്‍ക്ക് വലിയ നേട്ടമാണുണ്ടാവുക. ചെറുകിട കര്‍ഷകരും വന്‍കിട കാപ്പിത്തോട്ടങ്ങളിലുമായാണ് കാപ്പി കൃഷി ചെയ്യുന്നത്. ജലസേചനമാണ് വയനാട്ടില്‍ കാപ്പികൃഷിക്ക് നേരിടുന്ന പ്രധാന വെല്ലുവിളി. കേരളത്തില്‍ കാപ്പികൃഷിക്ക് അനുകൂലമായ മണ്ണും കാലാവസ്ഥയും ഉള്ളത് വയനാട്ടിലാണ്. കേരളത്തില്‍ 80 ശതമാനം കാപ്പി ഉല്‍പ്പാദനം നടക്കുന്നത് വയനാട്ടിലാണ്. കര്‍ഷകരെ സഹായിക്കാനായി കോഫിബോര്‍ഡ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പൂര്‍ണതോതില്‍ കോഫി ബോര്‍ഡിന്റെ പ്രവര്‍ത്തനം കര്‍ഷകര്‍ക്ക് ഗുണകരമല്ല. ഇന്ത്യയിലാകെ പത്ത് സംസ്ഥാനത്ത് കാപ്പി ഉല്‍പാദനമുണ്ട്. ഇതില്‍ ഒന്നാം സ്ഥാനം കര്‍ണാടകയും രണ്ടാം സ്ഥാനം കേരളവുമാണ്.

You must be logged in to post a comment Login