കായല്‍ കയ്യേറ്റകേസ്‌: തോമസ് ചാണ്ടിയുടെ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍

കായല്‍ കയ്യേറ്റ കേസില്‍ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എസ്എ ബോബ്ഡെ , നാഗേശ്വര്‍ റാവു എന്നിരടങ്ങുന്ന പുതിയ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിക്കുക. കായല്‍ കൈയേറ്റ കേസിലെ ഹൈക്കോടതി വിധിയും ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിന്‍മേലുള്ള തുടര്‍നടപടികളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് തോമസ് ചാണ്ടി ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

തോമസ് ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കാന്‍ രൂപീകരിക്കപ്പെടുന്ന മൂന്നാമത്തെ ബെഞ്ചാണ് ജസ്റ്റിസ് ബോബ്ഡെ, നാഗേശ്വര്‍ റാവു എന്നിവരുടേത്. കേസ് കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് എം കാന്‍വീല്‍ക്കര്‍, അഭയ് മനോഹര്‍ സപ്രേ, കുര്യന്‍ ജോസഫ് എന്നിവര്‍ പിന്‍മാറിയതോടെയാണ് കേസ് ജസ്റ്റിസ് എസ്എ ബോബ്‌ഡേയുടെ ബെഞ്ചിലേക്ക് എത്തിയത്.ഹൈക്കോടതി വിധിയും പരാമര്‍ശവും ഭരണഘടനാപരമായി തെറ്റാണെന്നാകും തോമസ്ചാണ്ടിയുടെ അഭിഭാഷകന്‍ വാദിക്കുക. അതേ സമയം, ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചാണ്ടിയുടെ അഭിഭാഷകന്‍ കോടതിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഹര്‍ജി പരിഗണിക്കുന്നത് രണ്ട് ആഴ്ച നീട്ടി വയ്ക്കണമെന്നാണ് അഭിഭാഷന്റെ ആവശ്യം. അഭിഭാഷകന് വൈറല്‍ പനി ആണെന്ന് ചൂണ്ടികാട്ടിയാണ് കേസ് മാറ്റണമെന്ന ആവശ്യമുന്നയിച്ചിരിക്കുന്നത്.

You must be logged in to post a comment Login