കാപ്പി പ്രേമികളേക്കാൾ മിടുക്കർ ചായ പ്രേമികളെന്ന് പഠനം

ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പാനിയങ്ങളിൽ ഒന്നാണ് ചായയും കാപ്പിയും. ലോക ജനതയെ കാപ്പി കുടിയന്മാരും ചായ കുടിയന്മാരുമായി വരെ തരം തിരിക്കാം. (ഇതിലൊന്നും പെടാത്ത മൂന്നാമതൊരു വിഭാഗവും ഉണ്ടെന്ന കാര്യം മറന്നിട്ടില്ല). അതുകൊണ്ട് തന്നെ ചായ ആണോ കാപ്പിയാണോ മികച്ചതെന്ന തരത്തിൽ തർക്കങ്ങളും പതിവാണ്. പലപ്പോഴും ഈ തർക്കങ്ങളിൽ വിജയിക്കുന്നത് ‘കാപ്പി’ ടീം തന്നെയായിരിക്കും. ഉണർവേകാൻ കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീനിന്റെ കൂട്ടുപിടിച്ചാണ് ഈ സംവാദങ്ങളിലെല്ലാം കാപ്പി ടീം വിജയിക്കുന്നത്. എന്നാൽ പ്രിയ ചായ പ്രേമികളെ നിങ്ങൾക്ക് ആശ്വാസമായിരിക്കുകയാണ് പുതിയ പഠന റിപ്പോർട്ട്. കാപ്പി പ്രേമികളേക്കാൾ മിടുക്കർ ചായ പ്രേമികളെന്ന് തെളിയിച്ചിരിക്കുകയാണ് സിംഗപൂരിലെ യോംഗ് ലൂ ലിൻ സർവകലാശാല നടത്തിയ പഠനം.

സിംഗപൂരിലെ നാഷണൽ യൂണിവേഴ്‌സിറ്റിയിലെ യോംഗ് ലൂ ലിൻ സ്‌കൂൾ ഓഫ് മെഡിസിൻ ആണ് പഠനത്തിന് പിന്നിൽ. ദിവസവും ചായ കുടിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനത്തിന് നല്ലതാണെന്നാണ് പഠനം. വാർധക്യത്തിൽ തലച്ചോറിനുണ്ടാകുന്ന പ്രവർത്തന കുറവിനെ മറിടകടക്കാൻ ചായ കുടി സഹായിക്കുമെന്ന് യോംഗ് ലൂ ലിൻ സ്‌കൂളിലെ സൈക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഫെംഗ് ലീ പറയുന്നു.

മുമ്പും ചായയുടെ ഗുണകണങ്ങൾ ചൂണ്ടിക്കാട്ടി പഠനങ്ങൾ നടന്നിട്ടുണ്ട്. ചായ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നും, ഹൃദയാരോഗ്യത്തിന് നല്ലതാണെന്നും പഠനങ്ങൾ പറയുന്നു. ഇതിന് പുറമെ മൂഡ് നന്നാക്കാനും ചായ ഉത്തമമാണ്.

60 വയസിൽ കൂടുതൽ പ്രായമുള്ള 36 പേരിലാണ് സംഘം പഠനം നടത്തിയത്. അവരുടെ ജീവിത രീതി, ആരോഗ്യം, എന്നിവയം കുറിച്ച് വിവരങ്ങൾ ശേഖരിച്ചും, ഇവരെ ന്യൂറോ സൈക്കോളജിക്കൽ ടെസ്റ്റുകൾക്ക് വിധേയമാക്കിയും, എംആർഐ എടുത്തുമൊക്കെയാണ് പഠനം നടത്തിയത്. 2015 മുതൽ 2018 വരെയായിരുന്നു പഠന കാലയളവ്.

25 വർഷത്തിലധികമായി ഗ്രീൻ ടീ, ഊലോംഗ് ടീ, ബ്ലാക്ക് ടീ എന്നിവയിലേതെങ്കിലും ഉപയോഗിക്കുന്നവരുടെ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെട്ട രീതിയിലാണെന്ന് പഠനം കണ്ടെത്തി. മുമ്പ് ഡിമൻഷ്യ ഉണ്ടാകുന്നത് ഒരു പരിധി വരെ തടയാൻ ചായയ്ക്കാകുമെന്നും പഠനങ്ങൾ ഉണ്ടായിരുന്നു.

You must be logged in to post a comment Login